പ്രതീക്ഷയായി സ്‌ലംസ് ക്രിക്കറ്റ് ലീഗ്

പ്രതീക്ഷയായി സ്‌ലംസ് ക്രിക്കറ്റ് ലീഗ്

Wednesday November 18, 2015,

3 min Read

ഇന്ത്യ ഇരു കൈകളും നീട്ടി ഏറ്റുവാങ്ങിയ കായിക വിനോദമാണ് ക്രിക്കറ്റ്. നമ്മുടെ അക്കാദമികളിലും സ്‌കൂളുകളിലും പാടങ്ങളിലും മാത്രമല്ല ഗ്രൗണ്ടിനുള്ളില്‍ നടക്കുന്നതില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച വിനോദവും ക്രിക്കറ്റ് തന്നെയാണ്. ഇടത്തരം കുടുംബങ്ങളിലെയും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലേയും കുട്ടികള്‍ക്ക് ഇന്നത്തെ സാഹചര്യങ്ങളില്‍ സ്വന്തമായി ക്രിക്കറ്റ് കിറ്റ് വാങ്ങുകയെന്നത് പ്രയാസകരമല്ല. എന്നാല്‍ ഇതൊന്നും സ്വപ്‌നം കാണാന്‍ പോലുമാകാത്ത ഒരു വലിയ വിഭാഗം കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. ഇത്തരം ഒരു വിഭാഗത്തെ കണ്ടെത്തി അവരെ ക്രിക്കറ്റിന്റെ മാന്ത്രിക മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സ്‌ലംസ് ക്രിക്കറ്റ് ലീഗ്. എന്‍ ജി ഒയായ സി എഫ് സി ടിയും അതിന്റെ പ്രസിഡന്റായ ആര്‍ കെ പുന്ദിറുമാണ് ഈ ആശയത്തിന് പിന്നില്‍

image


ക്രിക്കറ്റ് കിറ്റ്, ട്രയിനിംഗ് ഗ്രൗണ്ട്, പ്രൊഫഷണല്‍ കോച്ചിംഗ് എന്നിവയെല്ലാം ഗ്രാമങ്ങളിലും ചേരികളിലും ചെറിയ ടൗണുകളിലുമുള്ള കുട്ടികള്‍ക്ക് സ്വന്തമാക്കാനാകുന്നതല്ല. ഇവര്‍ മിക്കപ്പോഴും റബ്ബര്‍ ബോളുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബോളുകളും സ്റ്റമ്പുകള്‍ക്ക് പകരം ചുടുകല്ലുകളുമെല്ലാമാണ് കളിക്കാനുപയോഗിക്കുന്നത്. ക്രിക്കറ്റ് അവര്‍ക്ക് ഒരു വിനോദമാണ്. എന്നാല്‍ മറ്റുള്ളവരെ പോലെ കളിക്കാം എന്നത് ഇവര്‍ക്ക് സ്വപ്‌നം മാത്രമാണ്. ഭാഗ്യത്തിന്റെ വിനോദമായാണ് ക്രിക്കറ്റിനെ കാണുന്നത്. എന്നാല്‍ ഡല്‍ഹിയിലെ ചേരികളുടെ സ്ഥിതി മാറുകയാണ്. സ്്‌ലംസ് ക്രിക്കറ്റ് ലീഗ് എന്ന ആശയം ഇവിടത്തെ കുട്ടികളെ പ്രൊഫഷണല്‍ രീതിയില്‍ ക്രിക്കറ്റ് കളിക്കുന്നതിനും കുട്ടികളുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരുന്നതിനും സഹായിക്കുന്നു.

