പാട്ടും നൃത്തവും കഥകളുമായി പ്രവേശനോത്‌സവത്തിന് വര്‍ണാഭമായ തുടക്കം

പാട്ടും നൃത്തവും കഥകളുമായി പ്രവേശനോത്‌സവത്തിന് വര്‍ണാഭമായ തുടക്കം

Wednesday June 21, 2017,

1 min Read

അറിവിന്റെ ആദ്യാക്ഷരം തേടി പള്ളിക്കൂടത്തിന്റെ മുറ്റത്തെത്തിയ കരുന്നുകളെ പാട്ടും നൃത്തവും കഥകളുമായി വരവേറ്റു. സംസ്ഥാനതല പ്രവേശനോത്‌സവത്തിന് വേദിയായ തിരുവനന്തപുരം ഊരുട്ടമ്പലത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് ഞാവല്‍പ്പഴവും ബലൂണുകളും വര്‍ണത്തൊപ്പികളും സ്‌കൂള്‍ ബാഗും നല്‍കി കുട്ടികളെ സ്വീകരിച്ചത്. 

image


ക്ലാസ് മുറിയില്‍ ഇരുന്ന കുട്ടികള്‍ക്കു മുന്നില്‍ വിദ്യാഭ്യാഭ്യാസ മന്ത്രി ഒന്നാം ക്ലാസ് അദ്ധ്യാപകനായി. പൂച്ചയും ആനയും കുരങ്ങും മുയലും തുമ്പിയും മനുഷ്യനുമെല്ലാം കഥാപാത്രങ്ങളായ കഥ മന്ത്രി പറഞ്ഞുകൊടുത്തു. കാശിനോട് ആര്‍ത്തി കാട്ടുന്ന മനുഷ്യന്‍ ഒടുവില്‍ പ്രകൃതിയ്‌ക്കൊപ്പം ചേരുന്ന കഥയാണ് കുരുന്നുകള്‍ക്ക് മുന്നില്‍ മന്ത്രി അവതരിപ്പിച്ചത്. ആദ്യ സ്‌കൂള്‍ ദിനത്തിന്റെ അമ്പരപ്പിലായിരുന്ന കുട്ടികള്‍ക്ക് കഥ ഇഷ്ടപ്പെട്ടു. മന്ത്രിയുടെ കഥ പറച്ചിലിനൊപ്പം അവരും ചേര്‍ന്നു. അമ്മയെ കാണാതെ ചിണുങ്ങിയ കുഞ്ഞുങ്ങളുടെ അടുത്ത് ആശ്വാസ വാക്കുമായി മന്ത്രിയെത്തി. ചിലരെ ആശ്വസിപ്പിക്കാനായി ഒക്കത്തെടുത്തിരുത്തി. ഒന്നാം ക്ലാസുകാരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കമാണ് അധികൃതര്‍ ഊരുട്ടമ്പലം എല്‍. പി സ്‌കൂളില്‍ ഒരുക്കിയിരുന്നത്. സ്‌കൂള്‍ ഭിത്തിയില്‍ മനോഹരമായ ചിത്രങ്ങളും നിറങ്ങളും തീര്‍ത്ത് വിദ്യാര്‍ത്ഥി സൗഹൃദമാക്കിയിരുന്നു. മുയലിന്റെ തലയുള്ള മനോഹരമായ ബെഞ്ചുകളും കസേരകളുമാണ് പുതിയ വിദ്യാര്‍ത്ഥിളെ കാത്തിരുന്നത്. കവി മുരുകന്‍ കാട്ടാക്കട തയ്യാറാക്കിയ പ്രവേശനോത്‌സവ ഗാനത്തോടെയാണ് ഊരുട്ടമ്പലം യു. പി സ്‌കൂളിലെ വേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. സ്‌കൂളിലെ എല്‍. പി, യു. പി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഗാനത്തിന്റെ നൃത്താവിഷ്‌കാരവും നടത്തി. പുതിയതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ പതിച്ച രേഖ മന്ത്രി അധ്യാപകര്‍ക്ക് കൈമാറി.