തമിഴ്‌നാട്ടിന് സഹായഹസ്തവുമായി പ്രിയ താരങ്ങള്‍

0

ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായവുമായി ചലച്ചിത്ര താരങ്ങള്‍ രംഗത്ത്. നടി മഞ്ജു വാരിയരും മമ്മൂട്ടിയുമാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നിരിക്കുന്നത്. മഞ്ജു പണമാണ് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ സുരക്ഷിതമായ താമസ സ്ഥലമാണ് മമ്മൂട്ടിയുടെ വാഗ്ദാനം.

വെള്ളപ്പൊക്കത്തിന്റെ ദുരിതഫലം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതിനായി ചെന്നൈ നടികര്‍ സംഘം പ്രസിസന്റിന് ഒരു ലക്ഷം രൂപ മഞ്ജു കൈമാറി. നടികര്‍ സംഘം വഴി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ചലച്ചിത്ര പ്രവര്‍ത്തകരുടെ സഹായം ദുരിത ബാധിതകര്‍ക്ക് എത്തുകയാണ്. സംസ്ഥാനത്തു നിന്ന് ആദ്യം സഹായവുമായി എത്തിയത് മഞ്ജു വാരിയരാണ്.

അതേസമയം, പ്രളയഭീതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികള്‍ക്ക് താമസ സൗകര്യങ്ങളൊരുക്കുകയാണ് മമ്മൂട്ടി. നഗരത്തിന്റെ വിവിധഭാഗങ്ങളിലെ സുഹൃത്തുക്കളുടെ വീടുകളിലും ഫല്‍റ്റുകളിലുമാണ് മമ്മൂട്ടി താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. വലസരവക്കം, അണ്ണാനഗര്‍, അഡയാര്‍, വടപളനി, കോടാമ്പക്കം തുടങ്ങിയ ഇരുപതോളം സ്ഥലങ്ങളിലെ വിവരങ്ങള്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഒപ്പം തന്റെ വീട്ടിലേക്കു വരാമെന്നും മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ 23000 ഓളം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. റെയില്‍വേ, മെട്രോ സ്‌റ്റേഷനുകളിലോ മറ്റെവിടെയെങ്കിലുമോ കുടുങ്ങിപ്പോയവരെ സ്വന്തം വാഹനനത്തില്‍ വീട്ടിലെത്തിക്കാമെന്നും മമ്മൂട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

അണ്ണാനഗര്‍, അറുമ്പാക്കം, അമിഞ്ചിക്കരൈ, എം.എം.ഡി.എ. കോളനി, ചൂളൈമേട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് എന്റെ വീട്ടിലേയ്ക്ക് സ്വാഗതം. ദയവു ചെയ്ത് എന്റെ അതിഥിയാവൂ. നുംഗംപാക്കം സ്‌റ്റേഷനിലോ അറുംമ്പാക്കം മെട്രോ സ്‌റ്റേഷനിലോ അണ്ണാ ആര്‍ച്ചിലോ പെട്ടുപോയവരെ വാഹനത്തില്‍ വീട്ടിലെത്തിക്കാം. എത്ര പേര്‍ക്കു വേണമെങ്കിലും ഇവിടെ തങ്ങാം. ഇഷ്ടംപോലെ കിടക്കയും വൈദ്യുതിയും ഭക്ഷണവുമുണ്ട് വീട്ടില്‍മമ്മൂട്ടി കുറിച്ചു.

ഇതിന് പുറമെ ചെന്നൈയില്‍ താമസസൗകര്യമൊരുക്കിയ നിരവധി പേരുടെ പേരും ഫോണ്‍ നമ്പറുകളും മമ്മൂട്ടികുറിപ്പിലിട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലെ സഹായ അഭ്യര്‍ഥന കണ്ട് ഇതിനോടകം തന്നെ വീട് ആളുകളെ കൊണ്ട് നിറഞ്ഞുകഴിഞ്ഞിട്ടുണ്ട്.