സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ഒരു സിമ്പോസിയം

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ഒരു സിമ്പോസിയം

Sunday April 24, 2016,

3 min Read


സ്ത്രികളെ അധികാരത്തില്‍ നിന്നും തീരുമാനങ്ങള്‍ കൈക്കൊളളാനുളള വേദികളില്‍ നിന്നും എപ്പോഴും അകറ്റിനിര്‍ത്തുകയാണ് സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും ചെയ്യുന്നതെന്ന് ''സ്ത്രീകളും പെണ്‍കുട്ടികളും സമൂഹത്തിലെ തുല്യപങ്കാളികള്‍'' എന്ന വിഷയത്തെകുറിച്ചുളള സിമ്പോസിയം അഭിപ്രായപ്പെട്ടു. പുരുഷാധിപത്യസമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ വേണ്ടി സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കണം. സ്ത്രീകളെ ബഹുമാനിക്കാനും തുല്യരായി കണക്കാക്കാനും ആണ്‍കുട്ടികള്‍ക്ക് കുടുംബങ്ങളില്‍ നിന്നും തന്നെ അറിവ് പകരണം. അത്തരം ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമെ സമൂഹത്തില്‍ സ്ത്രീപുരഷ സമത്വം സാധ്യമാകുയുളളൂ. പാര്‍ലമെന്റില്‍ വനിതാ സംവരണത്തിനു വേണ്ടി മുറവിളികൂട്ടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും കാര്യത്തിലേയ്ക്കടുക്കുമ്പോള്‍ വനിതകളെ മാറ്റിനിര്‍ത്തുകയാണ്. വനിതാസംവരണത്തിനുളള ചര്‍ച്ചകള്‍ പോലും പരാജയപ്പെടുത്തുന്ന അനുഭവമാണുണ്ടാകുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ അവകാശത്തെപ്പറ്റി അറിവു പകരുകയും തങ്ങള്‍ക്കെതിരെയുളള കടന്നുകയറ്റങ്ങളെ ചെറുക്കാനുളള മാനസികശേഷി അവരിലുണ്ടാക്കിയെടുക്കുകയാണ് വേണ്ടതെന്നും സിമ്പോസിയം അഭിപ്രായപ്പെട്ടു.

image


 ദാരിദ്ര്യം ഉള്‍പ്പെടെയുളള കാരണങ്ങളാല്‍ സമൂഹത്തിന്റെ അടിത്തട്ടില്‍പ്പെട്ടുപോയ കേരളത്തിലെ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നടപ്പാക്കുന്ന സ്‌പോര്‍ട്‌സ് ഫോര്‍ ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ തിരുവനന്തപുരം മേഖല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് സിമ്പോസിയം സംഘടിപ്പിച്ചത്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴിലുളള മൂത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷനും പ്രമുഖ എന്‍.ജി.ഒ. ആയ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും ചേര്‍ന്ന് ഹോട്ടല്‍ ഹില്‍ട്ടന്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. ശശിതരൂര്‍ എം.പി. മുഖ്യാതിഥിയായിരുന്നു. കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ: വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു.

 പെണ്‍കുട്ടികള്‍ക്ക് മാനസികവും ശാരീരകവുമായ ആരോഗ്യം നല്‍കി കൊണ്ട് അവരില്‍ ആത്മവിശ്വാസമുണ്ടാക്കുകയാണ് വേണ്ടതെന്ന് ഡോ. ശശിതരൂര്‍ എം.പി. പറഞ്ഞു. കായിക വിനോദങ്ങള്‍ അഭ്യസിക്കാനുളള അവസരങ്ങള്‍ ധാരാളമായി പെണ്‍കുട്ടികള്‍ക്ക് നല്‍കണമെന്നും അവരെ ശാരീരികമായും മാനസികമായും കരുത്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ്, മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷന്‍ റീജണല്‍ ഡയറക്ടര്‍ നടാഷ രാമരത്‌നം, ഡോ. പ്രശാന്ത്കുമാര്‍ നെല്ലിക്കല്‍ പ്രസംഗിച്ചു. സിമ്പോസിയത്തില്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍ മോഡറേറ്ററായിരുന്നു. സ്ത്രീകളോടുളള പുരുഷന്റെ മനോഭാവം മാറുന്നതിനൊപ്പം തന്നെ വനിതാ ശാക്തീകരണത്തിലൂടെ മാറ്റങ്ങള്‍ ഉണ്ടാക്കാനായി വനിതകള്‍ സ്വയം ശ്രമിക്കേണ്ടതുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. വനിതകളുടെ വിദ്യാഭ്യാസപുരോഗതിയാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുളള വിപ്ലകരമായ മാറ്റങ്ങളില്‍ ഒന്ന്. ഒരുപാട് മാറ്റങ്ങളുണ്ടാക്കിയെങ്കിലും സമൂഹത്തിന്റെ സജീവ സാന്നിധ്യത്തില്‍ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്താനുളള ശ്രമങ്ങള്‍ തുടരുകയാണ്. 

