ആദ്യസര്‍ക്കാരിന്റെ വജ്രജൂബിലി ആഘോഷം: സമാപന സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

0

ഐക്യകേരളത്തിലെ ആദ്യസര്‍ക്കാരിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഈമാസം 21 മുതല്‍ 26 വരെ തലസ്ഥാനത്ത് നടക്കും. 26 ന് സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരിക്കും. ഈമാസം 21 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ വിവിധ സെമിനാറുകള്‍ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. 'ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 356, കേന്ദ്ര ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ 21 ന് നടക്കുന്ന സെമിനാര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായിരിക്കും. 22ന് നടക്കുന്ന 'മുന്നണി രാഷ്ട്രീയം' സെമിനാര്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായിരിക്കും. 'ദളിത് പ്രശ്‌നങ്ങളും സ്വത്വ രാഷ്ട്രീയവും' 23ന് നടക്കുന്ന ഈ സെമിനാര്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി പി. തിലോത്തമനാണ് അധ്യക്ഷന്‍. 24 ന് നടക്കുന്ന 'വികേന്ദ്രീകരണവും ആസൂത്രണവും' സെമിനാര്‍ ഉദ്ഘാടനം ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനാവും. 25ലെ 'പ്രവാസിയും വികസന പ്രവര്‍ത്തനങ്ങളും' സെമിനാര്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. വനംമന്ത്രി കെ. രാജു അധ്യക്ഷനായിരിക്കും. 23ന് ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന വനിതാ പാര്‍ലമെന്റ് സംസ്ഥാന ചരിത്രത്തില്‍തന്നെ ആദ്യ അനുഭവമാണ്. രാവിലെ 10ന് ആരംഭിക്കുന്ന ഈ വനിതാ പാര്‍ലമെന്റില്‍ വിവിധ മേഖലയിലുളള പ്രമുഖരടക്കം ഏകദേശം 2000 വനിതകള്‍ പങ്കെടുക്കും. വനിത കോര്‍പറേഷന്‍ മേയര്‍മാര്‍, നഗരസഭാ അധ്യക്ഷര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ഈ പാര്‍ലമെന്റിന്റെ ഭാഗമാകും. 22 മുതല്‍ ആരംഭിക്കുന്ന ഫോട്ടോ പ്രദര്‍ശനം അപൂര്‍വവും അമൂല്യവുമായ ചിത്രങ്ങളാല്‍ സമ്പുഷ്ടമായിരിക്കും. ആദ്യസര്‍ക്കാരിലെ അംഗങ്ങളും അവിസ്മരണീയ മുഹൂര്‍ത്തങ്ങളും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഈ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. 26 ന് സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരിക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കക്ഷിനേതാക്കള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ ദിവസങ്ങളില്‍ മാജിക്‌ഷോ മുതല്‍ മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌കാരംവരെയുള്ള വിവിധ കലാപരിപാടികള്‍ നിശാഗന്ധിയില്‍ അരങ്ങേറും. 21 ന് വൈകിട്ട് മജീഷ്യന്‍ മുതുകാട് ഒരുക്കുന്ന 'ഇന്ററാക്ടീവ് മാജിക് ഫിനാലെ' 22 ന് കോഴിക്കോട് കലിംഗ തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന കെ.ടി. മുഹമ്മദിന്റെ വിഖ്യാത നാടകം 'ഇത് ഭൂമിയാണ്' എന്നിവ അരങ്ങേറും. ഉമയാള്‍പുരം ശിവരാമന്‍, എം. ജയചന്ദ്രന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസ്സി, ആറ്റുകാല്‍ ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ ഒന്നിക്കുന്ന 'ജ്വാല' സംഗീത വിരുന്ന് 23നും സി.ജെ. കുട്ടപ്പനും കലാമണ്ഡലവും ചേര്‍ന്നൊരുക്കുന്ന 'ക്ലാസിക്കല്‍ ഡാന്‍സ് ആന്‍ഡ് ഫോക് ഷോ' 24 നും അരങ്ങിലെത്തും. പിന്നണി ഗായകന്‍ ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്നാണ് സമാപനദിവസത്തെ കലാവിരുന്ന്.