മലയാളിയുടെ മനസില്‍ തൊട്ട് മഞ്ജു വാര്യര്‍

0

വെള്ളിത്തിരയില്‍ തിളങ്ങി നിന്ന കാലത്ത്, ഇഷ്ടപ്പെട്ട നടിയാരാണെന്ന ചോദ്യത്തിന് കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരേ സ്വരത്തില്‍ പറയുന്ന പേരായിരുന്നു മഞ്ജു വാര്യര്‍. വളരെക്കുറച്ച് കാലം മാത്രം വെള്ളിത്തിരയില്‍ നിന്നിട്ടും പ്രേക്ഷകരെ മുഴുവന്‍ തന്റെ പ്രതിഭ കൊണ്ട് കീഴടക്കിയ അഭിനേത്രിയായിരുന്നു മഞ്ജു. സ്വസ്ഥമായ കുടുംബജീവിതത്തിലേക്ക് വഴി മാറിയപ്പോള്‍ മലയാള സിനിമാ ആസ്വാദകര്‍ അനുഗ്രഹാശിസുകളോടെയാണ് മഞ്ജുവിനെ യാത്രയയച്ചത്. എന്നാല്‍ കേരളത്തനിമയുള്ള ആ നടിയുടെ ഇരിപ്പിടം ആര്‍ക്കും നല്‍കാന്‍ മലയാളികള്‍ അപ്പോഴും തയ്യാറായില്ല. ഒരു പക്ഷേ മലയാള സിനിമയുടെ തറവാട്ടിലേക്ക് ഈ അഭിനയപ്രതിഭ തിരിച്ചുവരുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നിരിക്കാം.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ നിരുപമ രാജീവ് എന്ന കഥാപാത്രത്തിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയ മഞ്ജു ആസ്വാദകരുടെ മനസിലെ ഇടം ഒന്നു കൂടി ഭദ്രമാക്കി. സാമൂഹ്യ പ്രതിബദ്ധതയുളള വിഷയങ്ങളോട് ചേര്‍ന്നു നിന്നായിരുന്നു മഞ്ജു തന്റെ രണ്ടാം വരവിന് തുടക്കമിട്ടത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ വിഷ പച്ചക്കറികളില്‍ നിന്നും രക്ഷ നേടാന്‍ ജൈവകൃഷിയെന്ന സന്ദേശത്തിന്റെ ്അംബാസിഡറാകാനും മഞ്ജുവിന് കഴിഞ്ഞു. പ്രായവും അനുഭവങ്ങളും നല്‍കിയ പക്വതയില്‍ സാമൂഹത്തിന് വേണ്ടിയും അശരണര്‍ക്ക് വേണ്ടിയും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്തയുടെ കരുത്തിലായിരുന്നു മഞ്ചുവിന്റെ രണ്ടാം വരവ്. 

2015ലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മികവ് പുലര്‍ത്തിയ 15 കുട്ടികള്‍ക്കാണ് സഹായ ഹസ്തവുമായി മഞ്ജു രംഗത്തെത്തിയത്. കലാപരമായ കഴിവും പഠിപ്പില്‍ മികവും പുലര്‍ത്തിയിട്ടും കിടപ്പാടം പോലും ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് വീട് വെക്കാന്‍ സഹായവും പഠനത്തിന് സഹായവും നല്‍കാന്‍ മഞ്ജു തയ്യാറായി. ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കാനും മഞ്ജു മുന്നോട്ടുവന്നു.