സി എഫ് സി ടി നിര്‍ധനരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും കുഷ്ഠ രോഗികള്‍ക്കും അനാഥര്‍ക്കും ചേരിയിലെ സ്‌കൂളുകള്‍ക്കും കമ്പ്യൂട്ടര്‍ ട്രയിനിംഗ് സെന്ററുകള്‍ക്കും സാമൂഹ്യ വികസന പരിപാടികള്‍ക്കുമെല്ലാം സഹായം ചെയ്യുന്ന സ്ഥാപനമാണ്.

image


ഇടയ്ക്ക് ചേരിയില്‍ പ്രവര്‍ത്തിക്കേണ്ടി വന്നപ്പോഴാണ് ഇവിടത്തെ കുട്ടികളുമായി പുന്ദിറിന് അടുത്തിടപഴകേണ്ടി വന്നത്. ഓരോ കുട്ടികളും അസാധ്യ കഴിവുള്ളവരാണെന്ന് തിരിച്ചറിഞ്ഞ പുന്ദിര്‍ അവരെ കായികരംഗത്ത് പിന്തുണക്കണമെന്നുറപ്പിച്ചു.

പുന്ദിര്‍, അദ്ദേഹത്തിന്റെ മകന്‍ രാജേഷ് പുന്ദിറുമായും സഹപ്രവര്‍ത്തകരമായും തന്റെ ആശയം പങ്കുവച്ചു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അമ്പയറും പുന്ദിറിന്റെ സുഹൃത്തുമായ എം പി നരംഗ് പുന്ദിറിനെ സഹായിക്കാമെന്നേറ്റു. ഇതില്‍് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം കുട്ടികള്‍ക്ക് സൗജന്യമായി ക്രിക്കറ്റ് കിറ്റ് നല്‍കാമെന്നതായിരുന്നു. എന്നാല്‍ ഇതുകൊണ്ട് മാത്രം വലിയ പ്രയോജനമൊന്നുമുണ്ടാകില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍തന്നെ കുട്ടികള്‍ക്കായി ഒരു ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഇത് കുട്ടികള്‍ക്ക് ക്രിക്കറ്റ് കുറച്ചുകൂടി പ്രൊഫഷലായി കാണാും അവരുടെ കഴിവുകളും താല്‍പര്യവുമെല്ലാം പുറത്തുകൊണ്ടുവരാനും ശരിയായ രീതിയില്‍ സാധിക്കുമെന്ന് അവര്‍ക്ക് നിശ്ചയമായിരുന്നു. അതില്‍നിന്നാണ് സ്്‌ലം ക്രിക്കറ്റ് ലീഗ് എന്ന ആശയം ഉടലെടുത്തത് രാജേഷ് പറയുന്നു.

image


സൗത്ത് ഡല്‍ഹിയിലാണ് തങ്ങള്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. അവിടത്തെ കുട്ടികളുടെ രക്ഷിതാക്കളുമായി തങ്ങളുടെ ആശയം പങ്കുവച്ചു. അവര്‍ തങ്ങളുടെ തീരുമാനത്തെ പിന്തുണക്കുകയും ഓരോരുത്തരും കുട്ടികളെ അയക്കാനും തുടങ്ങി. അധികം വൈകാതെ തന്നെ ഡല്‍ഹിയിലെ പത്ത് ചേരികളില്‍നിന്ന് 120 കുട്ടികളെ തങ്ങള്‍ക്ക് ലഭിച്ചു. ഈ വര്‍ഷം ഒക്ടോബറില്‍ ആദ്യ സ്്‌ലം ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. യതാര്‍ത്ഥ ക്രിക്കറ്റ് താരങ്ങളെപ്പോലെ ഹെല്‍മറ്റും ഗ്ലൗസുകളും പാഡുകളും ജഴ്‌സിയുമണിഞ്ഞാണ് ഓരോ കുട്ടികളും കളിക്കളത്തിലിറങ്ങിയത്. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമായിരുന്നു അതെന്ന് രാജേഷ് പറയുന്നു.

