എം എം ഹസന് കെ പി സി സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല

0

എം എം ഹസന് കെ പി സി സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കാന്‍ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറി. എ ഐ സി സി ജനറസ് സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. ഇതോടെ സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് ഇനിയും വൈകുമെന്ന് ഉറപ്പായി. സുധീരന്റെ രാജിവച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് താല്‍ക്കാലിക പ്രസിഡന്റിന്റെ നിയമനം. യുഎസില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയതിനു പിന്നാലെയാണ് തീരുമാനം. എ ഗ്രൂപ്പ് നേതാവായ എം.എം ഹസന് ചുമതല കൈമാറിയത് എ ഗ്രൂപ്പിന്റെയും, ഉമ്മന്‍ചാണ്ടിയുടെയും വിജയമാണ്. പ്രസിഡന്റായി എം.എം ഹസ്സനെ നിയമിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യം മുന്നോട്ട് വച്ചിരുന്നു. പ്രതിപക്ഷ നേതൃത്ഥാനം ഐ ഗ്രൂപ്പിനായതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാനാവില്ലെന്ന കര്‍ശന നിലപാടായിരുന്നു എ ഗ്രൂപ്പിന്. ഒരു ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയെ കണ്ട് ഇക്കാര്യത്തില്‍ യോജിച്ചുള്ള നിര്‍ദ്ദേശം ഹൈക്കമാന്റിന് മുന്നില്‍ വയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കമാന്റില്‍ നിന്ന് നിര്‍ദ്ദേശം വരട്ടെയെന്ന നിലപാടായിരുന്നു ചെന്നിത്തലയ്ക്ക്. ഇരു ഗ്രൂപ്പുകളും ഒറ്റക്കെട്ടായി ഒരു പേര് നിര്‍ദ്ദേശിക്കാത്തതും, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും താല്‍ക്കാലിക പ്രസിഡന്റിനെ നിശ്ചയിക്കാന്‍ കാരണമായി.

വിഭാഗീയതകള്‍ക്കതീതമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്ന് എം.എം. ഹസന്‍ പ്രതികരിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം കുറവു വരുത്താതെ നിര്‍വഹിക്കും. പാര്‍ട്ടി നേതാക്കള്‍ ഒറ്റക്കെട്ടായി തന്റെ പേര് നിര്‍ദേശിക്കുക യായിരുന്നു. ഇന്ന് തന്നെ ചുമതല ഏറ്റെടുക്കും. പാര്‍ട്ടിയുടെ ഐക്യമാണ് കാലം ആവ ശ്യപ്പെടുന്നതെന്നും ഹസന്‍ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ഹസന്റെയും വി.ഡി. സതീശന്റെയും പേരുകളായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. പദവി ഏറ്റെടുക്കാ ന്‍ തയാറാണെന്ന് ഹസന്‍ നേരത്തെ അറിയിച്ചിരുന്നു. പദവി ഏറ്റെടുക്കാന്‍ തയാറല്ലെ ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി വ്യക്തമാ ക്കുകയും ചെയ്തിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പിനു മുമ്പായി പുതിയ കെ.പി.സി. സി പ്രസിഡന്റ് സ്ഥാനമേല്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറി യിച്ചിരുന്നു.

തിരുവനന്തപുരം ജില്ലക്കാരനായ എം.എം ഹസന്‍ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ ത്തിലെത്തിയത്. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും, സെനറ്റ് അംഗവുമാ യിരുന്നിട്ടുണ്ട്. 1980 ല്‍ കഴക്കൂട്ടത്ത് നിന്നാണ് അദ്ദേഹം നിയമസഭയില്‍ എത്തുന്നത്. തുടര്‍ന്ന് 1982 ലും കഴക്കൂട്ടത്തെ പ്രതിനിധീകരിച്ചു. 1987 ലും 1991 ലും തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് നിയമസഭയില്‍ എത്തിയ ഹസന്‍ 2001 ല്‍ കായംകുളത്തെ പ്രതിനിധീക രിച്ച് സഭയില്‍ എത്തി. 2001-04ലെ എ.കെ ആന്റണി മന്ത്രിസയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു. ഈ മാസം 10 നാണ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷ പദവി ഒഴിഞ്ഞത്.