സ്വര്‍ണ സമ്മാനവുമായി മില്‍മ കനകധാരാ പദ്ധതി

0


പാല്‍ ഉപഭോക്താക്കള്‍ക്കുവേണ്ടി മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയന്‍ മില്‍മ കനകധാരാ സ്‌കീം നടപ്പാക്കുന്നു. ഫെബ്രുവരി 16 മുതല്‍ അടുത്തമാസം 31 വരെയുള്ള 45 ദിവസമാണ് ഈ സമ്മാനപദ്ധതിയുടെ കാലയളവ്. ഈ കാലയളവില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന മില്‍മ പാല്‍ കവറില്‍ പ്രിന്റു ചെയ്തിട്ടുള്ള എട്ടക്ക ഭാഗ്യ നമ്പര്‍ നറുക്കിട്ടാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം മേഖലാ യൂണിയന്റെ കീഴില്‍ വരുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് സമ്മാനപദ്ധതി നടപ്പാക്കുന്നത്.

മൂന്നു ഘട്ടങ്ങളിലായി അതായത് ഓരോ 15 ദിവസം കൂടുന്തോറും നറുക്കെടുപ്പ് നടത്തി 500 പേരെവീതം തെരഞ്ഞെടുത്ത് ആകെ 1500 പേര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കും. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മില്‍മ പാല്‍ കവര്‍ സൂക്ഷിച്ചു വയ്ക്കുകയും സമ്മാനാര്‍ഹര്‍ ഈ കവറുമായി മേഖലാ യൂണിയന്റെ ഏതെങ്കിലും ജില്ലാ ഡയറിയെ സമീപിക്കുകയുമാണ് വേണ്ടത്. നറുക്കെടുപ്പ് ഫലം www.milmtarcmpu.com എന്ന വെബ്‌സൈറ്റില്‍നിന്നോ അതതു സ്ഥലത്തെ മില്‍മ ഡയറികളില്‍നിന്നോ, മില്‍മയുടെ അംഗീകൃത ഏജന്‍സികളില്‍നിന്നോ അറിയാം. ഉപഭോക്താക്കള്‍ക്കുള്ള സമ്മാനങ്ങള്‍ക്കൊപ്പം മില്‍മ പാല്‍ ഏജന്റുമാര്‍ക്കും സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 വീതം മൂന്നു നറുക്കെടുപ്പിലൂടെ 600 ഏജന്റുമാര്‍ക്കും സ്വര്‍ണ സമ്മാനം നല്‍കും. അടുത്തമാസം അഞ്ച്, 21, ഏപ്രില്‍ അഞ്ച് തീയതികളിലാണ് ഭാഗ്യശാലികളെ കണ്ടെത്താനുള്ള നറുക്കെടുപ്പുകള്‍ നടത്തുക.

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ വിറ്റുവരവില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അഞ്ച് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 201516ലെ ആദ്യ ഒന്‍പതു മാസം തിരുവനന്തപുരം മേഖലാ യൂണിയന് 535.49 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കാനായി. പ്രതിദിനം 4.70 ലക്ഷം ലിറ്റര്‍ പാലാണ് മേഖലയില്‍ മില്‍മ വിറ്റഴിക്കുന്നത്. രാജ്യത്ത് ആദ്യമായി ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി ഡോ.വി.കുര്യന്‍ സ്മാരക തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന മേഖലാ യൂണിയനെന്ന ഖ്യാതിയും മില്‍മയുടെ തിരുവനന്തപുരം മേഖല കൈവരിക്കുകയാണ്. പദ്ധതിയിലൂടെ 201516ല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 2000 ക്ഷീര കര്‍ഷകര്‍ക്ക് 10,000 രൂപ വീതം രണ്ടു കോടി രൂപ മേഖലാ യൂണിയന്‍ തനത് ഫണ്ടില്‍നിന്നും നല്‍കും. കൂടാതെ തിരുവനന്തപുരം ജില്ലയിലെ 800 ക്ഷീര കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി10,000 രൂപ വീതം വിതരണം ചെയ്യും.