വൈകല്യത്തെ കാറ്റില്‍ പറത്തി ബിജു വര്‍ഗീസ്

0

വൈകല്യങ്ങള്‍ തളര്‍ത്തിയെറിഞ്ഞ മനസും ശരീരവുമായി വലിയൊരു ജനത മുന്നോട്ടുള്ള വഴിയറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ വൈകല്യങ്ങളെ തട്ടിയെറിഞ്ഞ് മുന്നേറുകയാണ് എരുമേലി മുക്കോട്ടുതറ സ്വദേശി ബിജു വര്‍ഗീസ് എന്ന മുപ്പത്തൊമ്പതുകാരന്‍. 1997ല്‍ ഉണ്ടായ വാഹനാപകടം അപഹരിച്ചത് ബിജുവിന്റെ ഇരു കാലുകളുടെയും ചലനശേഷിയെയായിരുന്നു. അപകടത്തെ അതിജീവിച്ച് മെല്ലെ ജീവിതത്തിലേക്ക് കടന്നപ്പോഴാണ് തന്റെ ഇനിയുള്ള ജീവിതം വീല്‍ചെയറിന്റെ ഇരുമ്പ് ചക്രങ്ങള്‍ക്കുള്ളില്‍ കറങ്ങിത്തിരിയാന്‍ പോകുകയാണെന്ന വസ്തുത ഇദ്ദേഹം തിരിച്ചറിഞ്ഞത്.

പാതി തളര്‍ന്ന ശരീരത്തില്‍ തളരാത്ത മനസുമായി ഇനി എന്ത് എന്നറിയാതെ ഇരുട്ടില്‍ത്തപ്പി നിന്നപ്പോഴാണ് തന്നെപ്പോലെ വൈകല്യങ്ങള്‍ നേരിടുന്നവര്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും തുടങ്ങണമെന്ന ആശയം മനസിലുദിച്ചത്. ബിജുവിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ അപകടം തനിക്കു നല്‍കിയത് പോസിറ്റീവ് എനര്‍ജിയാണ്. യാത്രാ പ്രേമിയായ ബിജു ആ രംഗത്തുതന്നെ എന്തെങ്കിലും സംഭാവന നല്‍കണമെന്നാഗ്രഹിച്ച് പ്രയത്‌നം തുടങ്ങി. വൈകല്യം ബാധിച്ചവര്‍ക്ക് സുഗമമായി കാറോടിക്കാന്‍ സഹായകരമായ ഉപകരണം എന്ന ആശയമായിരുന്നു മനസില്‍. അങ്ങനെയാണ് റെപ്രോന്‍സീവ് കിറ്റ് ഫോര്‍ ഫിസിക്കലി ചലഞ്ച്ഡ് പേഴ്‌സണ്‍സ് എന്ന ഉപകരണം ബിജു രൂപകല്‍പന ചെയ്‌തെടുത്തത്.

ഇലക്ട്രീഷ്യനായിരുന്ന ബിജുവിന് ആ രംഗത്തെ പ്രാവീണ്യവും ഉപകരണ നിര്‍മാണത്തിന് സഹായകമായി. കാല്‍ കൊണ്ട് വാഹനം നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ക്ക് കൈകൊണ്ട് തന്നെ ക്ലച്ചും ഗിയറുമെല്ലാം നിയന്ത്രിക്കാനാവുന്ന രീതിയിലാണ് സംവിധാനം നിര്‍മിച്ചിരിക്കുന്നത്. 10,000 മുതല്‍ 35,000 രൂപ വരെയാണ് ഇതിന്റെ നിര്‍മാണ ചെലവെന്ന് ബിജു പറയുന്നു. ഇതിനോടകം 650ല്‍പരം പേര്‍ക്കാണ് ഇദ്ദേഹം റെസ്‌പോണ്‍സീവ് കിറ്റ് ഫോര്‍ ഫിസിക്കലി ചലഞ്ച്ഡ് പേഴ്‌സണ്‍സ് നിര്‍മിച്ചു നല്‍കിയത്. ഇപ്പോഴും ആവശ്യക്കാര്‍ ധാരാളമെത്തുന്നുണ്ട്.

ആട്ടോമോട്ടീവ് റിസെര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പുരസ്‌കാരവും ബിജു കണ്ടുപിടിച്ച ഉപകരണത്തിന് ലഭിച്ചിട്ടുണ്ട്. 2007ലെ നാഷണല്‍ ഇന്നവേഷന്‍ പുരസ്‌കാരം, സമൂഹത്തിന് ഉത്തമ സന്ദേശം നല്‍കിയതിന് സി എന്‍ എന്‍ ഐ ബി എന്നിന്റെ ദേശീയ പുരസ്‌കാരം, കഴിഞ്ഞ വര്‍ഷം വികലാംഗദിനത്തില്‍ ലഭിച്ച ദേശീയ പുരസ്‌കാരം തുടങ്ങി അഞ്ച് ദേശീയ അവാര്‍ഡുകളും ഇദ്ദേഹം സ്വന്തമാക്കി. ഇദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പ്രചോദനമേകി ഭാര്യ ജൂബിയും മകന്‍ ജോര്‍ജ്ജ്കുട്ടിയും ഒപ്പമുണ്ട്. വൈകല്യങ്ങളെ പോസിറ്റീവായികണ്ട് അവയെ കഴിവുകള്‍കൊണ്ട് കീഴ്‌പ്പെടുത്തി മുന്നേറുക എന്നതാണ് ബിജു വര്‍ഗീസ് മറ്റുള്ളവര്‍ക്ക് നല്‍കുന്ന സന്ദേശം.