നോട്ടുകൾ പിൻവലിച്ചതു സംബന്ധിച്ച് ധനമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന

നോട്ടുകൾ പിൻവലിച്ചതു സംബന്ധിച്ച് ധനമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന

Sunday November 13, 2016,

3 min Read

2016 നവംബർ 8 ലെ 2652 -ാം നമ്പർ ഗസറ്റ് വിജ്ഞാപനപ്രകാരം 500, 1000 രൂപ മൂല്യമുള്ള കറൻസികൾ 08/11/2016 അർദ്ധരാത്രി മുതൽ അസാധുവായി. ഈ നടപടി സ്വീകരിച്ചത് കള്ളപ്പണവും കള്ളനോട്ടും പുറത്തു കൊണ്ടുവരാനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ കള്ളനോട്ടു നിർമ്മാർജ്ജനം ചെയ്യാൻ ഈ നടപടി സഹായിക്കും. എന്നാൽ കള്ളപ്പണത്തിന്റെ കാര്യത്തിൽ ചെറിയൊരു അളവു മാത്രമേ ലക്ഷ്യം കൈവരിക്കാനാവൂ. കള്ളപ്പണത്തിന്റെ സിംഹഭാഗം വരുന്ന വിദേശത്തുള്ള കള്ളപ്പണവും ഭൂമി, സ്വർണ്ണം, തുടങ്ങിയവയിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണവും വലയിൽപ്പെടില്ല. ഈ ലക്ഷ്യങ്ങൾ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സമ്പദ്ഘടനയിൽ പ്രതികൂലപ്രത്യാഘാതങ്ങൾ സൃഷ്ടിക്കാതെയും നടപ്പിലാക്കാൻ കഴിയുമായിരുന്നുവെന്നുള്ളതാണ് കേരള സർക്കാരിന്റെ വിമർശനം.

image


ഇതിനുമുമ്പ് 1977 ൽ കറൻസി നോട്ടുകൾ അസാധുവാക്കിയ സാഹചര്യമല്ല ഇന്നുള്ളത്. കൂടുതൽ കൂടുതൽ സാധാരണക്കാർ 500 രൂപയുടെ കറൻസി നോട്ടുകൾ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. 1977 ലെ ഏതാണ്ട് 20 രൂപയുടെ മൂല്യം മാത്രമാണ് ഇപ്പോൾ 500 രൂപയ്ക്കുള്ളത്. ഇതുമൂലം ഇന്നു സ്വീകരിച്ചിരിക്കുന്ന നടപടി ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കും.

ജനങ്ങളോട് സംസ്ഥാനസർക്കാരിനുള്ള അഭ്യർത്ഥന ഇതാണ്: പരിഭ്രാന്തരാകുന്നതിൽ കാര്യമില്ല. ആരുടെയും പണം നഷ്ടപ്പെടുന്ന സാഹരചര്യം ഇല്ല. പുതിയ നോട്ടുകളായി അവ മാറ്റിയെടുക്കുന്നതിനുള്ള കുറച്ചു സമയമെടുക്കും എന്നേയുള്ളൂ.

ആർ.ബി.ഐ നൽകുന്ന ഉപദേശം ഇതാണ്:

1. അസാധുവായ 500, 1000 രൂപയുടെ കറൻസി നോട്ടുകൾ ബാങ്കുകളിലും പോസ്റ്റോഫീസുകളിലും കൊടുത്തു മാറാവുതാണ്. ഫോട്ടോ ഐ.ഡി പ്രൂഫ് ഹാജരാക്കണം. നവംബർ 11 അർദ്ധരാത്രി വരെ സർക്കാർ ആശുപത്രികൾ, പെട്രോൾ പമ്പുകൾ, സി.എൻ.ജി ഗ്യാസ് സ്റ്റേഷനുകൾ എിവിടങ്ങളിൽ 500, 1000 രൂപയുടെ പഴയ നോട്ടുകൾ സ്വീകരിക്കുതാണ്.

