ആഗ്രഹങ്ങള്‍ നിങ്ങളെത്തേടി വരും; ഒന്നു മനസു വെച്ചാല്‍

ആഗ്രഹങ്ങള്‍ നിങ്ങളെത്തേടി വരും; ഒന്നു മനസു വെച്ചാല്‍

Saturday May 14, 2016,

4 min Read

കുന്നോളം ആഗ്രഹങ്ങളുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്ന് നിരാശനാണോ നിങ്ങള്‍. നിരാശപ്പെടേണ്ട, ഇനി മുതല്‍ നിങ്ങള്‍ തേടുന്നത് നിങ്ങളെത്തേടി വരും. നിങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തിയാല്‍ ഫലം ശരിക്കുമറിയാം. മന:ശക്തിക്ക് അത്രമേല്‍ ശക്തിയുണ്ടെന്ന് ഉറപ്പു തരുന്നത് മറ്റാരുമല്ല, പ്രമുഖ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റും മന:ശക്തിയുടെ വിജയവഴികളിലെ അന്താരാഷ്ട്ര പരിശീലകനുമായ ഡോ. പി പി വിജയനാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി തന്റെ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യ മനസിന്റെ ശക്തി ലോകത്തെ അറിയിച്ചു കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. ഓരോ വ്യക്തിയിലും ലക്ഷ്യത്തിനായി പ്രയത്‌നിക്കുന്ന മനസ് ഉണ്ടാക്കുകയും സ്വയം കണ്ടെത്താന്‍ സഹായിക്കുകയും ഇതിലൂടെ അനവധി പേരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുകയാണ് ഡോ. പി പി വിജയന്‍ ചെയ്യുന്നത്. നിരന്തര ഗവേഷണത്തിന്റെ ഫലമായി അനേകലക്ഷങ്ങളുടെ ജീവിതത്തില്‍ സജീവമായ മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് ഡോ. വിജയന്‍. നിസ്തുല സേവനങ്ങള്‍ വിലയിരുത്തി അദ്ദേഹത്തെ തേടി ഇതിനകം നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും എത്തിക്കഴിഞ്ഞു. മന:ശക്തിയുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്ന വിജയമന്ത്രം സമൂഹത്തിന് പകര്‍ന്നു നല്‍കുകയാണ് ഡോ. പി പി വിജയന്‍. ജീവിത വിജയത്തില്‍ സമ്പത്തിന്റെ സാന്നിധ്യം നിര്‍ണായകമാണ്. അതു കൊണ്ടു തന്നെ സമ്പത്തിലേക്ക് മനസിനെ അടുപ്പിക്കാനുള്ള ചില വഴികള്‍ പറഞ്ഞു തരുകയാണ് അദ്ദേഹം.

image


മന:ശക്തിയുണ്ടെങ്കില്‍ സമ്പദ് സമൃദ്ധി

വീട്ടിലിപ്പോള്‍ കാറിന്റെ കാര്യം മാത്രമേ എല്ലാവരും ചര്‍ച്ച ചെയ്യുന്നുള്ളൂ . പുതിയ കാര്‍ വാങ്ങിയിട്ട് വേണം ഗുരുവായൂര്‍ പോകാന്‍ എന്നാണ് അമ്മ പറയുന്നത് . കാറില്‍ കാര്യമായൊരു ഷോപ്പിംഗിനു പോകാന്‍ ആഗ്രഹിച്ചിരിക്കുകയാണ് ഭാര്യ . ഗുരുവായൂര്‍ പോയിട്ട് തിരിച്ചു വരുന്ന വഴി വീഗാലാന്റില്‍ പോകണം എന്നു പറഞ്ഞ് വാശിപിടിക്കുന്ന മക്കള്‍ .എല്ലാവരും ഇങ്ങനെ ഒരേ കാര്യം തന്നെ പറയുകയും ചിന്തിക്കുകയും ചെയ്യുന്നതിനാല്‍ സുധാകരനും തോന്നിത്തുടങ്ങി താനുടനെ ഒരു കാറ് വാങ്ങുമെന്ന് . രണ്ടു മൂന്നു മാസം മുമ്പ് വരെ ഇങ്ങനെ ഒരു ചിന്തയേ ഉണ്ടായിരുന്നില്ല . കെ എസ് എഫ് ഇ യില്‍ നിന്ന് രണ്ടു ലക്ഷത്തിന്റെ ഒരു ചിട്ടി പിടിച്ച ദിവസമാണ് ഭാര്യ ഇങ്ങനെയൊരു ആഗ്രഹം ആദ്യമായി പറഞ്ഞത് . ' നമ്മളെക്കൊണ്ട് അതൊന്നും പറ്റില്ല ' എന്നായിരുന്നു സുധാകരനാദ്യം പറഞ്ഞത് . പക്ഷേ പല ദിവസങ്ങളിലായി ഭാര്യയും കുട്ടികളും അമ്മയും ഒക്കെ ഇതിങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞ് പറഞ്ഞ് എങ്ങനെയെങ്കിലും കാറ് വാങ്ങിച്ചാലെന്ത് എന്ന് സുധാകരന്‍ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങി . അതുകൊണ്ടെന്താ , ഇപ്പോള്‍ പത്രമെടുത്തു നോക്കിയാല്‍ കാറിന്റെ പരസ്യങ്ങളേ കണ്ണില്‍പെടുന്നുള്ളൂ. റോഡിലിറങ്ങിയാല്‍ കാറുകളുടെ നിറവും ഡിസൈനും മറ്റ് ഭംഗിയുമൊക്കെയാണ് ശ്രദ്ധയില്‍പെടുന്നത് .

