മാളൂട്ടിയായി മലയാളി മനം കവര്‍ന്ന ശ്യാമിലി വീണ്ടുമെത്തുന്നു

0


നീളമുള്ള മുടി രണ്ട് വശവും മടക്കിക്കെട്ടി കണ്ണുകളില്‍ കുസൃതിയൊളുപ്പിച്ച് ചിരിക്കുന്ന മാളൂട്ടിയെ മലയാളികള്‍ ഒരിക്കലും മറക്കാന്‍ വഴിയില്ല. തൊണ്ണൂറുകളിലെ സിനിമകളില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്നു ബേബി ശ്യാമിലിയും ചേച്ചി ബേബി ശാലിനിയും. ഇവരുടെ പേര് മാത്രം മതിയായിരുന്നു ജനം തീയേറ്ററുകളിലേക്ക് ഇരച്ചുകയറുമായിരുന്നു. ഇവരുടെ ഹെയര്‍ സ്‌റ്റൈലുകള്‍ പോലും അന്നത്തെ കുട്ടികള്‍ അനുകരിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇരുവരും അഭിനയ മികവ് തെളിയിച്ചു. ശാലിനി നായികയായി വീണ്ടുമെത്തി കുടുംബജീവിതത്തിലേക്ക് മടങ്ങിപ്പോയി. കണ്ണുകളില്‍ അതേ കുസൃതി ഒളിപ്പിച്ച് മലയാളികളുടെ മനം കവരാന്‍ ശ്യാമിലി വീണ്ടുമെത്തുകയാണ്.

ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ശ്യാമിലിയുടെ തിരിച്ചുവരവ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിനുശേഷം, അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് 'വള്ളീം തെറ്റി പുള്ളീം തെറ്റി'.നവാഗതനായ ഋഷി ശിവകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആയിരത്തിത്തൊള്ളായിരത്തി അറുപതു മുതല്‍ തൊണ്ണൂറ്റിയേഴു വരെയുള്ള, കാലഘട്ടത്തിലൂടെ ഒരു ഗ്രാമത്തിന്റെ മാറ്റമാണ് ഈ ചിത്രം പറയുന്നത്.

ഒരു സി ക്ലാസ് തീയേറ്ററും പത്തുദിവസത്തെ ഉത്സവവും ഒരുപറ്റം യുവാക്കളുടെ സൗഹൃദവും പ്രണയവുമെല്ലാം സംഗീത പശ്ചാത്തലത്തിലൂടെ, രസകരമായി പ്രതിപാദിക്കുമ്പോള്‍, തിയേറ്റര്‍ ഓപ്പറേറ്റര്‍ വിനയനായി കുഞ്ചാക്കോ ബോബനും ഗ്രാമത്തിന്റെ പ്രണയിനി ശ്രീദേവിയായി ശ്യാമിലിയും എത്തുന്നു. പാലക്കാട്ടെ ഗ്രാമമായ കൊല്ലങ്കോട്ടും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.

ശ്യാലിനിയും ആദ്യമായി നായികയായെത്തിയത് കുഞ്ചാക്കോ ബോബനോടൊപ്പമായിരുന്നു. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച 'ഹരികൃഷ്ണന്‍സി'ലും ശ്യാമിലി ബാല താരമായിരുന്നു.മാളൂട്ടിയിലൂടെയാണ് മലയാളികളുടെ മനം കവര്‍ന്നതെങ്കില്‍ അഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ശ്യാമിലി തമിഴരുടെ മനം കവര്‍ന്നത്. മാളൂട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന പുരസ്‌കാരവും 'അഞ്ജലി' എന്ന സിനിമയില്‍ ദേശിയ അവാര്‍ഡും ശ്യാമിലിയെ തേടിയെത്തി. മലയാളത്തില്‍ 'ഹരികൃഷ്ണന്‍സ്' ആണ് ശ്യാമിലി അവസാനം അഭിനയിച്ച ചിത്രം.

രണ്ടാമത്തെ വയസ് മുതലാണ് ശ്യാമിലി അഭിനയിച്ച് തുടങ്ങിയത്. ആദ്യം കന്നട, മലയാളം എന്നീ ഭാഷകളിലാണ് അഭിനയിച്ച് തുടങ്ങിയത്. പിന്നീട് തമിഴിലും ശ്രദ്ധേയമായി. പിന്നീട് കുറച്ച് നാളത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണന്‍സില്‍ ചിത്രത്തില്‍ ശ്യാമിലി അഭിനയിച്ചത്.നായികയായി അഭിനയിച്ച ആദ്യചിത്രം തെലുഗിലെ സംവിധായകനായ അനന്ദ് രാഗ സംവിധാനം ചെയ്ത ചിത്രമാണ് . ഇതിലെ നായകന്‍ തെലുഗ് നടനായ സിദ്ധാര്‍ഥ് ആണ്.