2.          നവംബർ 10 നും ഡിസംബർ 30 നും ഇടയിലുള്ള 50 ദിവസങ്ങളിൽ 500, 1000 രൂപയുടെ പഴയ നോട്ടുകൾ പോസ്റ്റോഫീസുകളിലോ ബാങ്കുകളിലോ കൈമാറാവുന്നതാണ്. കൂടാതെ അസാധുവായ കറൻസി നോട്ടുകൾ നിശ്ചിത പോസ്റ്റോഫീസുകളിലും ബാങ്കുകളിലും സമർപ്പിച്ച് പകരം താഴ്ന്ന ഡിനോമിനേഷനുള്ള കറൻസി നോട്ടുകൾ വാങ്ങാവുന്നതുമാണ്. ഇതിനായി പാൻ, ആധാർ കാർഡ്, വോട്ടർ ഐ.ഡി കാർഡ് എന്നിവ ഹാജരാക്കേണ്ടതാണ്. നവംബർ 10 മുതൽ 24 വരെ പ്രതിദിനം 4000 രൂപ വരെയായിരിക്കും ഇങ്ങനെ മാറിക്കിട്ടുക.

3.          കാർഡ്, ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ എന്നിവയ്ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല. എന്നാൽ എ.റ്റി.എം. ൽ നിന്നു പിൻവലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണമുണ്ടാകും. നവംബർ 19-ാം തീയതി വരെ പ്രതിദിനം എ.റ്റി.എം. ൽ നിന്നു പിൻവലിക്കാവുന്ന പരമാവധി തുക 2000 രൂപയായിരിക്കും. അതിനുശേഷം ഡിസംബർ 30 വരെ 4000 രൂപ പിൻവലിക്കാം. ബാങ്കിൽ നിന്നു ക്യാഷായി പിൻവലിക്കാവുന്ന തുകയുടെ പ്രതിദിന പരിധി 10,000 രൂപയും ആഴ്ചയിലെ പരിധി 20,000 രൂപയും ആയിരിക്കും. നവംബർ 24 നു ശേഷം ഈ നിയന്ത്രണം തുടരണമോ എന്നുള്ളത് റിവ്യൂ ചെയ്യും.

ചുരുക്കത്തിൽ ഡിസംബർ 30 വരെ ഇന്നു സ്വീകരിച്ചിരിക്കുന്ന നടപടിയുടെ പ്രയാസങ്ങൾ തുടരും. ഇതു പരമാവധി ലഘൂകരിക്കാനുള്ള സാദ്ധ്യമായ നടപടികൾ സംസ്ഥാനസർക്കാർ കൈക്കൊള്ളുന്നതാണ്.

സംസ്ഥാനസർക്കാർ ചുവടെ പറയുന്ന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്:

1)          അസാധുവാക്കിയ കറൻസി നോട്ടുകളുടെ സ്റ്റേറ്റ്‌മെന്റ് ബാങ്കിങ് നിയന്ത്രണ നിയമത്തിൻ‌കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ തയ്യാറാക്കേണ്ടതുണ്ട്. ഇതിനനുസരിച്ച് ട്രഷറിയിലുള്ള 500, 1000 രൂപ നോട്ടുകളുടെ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കാൻ സംസ്ഥാന ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകി.

2)          2016 നവംബർ 8 നുമുമ്പ് കളക്ട് ചെയ്ത പണം നവംബർ 10 നുമുമ്പ് ട്രഷറിയിൽ ഒടുക്കണം. ഇതിന് ആവശ്യമായ സംവിധാനങ്ങൾ എല്ലാ ട്രഷറിയിലും ഒരുക്കിയിട്ടുണ്ട്.

3)          വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പുകൾ അടുത്ത ആഴ്ചയിലേക്കു മാറ്റിവച്ചു. പുതിയ ടിക്കറ്റുകൾ ഏജന്റുമാർക്ക് വാങ്ങുതിനുള്ള പ്രയാസങ്ങൾ എങ്ങനെ മറികടക്കാമെന്നു പരിശോധിച്ചുവരികയാണ്.

4)         കെ.എസ്.എഫ്.ഇ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ചിട്ടിലേലങ്ങൾ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു.

5)          സർക്കാർസ്ഥാപനങ്ങളൊന്നും 500, 1000 രൂപയുടെ പഴയ നോട്ടുകൾ സ്വീകരിക്കുന്നതല്ല.