ചിന്തിച്ചും പറഞ്ഞും ചര്‍ച്ച ചെയ്തും ഒടുവില്‍ സുധാകരന്‍ ഒരു പുതിയ കാര്‍ വാങ്ങി . അതിലാദ്യം കുടുംബത്തേയും കൂട്ടി ഗുരുവായൂര്‍ക്ക് പോയി . തിരികെ വന്ന വഴി വീഗാലാന്റില്‍ ഇറങ്ങി . എല്ലാവര്‍ക്കും സന്തോഷമായി. സുധാകരന്റേത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല . ലോകത്തെല്ലായിടത്തും വിജയം വരിക്കുന്ന മനുഷ്യര്‍ ഏതാണ്ട് ഇതേ രീതിയില്‍ തന്നെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും . ഓരോ കാര്യവും ആഗ്രഹിക്കുന്നതും അത് നേടാനായി തുടരെ ചിന്തിക്കുന്നതും ഒടുവില്‍ സഫലമാക്കുന്നതും ഒരു നിശ്ചിതക്രമത്തിലാണ്. ആവര്‍ത്തിച്ചുള്ള ചിന്തയും അത് സഫലമാക്കുന്നതിനുള്ള അവിരാമമായ പ്രയത്‌നവും അതിന്റെ ഭാഗമാണ് .

image


സമ്പത്ത് വരുന്ന വഴി

സാമ്പത്തിക പ്രതിസന്ധി കാരണം ആഗ്രഹിക്കുന്നതൊന്നും നേടാന്‍ കഴിയാതെ വിഷമിക്കുകയാണോ നിങ്ങള്‍ ? എത്ര മാത്രം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കൃത്യമായ പ്ലാനിങ്ങും ചില മൈന്‍ഡ് ടെക്‌നിക്കുകളും കൊണ്ട് ഇവയെ മറികടക്കാവുന്നതേയുള്ളൂ . എങ്ങനെ എന്നല്ലേ ?

നമ്മുടെ മനസ്സിന് അപാരമായ ശക്തിയുണ്ട് . പല സവിശേഷതകളും ഉണ്ട് . മനശക്തിയുടെ തൊണ്ണൂറു ശതമാനവും ഉപയോഗശൂന്യമായി പോവുകയാണ് . കാരണം ഈ ശക്തിയെക്കുറിച്ച് മിക്കവര്‍ക്കും വേണ്ടത്ര അവബോധമില്ല . ഇച്ചാശക്തി കൊണ്ട് കീഴടക്കാന്‍ പറ്റാത്തതായി ഈ ലോകത്തില്‍ ഒന്നും തന്നെയില്ല . ലോകചരിത്രത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയവരും അത്യപൂര്‍വമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയവരുമൊക്കെ തങ്ങളുടെ മന:ശക്തി ഉപയോഗിച്ചവരാണ്. സമ്പത്തുണ്ടാക്കാന്‍ ആഗ്രഹമില്ലാത്തവരില്ല. പക്ഷേ ഓര്‍ക്കുക . പണം ഒരിക്കലും അടുത്തേക്ക് നടന്നു വരില്ല . നമ്മുടെ ആഗ്രഹങ്ങളുടെ തീവ്രതയാണ് പണത്തെ നമ്മുടെ കൈകളിലെത്തിക്കുന്നത് . ആഗ്രഹിക്കുന്ന രീതിയില്‍ പണം കൈവരുത്താന്‍ അതിന് അനുസൃതമായ മനോഘടന രൂപപ്പെടുത്തണം . ചില മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു .

