വിനോദ സഞ്ചാരികള്‍ക്ക് നവ്യാനുഭവമായി വെള്ളാര്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്

0


വിനോദസഞ്ചാര രംഗത്ത് രാജ്യാന്തര തലത്തില്‍ ശ്രദ്ധാകേന്ദ്രമാകാനൊരുങ്ങി കോവളത്തെ വെള്ളാര്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് നാടിന് സമര്‍പ്പിച്ചു. കലാകാരന്‍മാരും സ്ഥാപനങ്ങളും നിര്‍മിക്കുന്ന പാരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമാണ് കേരള ടൂറിസത്തിന്റെയും കൂടുംബശ്രീ യൂണിറ്റുകളുടെയും സംയുക്ത സംരംഭമായ കരകൗശല ഗ്രാമത്തിന്റെ ലക്ഷ്യം. ഷഡ്ഭുജാകൃതിയിലുള്ള അഞ്ചുകടകളും 27 പുതിയ വില്‍പനശാലകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

കച്ചവടക്കാരുടേയും കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവരുടേയും സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സബ്‌സിഡി നല്‍കും. ന്യൂഡല്‍ഹിയിലെ ദില്ലി ഹാഥ് മാതൃകയില്‍ സ്വാഭാവിക പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ടാണ് പത്ത് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കരകൗശല ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. ആകര്‍ഷകമായ ലാന്‍ഡ്‌സ്‌കേപ്പിംഗിലൂടെയും ചെറിയതോതില്‍ പാറകള്‍ക്ക് രൂപഭേദം വരുത്തിയുമാണ് പ്രകൃതിയോടിണങ്ങിയ രീതിയില്‍ ഗ്രാമത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നു.

വാരാന്ത്യങ്ങള്‍ ആഘോഷിക്കാവുന്ന രീതിയിലുള്ള തനത് വിഭവങ്ങള്‍ ലഭിക്കുന്ന ഭക്ഷണശാലകളും വിനോദോപാധികളും ഗ്രാമത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഭക്ഷണശാലകള്‍ക്ക് സമീപം നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് അനുയോജ്യമായ ഓപ്പണ്‍ ഓഡിറ്റോറിയവും നിര്‍മിക്കുന്നുണ്ട്. അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ നടത്താവുന്ന തരത്തിലുള്ള 1500 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഗ്രാമത്തിലുണ്ട്.കേരളത്തിലെ തനത് കരകൗശല ഉല്‍പന്നങ്ങള്‍ക്ക് ആഗോളഖ്യാതി നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രാഫ്റ്റ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്.

കുടുംബശ്രീക്ക് സ്ഥിരമായ വിപണന സംവിധാനം ടൂറിസം വില്ലേജിലൂടെ സാധ്യമാണ്. വിനോദ സഞ്ചാരമേഖലയില്‍ വിപണനവും സൗഹൃദവും കോര്‍ത്തിണക്കിക്കൊണ്ടുപോകുവാന്‍ പദ്ധതിക്കു സാധിക്കും. പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും വില്ലേജ് സഹായിക്കുമെന്നും വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കോവളത്തിന്റെ സാമീപ്യം സഞ്ചാരികള്‍ക്കും പദ്ധതിക്കും കൂടുതല്‍ ഗുണകരമാകുമെന്നും അധികൃതര്‍ പറഞ്ഞു. വിദൂരസഞ്ചാരികള്‍ക്കു മാത്രമല്ല തിരുവനന്തപുരം നഗരവാസികള്‍ക്കും ഇഷ്ടവിനോദ കേന്ദ്രമായി വെള്ളാര്‍ മാറും.

കരകൌശല വിദഗ്ധര്‍ക്ക് കലാസൃഷ്ടികള്‍ നിര്‍മ്മിക്കുവാന്‍ സൌകര്യമുള്ള ആകര്‍ഷകമായ കുടിലുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. വാഴ, കുളവാഴ, തഴ, പനയോല തുടങ്ങിയവയുടെ നാരുകള്‍, മണ്ണ്, കളിമണ്ണ്, മുള, ഈറ്റ, കയര്‍, ചിരട്ട, തെങ്ങ്, തേങ്ങ, തടി, സങ്കരലോഹങ്ങള്‍ തുടങ്ങി വിവിധ അസംസ്‌കൃതവസ്തുക്കള്‍ കൊണ്ട് കലാരൂപങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഇവിടെ സൗകര്യങ്ങള്‍ ലഭ്യമാണ്. ഉത്പാദനത്തിന്റെ വിവിധ വശങ്ങള്‍ സഞ്ചാരികള്‍ക്കു മനസ്സിലാക്കുന്നതിനാവശ്യമായ ഘട്ടങ്ങള്‍ ഗ്രാമത്തിലുണ്ടായിരിക്കും.

ഉത്പാദനം പൂര്‍ണ്ണമായും ഇവിടെ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പൂര്‍ത്തിയായ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ലഭിയ്ക്കും. ഭക്ഷ്യവിഭവങ്ങളും മറ്റുത്പന്നങ്ങളും കുടുംബശ്രീയിലൂടെ ലഭ്യമാകുന്ന തരത്തിലാണ് ഗ്രാമം സജ്ജീകരിച്ചിട്ടുളളത്. ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ സ്റ്റാളുകളില്‍ ഇടംപിടിക്കും. നവീനമായ ഡിസൈനുകളില്‍ വിപണിക്കനുസൃതമായി ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ക്രാഫ്റ്റ് ഡിസൈന്‍ ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍, അത്യാധുനിക വിപണന കേന്ദ്രം, പരിശീലന കേന്ദ്രം എന്നിവയും വില്ലേജിന്റെ ഭാഗമായാരംഭിക്കും. സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണതാമസ സൗകര്യവും ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള സൗകര്യവുമുണ്ടായിരിക്കും.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, എന്‍ ജി ഒ, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും കേരളത്തിന്റെ തനതു കരകൗശല ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രാവീണ്യം നേടിയ വ്യക്തികള്‍ക്കും ഈ പദ്ധതിയില്‍ പങ്കാളിയാകാം. ഗ്രാമത്തിലേക്ക് വിദഗ്ദ്ധ കലാകാരന്മാരെ തിരഞ്ഞെടുക്കുന്നത് സുതാര്യമായ പ്രക്രിയയിലൂടെയാണ്. കരകൗശലരൂപങ്ങളുടെ പ്രവര്‍ത്തന മികവും പ്രസക്തിയും നിര്‍മ്മാണ വൈദഗ്ധ്യവുമാണ് മാനദണ്ഡങ്ങള്‍. ഉല്‍പ്പന്നങ്ങള്‍ക്ക് കേരള ടൂറിസത്തിന്റെ മികച്ച ബ്രാന്‍ഡ് പരിരക്ഷയും ലഭിക്കും. വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാനും വിപണനച്ചെലവ് കുറയ്ക്കാനും കരകൗശല വസ്തുക്കളുടെ വിപണന ജോലി ആയാസരഹിതമാക്കുവാനും പദ്ധതി സഹായിക്കും.