ബാങ്കിങ് റെഗുലേഷനിൽപ്പെടാത്ത സഹകരണമേഖലയിലുള്ള പണം ഏതു രൂപത്തിലാണു കൈകാര്യം ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് കൃത്യമായ ഒരു ധാരണയും ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ സഹകരണമേഖലയിൽ ഇത് ഉണ്ടാക്കുന്ന അരാജകത്വം വളരെ വലുതായിരിക്കും. സാധാരണക്കാരെ ഇതു വല്ലാതെ ബാധിക്കുകയും ചെയ്യും. ദൗർഭാഗ്യവശാൽ ട്രഷറിയുടെ നടത്തിപ്പു സംബന്ധിച്ചും കൃത്യമായ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണ്.

കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നതു തന്നെയാണ് സംസ്ഥാനസർക്കാരിന്റെ അഭിപ്രായം. എന്നാൽ ഇതിനായി ഇപ്പോൾ സ്വീകരിച്ച നടപടി കുറേക്കൂടി ചിട്ടയായും ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെയും നടപ്പാക്കാൻ കഴിയേണ്ടതായിരുന്നു. ഈ പ്രഖ്യാപനങ്ങളിൽ ഉടനീളം കണ്ട അതിനാടകീയത തികച്ചും അനാവശ്യമായിരുന്നു. ജനം അൽപ്പം പരിഭ്രാന്തിപ്പെട്ടാലും കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ വിലയാണ് ഇത് എന്നൊക്കെയുള്ള നാട്യങ്ങൾക്കൊന്നും വലിയ നിലനിൽപ്പില്ല.

പഴയ നോട്ടുകൾ റദ്ദാക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച സാവകാശം നൽകിയിരുന്നുവെങ്കിലും ഇതേ ലക്ഷ്യങ്ങൾ ഏതാണ്ട് കൈവരിക്കാൻ കഴിയുമായിരുന്നു. കള്ളനോട്ടുകൾ മുഴുവൻ പുറത്താകും. കള്ളപ്പണം നിയമാനുസൃതമാക്കാൻ നിർബന്ധിതമാകും. ഇതുവരെ വോളന്ററി ഡിസ്‌ക്ലോഷർ സ്‌കീമാണല്ലോ നടപ്പാക്കിക്കൊണ്ടിരുന്നത്. 500, 1000 രൂപ നോട്ടിന്റെ സ്രോതസ്സ് പരിശോധിച്ച് കള്ളപ്പണക്കാരെ പിടിക്കുകയും ചെയ്യാം. ഇതിനു തുനിയാതെ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടി ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമല്ല, സാമ്പത്തികതിരിച്ചടിയും ഉണ്ടാക്കും. പണത്തിന്റെ ലഭ്യത കുറയുന്നതും ഡിസംബർ 30 വരെ സാധാരണഗതിയിലുള്ള ക്രയവിക്രയം കുറയുന്നതും സാമ്പത്തികമാന്ദ്യത്തെ രൂക്ഷമാക്കും.

സംസ്ഥാനസർക്കാരിന് കേന്ദ്രനികുതിവിഹിതമായി ഈ ആഴ്ച നൽകേണ്ടിയിരുന്ന 453 കോടി രൂപ അസാധാരണമാംവിധം വെട്ടിക്കുറച്ചത് യാദൃച്ഛികമാകാൻ തരമില്ല. സംസ്ഥാനത്തിനു ലഭിക്കേണ്ടിയിരുന്ന 296 കോടി രൂപയുടെ റവന്യുക്കമ്മി ഗ്രാന്റും കേന്ദ്രം നൽകിയിട്ടില്ല. ഇത്തരത്തിൽ നിഷേധിക്കപ്പെട്ട 721 കോടി രൂപ സംസ്ഥാനട്രഷറിയുടെ പ്രവർത്തനങ്ങളെ കാര്യമായ തോതിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിഹാരം അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്രധനമന്ത്രാലയത്തെ സംസ്ഥാന സർക്കാർ സമീപിക്കുന്നതാണ്.