image


കുടുംബശ്രീയുടെ രൂപീകരണം വനിതാ ശാക്തീകരണത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും പെണ്‍കുട്ടികളും നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലി പ്രശ്‌നങ്ങളിലൊന്ന് അവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന് പ്രൊഫ. സുന്ദരി രവീന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കാന്‍ പെണ്‍കുട്ടികളെ പലപ്പോഴും അനുവദിക്കുന്നില്ല. ഇത് അവരുടെ മാനസികമായ ആരോഗ്യത്തെ ബാധിക്കുന്നു. കേരളത്തില്‍ പുരുഷന്മാരേക്കാള്‍ ആയൂര്‍ ദൈര്‍ഘ്യം സ്ത്രീകള്‍ക്കാണെങ്കിലും അവര്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളുമായാണ് ജീവിക്കുന്നത്. ലിംഗപരമായ വിവേചനമാണ് ശാരീരികവും മാനസികവുമായ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം കായികപ്രവര്‍ത്തനങ്ങളില്‍ നിന്നുപോലും പെണ്‍കുട്ടികള്‍ നിയന്ത്രിക്കപ്പെ3ടുകയാണെന്നും അവര്‍ പറഞ്ഞു.

 അധികാരസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകള്‍ എല്ലായ്‌പ്പോഴും മാറ്റിനിര്‍ത്തപ്പെടുകയാണെന്ന് ഏലിയാമ്മ വിജയന്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷത്തിലേറേയായി ലിംഗ സമത്വത്തെ കുറിച്ച് നമ്മള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും സ്ത്രീകളോടുളള വിവേചനം പ്രകടമാണ്. എല്ലാ പാര്‍ട്ടികളും കൂടി വെറും 34 ല്‍ താഴെ വനിതകളെ മാത്രമാണ് സ്ഥാനാര്‍ത്ഥികളാക്കിയിട്ടുളളത്. അതില്‍ തന്നെ വിജയ സാധ്യതയുളള സീറ്റുകള്‍ എത്രയെന്നത് പ്രശ്‌നമാണ്. 33 ശതമാനം വനിത സംവരണത്തെ കുറിച്ച് രാഷ്ട്രീയ കക്ഷികള്‍ ഉറക്കെ പറയും. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ വനിതകള്‍ പുറന്തള്ളപ്പെടും ഇതാണ് പൊതുവായ സ്ഥിതിയെന്നും ഏലിയാമ്മ വിജയന്‍ പറഞ്ഞു. ഭരണതലത്തില്‍ നിന്നും തീരുമാനങ്ങള്‍ എടുക്കുവാനുളള വേദികളില്‍ നിന്നും സ്ത്രീകള്‍ പുറന്തളളപ്പെടുകയാണ്. രാജ്യത്തെ സാധാരണ സ്ത്രീകളുടെ അവസ്ഥ എത്രയോ പരിതാപകരമാണ്. കേരളത്തില്‍ 40 ശതമാനം സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തിന് ഇരയായി കൊണ്ടിരിക്കുന്നു എന്നതാണ് കണക്ക്. തൊഴില്‍ മേഖലകളിലും പീഡനങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുളള പീഡനങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പീഡനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നു. 

കുടുംബശ്രീ പോലുളള പദ്ധതികള്‍ വനിതാ ശാക്തീകരണത്തിന് കാരണമായിട്ടുണ്ടെങ്കിലും ഈ പദ്ധതിയ്ക്ക് കീഴില്‍ അഞ്ച് വര്‍ഷത്തിലധികം സ്ത്രീകള്‍ നടത്തികൊണ്ടു വരുന്ന എത്ര സംരംഭങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നത് പഠിക്കേണ്ട വിഷയമാണ്. കുടുംബശ്രീ പദ്ധതികളില്‍ നിന്നും സ്ത്രീകള്‍ക്ക് ലഭിക്കുന്ന വരുമാനം പലപ്പോഴും വളരെ തുച്ഛമാണ്. കുട്ടികള്‍ക്കെതിരെയുളള ലൈംഗിക ആക്രമണവും കേരളത്തില്‍ പെരുകി വരികയാണെന്ന് ഏലിയാമ്മ വിജയന്‍ പറഞ്ഞു. കുടുംബങ്ങളില്‍ നിന്നും തന്നെ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും പരസ്പരം ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് പ്രീതി ജോണ്‍ മുത്തൂറ്റ് പറഞ്ഞു. സ്ത്രീകളും കുട്ടികളും സമൂഹത്തില്‍ തുല്യ പങ്കാളികളായാല്‍ മാത്രമേ ലോകത്ത് പുരോഗതിയുണ്ടാകുകയുളളൂ. സ്ത്രീകള്‍ കരുത്താര്‍ജിക്കുന്നതിലൂടെ മാത്രമെ രാജ്യം വികസിക്കുകയുളളൂ. പെണ്‍കുട്ടികളെ അവരുടെ അവകാശങ്ങളെ പറ്റി ബോധവതികളാക്കേണ്ടതുണ്ടെന്നും പ്രീതി ജോണ്‍ മുത്തൂറ്റ് പറഞ്ഞു. ചടങ്ങില്‍ ഡോ. നരേന്ദ്രകുമാര്‍ ഡുന്‍ഡു നന്ദി പറഞ്ഞു.

    Share on
    close