ഓപ്പറേഷന്‍ ഒളിമ്പിയാ പദ്ധതിയില്‍ 11 കായിക ഇനങ്ങള്‍  

0

 2020-2024 ലെ ഒളിമ്പിക്‌സുകള്‍ ലക്ഷ്യമാക്കി സംസ്ഥാനം ഓപ്പറേഷന്‍ ഒളിമ്പിയാ പദ്ധതി നടപ്പാക്കുമെന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

ഏഷ്യന്‍ തലത്തില്‍ മെഡലുകള്‍ നേടുന്ന കായിക ഇനങ്ങളായ അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ഷൂട്ടിംഗ്, കനോയിംഗ്, കയാക്കിംഗ്, റോവിംഗ്, സ്വിമ്മിംഗ്, സൈക്ലിംഗ്, ബോക്‌സിംഗ്, റസലിംഗ്, ഫെന്‍സിംഗ്, ആര്‍ച്ചറി എന്നീ കായിക ഇനങ്ങളിലാണ് സെകല്ഷന്‍ നടത്തി വിദഗ്ധ പരിശീലനം നടത്തുന്നത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അസോസിയേഷനുകളുമായി ചര്‍ച്ച നടന്നതായും ദാസന്‍ പറഞ്ഞു.

നഴ്‌സറി തലം മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് കായികക്ഷമത ഉണ്ടാക്കാനുള്ള പദ്ധതിയും അഞ്ചു മുതല്‍ 10 വരയെുള്ള കുട്ടികള്‍ക്ക് കായികക്ഷമതാ പരിശോധനയും , പരിഹരിക്കുന്നതിനുള്ള പദ്ധതിയും തയാറാക്കും.സംസ്ഥാനത്ത് ഒരു സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് ടീമുകള്‍ രൂപീകരിക്കുന്നതിനുള്ള നടപടികളും കൈക്കൊളളും. അഞ്ചു കോടി രൂപ മുടക്കി കായികഭവന്‍ നിര്‍മിക്കുമെന്നും ദാസന്‍ പറഞ്ഞു.