image


ആവര്‍ത്തിച്ച് പ്രത്യക്ഷവല്‍ക്കരിക്കുക

നാം എന്തെങ്കിലും ഒരു വസ്തു വാങ്ങണം എന്ന് ആഗ്രഹിച്ചാല്‍ അതിന്റെ പേര് നല്ല വലുപ്പത്തില്‍ എഴുതി വീട്ടില്‍ എപ്പോഴും കാണുന്ന സ്ഥലത്ത് വയ്ക്കുക . ഫ്രിഡ്ജിന്റെ മുകളിലോ മേശപ്പുറത്തോ അല്ലെങ്കില്‍ ഡ്രസിംഗ് ടേബിളിന്റെ അടുത്ത് ഭിത്തിയിലോ ഒട്ടിച്ചു വയ്ക്കുക. ആഗ്രഹിച്ച വാങ്ങാനുദ്ദേശിക്കുന്ന തിയതിയും അതില്‍ എഴുതണം .

ഇതുകൊണ്ടുള്ള മെച്ചമെന്തെന്നോ ? എഴുതി വച്ചത് എല്ലാ ദിവസവും പല പ്രാവശ്യം കാണുമ്പോള്‍ അത് വാങ്ങണമെന്നുള്ള ആഗ്രഹത്തിന് തീവ്രതയേറും . ഉള്ളില്‍ നിന്ന് അത് നേടിയെടുക്കാനുള്ള ഒരു ശക്തമായ പ്രേരണ ഉണ്ടാവുകയും ചെയ്യും . മാത്രവുമല്ല , ഇതിങ്ങനെ എഴുതിവച്ചതുകാരണം , ഓരോ തവണയും കുടുംബാംഗങ്ങള്‍ ' അത് വാങ്ങുന്നതെന്നാണ് ' എന്നു ആവര്‍ത്തിച്ച് ചോദിക്കുമ്പോള്‍ അത് നിശ്ചയമായും ചെയ്തു തീര്‍ക്കേണ്ട ഒരു ഉത്തരവാദിത്വമായി മനസ്സില്‍ പതിയും .

image


രൊക്കം പണം കൊടുത്ത് വാങ്ങുക

ഏതു സാധനം വാങ്ങണമെന്ന് ആഗ്രഹിച്ചാലും രൊക്കം പണം കൊടുത്തു മാത്രമേ വാങ്ങൂ എന്ന് തീരുമാനിക്കുക . അതിനായി ദിവസവും കുറച്ച് പണം വീതം മാറ്റി വയ്ക്കുകയോ എവിടെയെങ്കിലും നിക്ഷേപിക്കുകയോ ചെയ്യുക . ഓരോ ദിവസവും പാസ് ബുക്കില്‍ തുക കൂടി വരുന്നത് കാണുമ്പോള്‍ നമ്മുടെ പണം വളരുന്നതുപോലെ ഒരു തോന്നല്‍ ഉണ്ടാകും . അത് നമ്മെ സന്തോഷിപ്പിക്കുകയും വീണ്ടും കൂടുതല്‍ തുക ഇതിനായി നിക്ഷേപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. കൂടുതല്‍ പരിശ്രമിക്കാന്‍ നാം മുന്‍കൈയെടുക്കും . ചുരുക്കത്തില്‍ ഒരു വര്‍ഷം കൊണ്ട് നേടണം എന്ന് ആഗ്രഹിച്ച കാര്യം അതിനു മുമ്പു തന്നെ നാം നേടിയെടുത്തിരിക്കും .

