ഫോട്ടോഗ്രാഫര്‍മാരെ ഒറ്റസ്‌നാപ്പിലൊതുക്കി മുഖ്യമന്ത്രി

0

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത് നൂറുകണക്കിന് ക്യാമറകളുമായി വളഞ്ഞ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രം ക്ലിക്ക് ചെയ്തുകൊണ്ട്. സംസ്ഥാനമുടനീളമുള്ള ഫോട്ടോഗ്രാഫി സംഘടനകളുടെ പ്രതിനിധികളുടെയും മാധ്യമഫോട്ടോഗ്രാഫര്‍മാരുടെയും അവാര്‍ഡ് ജേതാക്കളുടെയും ക്യാമറകള്‍ക്ക് നടുവില്‍നിന്ന് ക്യാമറ ക്ലിക്കിലൂടെ അവരെ ഒരു സ്‌നാപ്പിലൊതുക്കുകയായിരുന്നു മുഖ്യമന്ത്രി. 

സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങിലാണ് ക്യാമറക്ലിക്കിനുശേഷം അദ്ദേഹം അവാര്‍ഡുകള്‍ വിതരണം ചെയ്തത്. പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല സ്വദേശി വിനോദ് കണ്ണിമോളത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് മേരിക്കുന്ന് വലിയപൂനംപറമ്പില്‍ പൗര്‍ണ്ണമിയില്‍ അനൂപ് എന്‍.എം രണ്ടാം സമ്മാനവും മൂവാറ്റുപുഴ ഈസ്റ്റ് മാറാടി വാഴയില്‍ പുത്തന്‍പുരയില്‍ സന്ദീപ് മാറാടി മൂന്നാം സമ്മാനവും ഏറ്റുവാങ്ങി. ഒന്നാം സമ്മാനമായി 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാനമായി 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും മൂന്നാം സമ്മാനമായി 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ജേതാക്കള്‍ക്ക് സമ്മാനിച്ചു. കൂടാതെ, പത്ത് പേര്‍ക്ക് 2,500 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പ്രോത്സാഹന സമ്മാനവും നല്‍കി. അവാര്‍ഡ് ലഭിച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ചടങ്ങിനോടനുബന്ധിച്ച് ദര്‍ബാര്‍ ഹാളില്‍ ഒരുക്കിയിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജനെയാണ് അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഇത്തവണ ആദരിച്ചത്. ശാരികാസ്വാസ്ഥ്യങ്ങള്‍ കാരണം സ്ഥലത്തെത്താന്‍ കഴിയാതിരുന്നതിനാല്‍ മാങ്ങാട് രത്‌നാകരന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാനും പ്രശസ്ത ഛായാഗ്രാഹകനുമായ അഴകപ്പന്‍ സന്നിഹിതനായിരുന്നു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി സ്വാഗതവും ഡയറക്ടര്‍ ഡോ.കെ. അമ്പാടി നന്ദിയും പറഞ്ഞു. പ്രമുഖ ഛായാഗ്രാഹകന്‍ അഴകപ്പന്‍ ചെയര്‍മാനും പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍ സീമ സുരേഷ്, മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി. മുസ്തഫ എന്നിവര്‍ അംഗങ്ങളും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ ആര്‍. സന്തോഷ് മെമ്പര്‍ സെക്രട്ടറിയുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.