14 വയസില്‍ താഴെയുള്ള കുട്ടികളാണ് ലീഗില്‍ പങ്കെടുത്തത്. തദ്ദേശീയര്‍ക്കിടയില്‍ വലിയ പ്രചാരം നേടാന്‍ ക്രിക്കറ്റ് ലീഗിനായി. ഫൈനല്‍ മല്‍സരത്തില്‍ മിക്കി മൗസ് ഇലവന്‍, മൗഗ്ലി ഇലവനെ പരാജയപ്പെടുത്തി. വിജയിച്ച കുട്ടികള്‍ക്ക് ട്രോഫിയും മറ്റ് നിരവധി സമ്മാനങ്ങളും ലഭിച്ചു. മാത്രമല്ല യതാര്‍ത്ഥ ക്രിക്കറ്റ് മത്സരത്തിലുള്ളതുപോലെ മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ്, ബെസ്റ്റ് ബാറ്റ്‌സ് മാന്‍, ബെസ്റ്റ് ബൗളര്‍ എന്നീ അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിരുന്നു.

ഡിസംബര്‍ മാസത്തില്‍ വീണ്ടുമൊരു മത്സരം സംഘടിപ്പിക്കാനാണ് പരിപാടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ എം പി നരംഗ് ആലോചിക്കുന്നത്. മാത്രമല്ല സെന്‍ട്രല്‍, ഈസ്‌റ്റേണ്‍, വെസ്‌റ്റേണ്‍ എന്നിങ്ങനെ ഓരോ മേഖലകളിലും മല്‍സരം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ശേഷം എല്ലാ ചേരികളില്‍നിന്നുമുള്ളവരെ ഉള്‍പ്പെടുത്തി ഗ്രാന്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും ആലോചിക്കുന്നഉണ്ട്. സ്‌പോണ്‍സര്‍മാരില്‍നിന്നും പാര്‍ട്ണര്‍മാരില്‍നിന്നും സംഭാവനകള്‍ ഉള്‍പ്പെടുത്തി ഇന്റര്‍ സ്‌റ്റേറ്റ് ടൂര്‍ണമെന്റും നാഷണല്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

image


ചേരികളിലെ കുട്ടികളെ ഇത്തരം കായിക വിനോദങ്ങളിലേക്ക് തിരിച്ച് വിടുന്നത് അവരുടെ ജീവിതത്തില്‍ ഏറെ പ്രയോജനപ്പെടുമെന്ന് രാജേഷ് പറയുന്നു. മാത്രമല്ല ചേരികളിലെ കുട്ടികള്‍ മിക്കപ്പോഴും മദ്യത്തിനും മയക്കുമരുന്നിനുമെല്ലാം അടിമപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനും ക്രിക്കറ്റിലൂടെ സാധിക്കും. ചെറിയ പ്രായത്തില്‍തന്നെ കുട്ടികള്‍ക്ക് മതിയായ ആത്മവിശ്വാസം ലഭിക്കാത്തതും രാജ്യത്ത് നിലനില്‍ക്കുന്ന അസമത്വവുമാണ് ചേരിയിലെ കുട്ടികളെ മയക്കുമരുന്നിന് അടിപ്പെടുത്തുന്നത് എന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്.

ബാലവേലയും മനുഷ്യക്കടത്തും ഒഴിവാക്കാനും ഇത്തരം കായിക വിനോദത്തിലേക്ക് കുട്ടികളെ വഴിതിരിച്ച് വിടുന്നത് സഹായിക്കും. കുട്ടികളെ ലക്ഷ്യബോധത്തിലേക്ക് നയിക്കാനംു ഇതുപകരിക്കും. സി എഫ് സി ടി ഒരു സ്്‌ലം ക്രിക്കറ്റ് അക്കാദമിയും നടത്തുന്നുണ്ട്. സ്്‌ലം ക്രിക്കറ്റ് ലീഗില്‍ മികച്ച പ്കരടനം കാഴ്ചവെച്ച കുട്ടികക്ക് ഇവിടെ സൗജന്യ പരിശീലനം നല്‍കും. ഇത് ക്രിക്കറ്റിലേക്ക് ഒരു കരിയര്‍ തിരഞ്ഞെടുക്കാന്‍ അവരെ സഹായിക്കും. ദേശീയ അന്തര്‍ദേശീയ തലത്തിലെ ക്രിക്കറ്റ് മത്സരം മുന്‍കൂട്ടി കാണുകയാണ് കുട്ടികള്‍.