ക്യാന്‍സറിനെതിരെ മനോരമാ ന്യൂസ് ആരംഭിച്ച കേരള കാന്‍ ജനകീയ ദൗത്യത്തിന്റെ ഭാഗമാകാനും മഞ്ചു തയ്യാറായി. തന്റെ മാതാപിതാക്കള്‍ ഈ അസുഖത്തെ അതിജീവിച്ചെത്തിയ അനുഭവമായിരുന്നു മഞ്ജുവിന് മറ്റുള്ളവരോട് പറയാനുണ്ടായിരുന്നത്. കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്തനാര്‍ബുദ മൊബൈല്‍ യൂനിറ്റ് സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയാണ് മഞ്ജു നല്‍കുന്നത്. മാത്രമല്ല തിരുവനന്തപുരം ആര്‍ സി സി, തൃശൂര്‍ അമല മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ മൂന്ന് മാസത്തിലൊരിക്കല്‍ സന്ദര്‍ശിച്ച് രോഗികള്‍ക്കായുള്ള സാന്ത്വന പരിചരണത്തില്‍ പങ്കാളിയാകുമെന്നും നൃത്തപരിപാടികള്‍ അവതരിപ്പിക്കുമെന്നും മഞ്ജു ഉറപ്പ് നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ നൃത്തപഠനം, ചികിത്സ, വീട് നിര്‍മ്മാണം എന്നിവയില്‍ സഹായിക്കുന്നതിന് കാരണങ്ങളില്ലെന്നാണ് മഞ്ജു പറയുന്നത്. മനസില്‍ തോന്നിയ നന്മകള്‍ ചെയ്യുന്നുവെന്ന് മാത്രം. സ്‌പോണ്‍സര്‍ഷിപ്പിന് പിന്നില്‍ പ്രത്യേക കാരണങ്ങളില്ല, അങ്ങനെ തോന്നി, ചെയ്യുന്നു, അത്രമാത്രം മഞ്ജു പറയുന്നു.

വാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും അറിഞ്ഞാണ് അമ്പിളി ഫാത്തിമയെന്ന കുട്ടിയെ കാണാന്‍ കഴിഞ്ഞ ദിവസം ചെന്നൈ അപ്പോളോ അശുപത്രിയിലെത്തിയത്. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവച്ച് ചികിത്സയില്‍ കഴിയുന്ന അമ്പിളിയുടെ ചികിത്സാ ചെലവിന്റെ ഒരു ഭാഗം വഹിക്കാമെന്ന് വാക്ക് നല്‍കിയിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.

നായകന്‍മാരെ മനസില്‍കണ്ട് സിനിമയെഴുതുന്ന മലയാള സിനിമാ രംഗം നായികയെ മനസില്‍കണ്ട് തിരക്കഥയെഴുതാന്‍ തുടങ്ങിയത് മഞ്ജുവിന്റെ രംഗപ്രവേശത്തോടെയാണ്. ഇനിയും അത്തരം കഥകളും കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷകരുടെ മനസില്‍ ഇടംനേടാനുള്ള ഒരുക്കത്തിലാണ് മഞ്ജു.പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തില്‍ പുരുഷ വോളിബോള്‍ ടീമിന്റെ കോച്ചായാണ് മഞ്ജു എത്തുന്നത്. സ്‌പോര്‍ട്‌സിന്റെ പശ്ചാത്തലത്തിലാണ് സിനിമയെന്നത് പുതിയ ഒരു അനുഭവമായിരിക്കും. നായകന്‍ ആരാണെന്ന ചോദ്യത്തിന് അതു 'ഞാന്‍' തന്നെയെന്നു പറയുന്ന മഞ്ചുവിന്റെ മുഖത്ത് വിരിയുന്നത് മലയാള സിനിമയിലെ ഒരു പിടി നായികാ പ്രാധാന്യമുള്ള കഥകളെ അവതരിപ്പിക്കാനുള്ള ആവേശവും കരുത്തുമാണ്.

അനുബന്ധ സ്‌റ്റോറികള്‍ക്ക്.....

1. അഭ്രപാളിയുടെ സ്വന്തം മെട്രോമാറ്റിനി

2. ആരാധികയെ കാണാന്‍ ദിലീപ് എത്തി: സുമിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

3. ഡോ അനില ജ്യോതി റെഡ്ഡി: പറക്കുന്നു ഫീനിക്‌സ് പക്ഷിയെ പോലെ

4. പ്രിയങ്ക വീണ്ടും ജലത്തിലൂടെ.... സീതാലക്ഷ്മിയായി....

5. മനക്കരുത്തിന്റെ പ്രതീകം ' ഹന്‍സി മെഹ്‌റോത്ര'