image


സമൃദ്ധിയുടെ ദൃശ്യങ്ങള്‍

ഉപബോധമനസ്സിന് പണത്തെ ആകര്‍ഷിക്കാനുള്ള ഒരു ശക്തിയുണ്ട്. ഡൈനിംഗ് ടേബിള്‍ , ഡ്രസ്സിംഗ് ടേബിള്‍ എന്നിങ്ങനെ പെട്ടെന്ന് ശ്രദ്ധ കിട്ടുന്ന സ്ഥലത്ത് കുറച്ചു വീതം പണം വയ്ക്കുക . ഇത് കാണുമ്പോള്‍ നമ്മുടെ വീട്ടില്‍ സമൃദ്ധിയുണ്ട് എന്നൊരു തോന്നല്‍ വരും . ഇത് ഉപബോധമനസ്സിനെ പ്രചോദിപ്പിക്കാനുള്ള ഒരു തന്ത്രമാണ്. അതുപോലെ ഒരു വലിയ തുക നമ്മുടെ പേരില്‍ ചെക്കില്‍ എഴുതിയ ശേഷം അത് പേഴ്‌സിനുള്ളില്‍ വയ്ക്കുക. പിന്നീട് ഈ ചെക്ക് കാണുമ്പോഴെല്ലാം എവിടെ നിന്നോ ഒരു വലിയ തുക നമുക്ക് വരാനുണ്ടെന്ന് തോന്നും .അത് നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യും . വെറുതെ ഇരിക്കുന്ന സമയങ്ങളില്‍ , നമ്മുടെ അക്കൗണ്ടില്‍ നിന്നും പണം എടുത്ത ശേഷം അത് എണ്ണുന്നതായി വിചാരിക്കുക. അങ്ങനെ പല പ്രാവശ്യം ചിന്തിക്കുമ്പോള്‍ പണം നമ്മുടെ കൈയിലൂടെ കടന്നുപോകുന്ന തോന്നലുണ്ടാകും . ഒന്നിനെക്കുറിച്ച് വളരെ തീവ്രമായി നാം ആഗ്രഹിച്ചാല്‍ അത് നമ്മെ തേടിയെത്തും എന്ന കാര്യം എപ്പോഴും ഓര്‍ക്കുക .

image


ചിന്തയുടെ ശക്തി

നാം ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് നമ്മോടു തന്നെയാണ് . ഇങ്ങനെ സ്വയം സംസാരിക്കലാണ് ചിന്തകള്‍ . ഉണര്‍ന്നിരിക്കുമ്പോള്‍ ഏകദേശം 70 ശതമാനത്തോളം സമയം നാം സ്വയം സംസാരിക്കുന്നുണ്ട് . അതിനാല്‍ സ്വയം പറയുന്ന കാര്യങ്ങള്‍ തികച്ചും പോസിറ്റീവ് ആയിരിക്കണം . എങ്കില്‍ മാത്രമേ നാം ചെയ്യുന്ന പ്രവര്‍ത്തികളിലും പോസിറ്റീവ് എനര്‍ജി ഉണ്ടാവുകയുള്ളൂ .

ചിന്തകള്‍ പല വിഷയത്തെക്കുറിച്ചുള്ളതായതാല്‍ മനസിന് ഏകാഗ്രത ലഭിക്കില്ല . ഏകവിഷയത്തിലേക്ക് മനസിനെ കേന്ദ്രീകരിക്കുകയാണെങ്കില്‍ പ്രപഞ്ചത്തിലെ ആകര്‍ഷണീയനിയമം പ്രവര്‍ത്തിച്ച് നാം ചിന്തിക്കുന്ന കാര്യം സഫലമാക്കാന്‍ പ്രപഞ്ചശക്തി സഹായിക്കും . പണമുണ്ടാക്കണം എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടാവുകയും അത് സഫലമാകത്തക്കവിധം അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ പ്രപഞ്ചശക്തി നിങ്ങള്‍ക്ക് ആവശ്യമുള്ള സമ്പത്തുണ്ടാക്കാന്‍ വഴി തെളിക്കും . ഈ ആകര്‍ഷണശക്തിയോട് നിയമങ്ങളും പ്രവര്‍ത്തനരീതികളും മറ്റും മനശക്തിപരിശീലനത്തിലൂടെ മനസ്സിലാക്കാനാകും