ശാസ്ത്രത്തിനു വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മേഖലകളിൽ ഗവേഷണം വേണം: സ്പീക്കർ  

0

ശാസ്ത്രത്തിന് ഇനിയും പൂർണ്ണമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത മേഖലകളിലെ ഗവേഷണപഠനങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സാഹിത്യകാരനും ചലച്ചിത്രകാരനും ഫോറൻസിക് ലാബ് മുൻ ഡയറക്ടറുമായ ഡോ. മുരളീകൃഷ്ണയുടെ ഓർമ്മയ്ക്കു സംഘടിപ്പിച്ച അഞ്ചാമത് സ്മൃതിസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനും മരണവും മനസും ഭാവനയും അതീന്ദ്രിയമെന്നു കരുതുന്ന പ്രതിഭാസങ്ങളുമൊക്കെ കൂടുതൽ ശാസ്ത്രീയപഠനത്തിനു വിധേയമാക്കേണ്ടതുണ്ട്. ശാസ്ത്രീയമായ അറിവിന്റെ അഭാവം അക്കാര്യങ്ങളെ അന്ധവിശ്വാസങ്ങളുടെ മേഖലകളാക്കും. മരണാനന്തരം ജീവിതമുണ്ടോ എന്നും അതീന്ദ്രിയതയുടെ പൊരുൾ എന്തെന്നും ഒക്കെ ശാസ്ത്രജ്ഞൻ എന്ന നിലയിൽ അന്വേഷണാത്മകതയോടെ വിശകലനം ചെയ്യാനും പഠിക്കാനും ശ്രമിച്ചയാളാണ് ഡോ. മുരളീകൃഷ്ണയെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

മുരളീകൃഷ്ണയെപ്പറ്റിയുള്ള സുഹൃത്തുക്കളുടെ സ്മരണകൾ സമാഹരിച്ച ‘അതീന്ദ്രിയശേഷികളുടെ മായാലോകം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും വൈ.എം.സി.എ. ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ നിർവ്വഹിച്ചു. പ്രൊഫ. ജി.എൻ. പണിക്കർ പുസ്തകം ഏറ്റുവാങ്ങി. ഫോറൻസിക് സയൻസും ശാസ്ത്രീയ കുറ്റാന്വേഷണവും സാധാരണക്കാർക്കു പരിചയപ്പെടുത്തുകയും അവ പ്രയോജനപ്പെടുത്തി ഒട്ടേറെ കേസന്വേഷണങ്ങൾ വിജയിപ്പിക്കുകയും ചെയ്ത ഡോ. മുരളീകൃഷ്ണ, കുറ്റാന്വേഷണത്തിൽ അധിഷ്ഠിതമായ‘കരിയിലക്കാറ്റുപോലെ’ എന്ന പദ്മരാജൻ ചിത്രത്തിന്റെ തിരക്കഥാരചനയിൽ വഹിച്ച പങ്ക് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മുൻസഹപ്രവർത്ത എ.ഡി.ജി.പി. ബി. സന്ധ്യ അനുസ്മരിച്ചു. എല്ലാത്തിലുമുപരി സൗഹൃദങ്ങൾക്കു വലിയ വിലകല്പിച്ച ആളായിരുന്നു അദ്ദേഹമെന്ന് ഉദാഹരണങ്ങളിലൂടെ അവർ വിവരിച്ചു.

യോഗത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ആയിരുന്ന ഹാസസാഹിത്യകാരൻ സുകുമാർ, ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കുംചേരി എന്നിവരും സലിൻ മങ്കുഴിയും അനുസ്മരണപ്രസംഗങ്ങൾ ചെയ്തു.ഡോ. മുരളീകൃഷ്ണയെപ്പറ്റി വിഷ്ണുനാരായണൻ നമ്പൂതിരി, സുകുമാർ, ജി.എൻ. പണിക്കർ, ജെയിംസ് വടക്കുംചേരി, ഇ. വാസു, ഹമീദ്, ജോഷി മംഗലത്ത്, എൻ.എം. മോഹൻ, ആർ. പ്രദീപ്, പത്നിയായ എസ്. ശാന്താദേവി, ബൈജു ഭാസ്ക്കർ തുടങ്ങിയവരുടെ ഓർമ്മകളുടെ സമാഹാരമാണ് ‘അതീന്ദ്രിയശേഷികളുടെ മായാലോകം’ എന്ന പുസ്തകം. ലേഖനങ്ങൾ സമാഹരിച്ച് പുസ്തകം രചിച്ചത് ബൈജു ഭാസ്കറാണ്.