വായുവില്‍ നിന്നും ജലം ഉണ്ടാക്കി വാര്‍ക്കാ വാട്ടര്‍

0

2012ല്‍, സ്വിസ് ഇറ്റാലിയന്‍ ആര്‍ക്കിടെക്ടുമാരും ആര്‍ക്കിടെക്ചര്‍ ആന്റ് വിഷന്റെ (എ.വി) സഹസ്ഥാപകരുമായ ആന്‍ഡ്രിയാസ് വോള്‍ഗറും ആര്‍തുറോ വിറ്റോരിയും എത്യോപ്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. വളരെ ഗ്രാമങ്ങളുള്ള ആ പ്രദേശത്ത് ജല ദൗര്‍ലഭ്യം ഒരു പ്രധാന പ്രശ്‌നമായിരുന്നു. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ആ പ്രദേശത്ത് ജലവും വൈദ്യുതിയും ഇല്ലാത്തതിനാല്‍ അവിടെ വ്യവസായങ്ങളൊന്നും തന്നെ സ്ഥാപിച്ചിരുന്നില്ലെന്ന് അവര്‍ മനസിലാക്കി.

അങ്ങനെ ഇരുവരും ചേര്‍ന്ന് വാര്‍ക്കവാട്ടര്‍ എന്ന ഐഡിയ തയ്യാറാക്കി. കുത്തനെ നിര്‍ത്തിയിരിക്കുന്ന ഒരു ജലകുംഭത്തിലൂടെ നേരിട്ട് അന്തരീക്ഷത്തില്‍ നിന്നും വെള്ളം ശേഖരിക്കാനുള്ള പദ്ധതിയാണിത്. 2013 ഡിസംബറില്‍ ആന്‍ഡ്രിയസ് വോള്‍ഗര്‍ എ.വിയില്‍ നിന്നും വിട്ടെങ്കിലും വാര്‍ക്കാ വാട്ടര്‍ വിട്ടോറിയുടെ നേതൃത്വത്തില്‍ അതിന്റെ ജൈത്രയാത്ര തുടര്‍ന്നു.

വാര്‍ക്കാ വാട്ടര്‍ തയ്യാറാക്കാന്‍ എ.വി സ്വീകരിച്ച ഫിലോസഫിയാണ് ഇതിനെ പ്രചോദനാത്മകമാക്കുന്നത്. സാങ്കേതികകത്വം, നാച്ചുറല്‍ ഈസ്തറ്റിക്‌സ്, പരിസ്ഥിതിപരമായ സ്വയംപര്യാപ്തത എന്നീ മൂന്ന് അടിസ്ഥാനതത്വങ്ങളിലാണ് വാര്‍ക്കാ വാട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും കാര്യക്ഷമമായ ഈ ജല ശേഖരണ സംവിധാനം തയ്യാറാക്കാന്‍ ബയോമിമെറ്റിക്‌സാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ന് എത്യോപ്യയില്‍ ഇവയാണ് വെള്ളം എത്തിക്കുന്നത്.

ബയഡീഗ്രേഡബിള്‍ വസ്തുക്കളും, മുളയും ബയോപ്ലാസ്റ്റിക്‌സും ഉപയോഗിച്ചാണ് വാര്‍ക്കാ വാട്ടര്‍ സ്ട്രക്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതിഉപയോഗിക്കാതെ ഗുരുത്വാകര്‍ഷണവും സാന്ദ്രീകരണവും വഴി മഴ, മഞ്ഞ് എന്നിവയില്‍ നിന്നും ഫലപ്രദമായ രീതിയില്‍ വെള്ളം ശേഖരിക്കുകയാണ് ചെയ്യുന്നത്.

പ്രകൃതിദത്തമായ അറിവുകള്‍ ഉപയോഗിച്ചാണ് വാര്‍ക്കാ വാട്ടര്‍ രൂപവത്കരിച്ചിരിക്കുന്നത്.മഞ്ഞ് ശേഖരിക്കാന്‍ കള്ളിമുള്‍ ചെടികളിലുള്ള സംവിധാനവും വാര്‍ക്കാ വാട്ടറിലുണ്ട്. അതോടൊപ്പം ചിറകുകളില്‍ വെള്ളം ശേഖരിക്കാനുള്ള മരുഭൂമിയിലുള്ള നമീബിയന്‍ ബീറ്റില്‍ എന്ന ചെറു വണ്ടിന്റെ മാതൃകയും വാര്‍ക്കാ വാട്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം ലോട്ടസ് ഇഫക്ടും വാര്‍ക്കാ വാട്ടര്‍ ഉപയോഗിക്കുന്നുണ്ട്. സ്വയം വൃത്തിയാക്കുന്നതിനായി താമരയില ഉഫയോഗിക്കുന്ന മാര്‍ഗമാണിത്.

എട്ടുകാലികളുടെ രഹസ്യവും വാര്‍ക്കാ വാട്ടര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവ നെയ്യുന്ന വലയ്ക്ക് അതിന്റെ ചുറ്റുപാടില്‍ നിന്നും വെള്ളം ശേഖരിക്കാനുള്ള കഴിവുണ്ട്. വാര്‍ക്കാ വാട്ടറിന് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യമൊരുക്കാന്‍ ഇവിടെയുളള ഫിക്കസ് വാസ്ത എന്ന ചെടിയും സഹായകമാകുന്നുണ്ട്.

എത്യോപ്യയിലെ ജലക്ഷാമം

എത്യോപ്യയിലെ 85.3 ശതമാനത്തോളം ജനങ്ങളും ഗ്രാമീണ മേഖലകളിലാണ് കഴിയുന്നത്. അതില്‍ വെറും 44 ശതമാനം പേര്‍ക്ക് മാത്രമേ വെള്ളത്തിനുള്ള സംവിധാനം ഉള്ളൂ. ശുദ്ധജലത്തിന്റെ ലഭ്യത ഏറെ കുറവാണ്. ശരാശരി എത്യോപ്യക്കാരന് പ്രതിദിനം 15 ലിറ്റര്‍ വെള്ളം

ആവശ്യമാണ്. വികസിത രാജ്യങ്ങളില്‍ ഇത് 300 ലിറ്ററിലും കൂടുതലാണ്. ഗ്രാമീണ മേഖലയില്‍ താമസിക്കുന്ന എല്ലാ എത്യോപ്യക്കാരനും പ്രതിദിനം 100 ലിറ്റര്‍ വെള്ളം എത്തിക്കണമെന്നതാണ് വാര്‍ക്കാ വാട്ടറിന്റെ ലക്ഷ്യം. വാര്‍ക്കാ വാട്ടര്‍ വലിയ രീതിയില്‍ വിജയമായി മാറിയാല്‍ അത് അവിടുത്തെ സമ്പദ്ഘടനയെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂമി കുഴിച്ച് സ്വാഭാവികമായ ചുറ്റുപാടുകളെ ബാധിക്കാത്ത രീതിയില്‍ ഉയരത്തിലുള്ള ജലസംഭരണികള്‍ പണിയുന്നതാണ് എ.വിയുടെ വലിയ വെല്ലുവിളികളില്‍ ഒന്ന്. നാല് മാസത്തോളം എടുത്താണ് ആദ്യത്തെ പ്രോട്ടോടൈപ്പ് ഡിസൈന്‍ ചെയ്‌തെടുത്തത്. 10 മീറ്റര്‍ ഉയരവും 60 കിലോഗ്രാം ഭാരവുമുള്ള വാര്‍ക്കാ വാട്ടര്‍ നാല് ദിവസം കൊണ്ട് ആര്‍ പേര്‍ ചേര്‍ന്ന് ഘടിപ്പിച്ചു. ഇതു വരെ ഇത്തരത്തിലുള്ള ഒന്‍പത് പ്രോടോടൈപ്പുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 2015ഓടെ പത്താമത്തെ പ്രൊടോടൈപ്പ് പരീക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതോടൊപ്പം വാട്ടര്‍ മാനേജ്‌മെന്റ് പ്രൊഗ്രാമുകളിലൂടെ എത്യോപ്യക്കാരെ ജലം സുരക്ഷിതമായി ശേഖരിക്കാനും അവയുടെ വിതരണവും പുനചാക്രീകരണവും മറ്റും അവര്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇന്റര്‍നെറ്റ് കണക്ഷനിലൂടെ ഗ്രാമീണരെ കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചും മികച്ച കൃഷിരീതികളെക്കുറിച്ചുമെല്ലാം അപ്ടുഡേറ്റാക്കുകയും ചെയ്യുന്നു.

വാര്‍ക്കാ വാട്ടറിന്റെ വിജയം വെറുമൊരു ടെക്‌നോളജിക്കല്‍ ഇന്നവേഷന്റെ കഥ മാത്രമല്ല, മറിച്ച് എല്ലാം സാധ്യമാണെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്.