സഹിഷ്ണുതയുടെ പുതിയ സന്ദേശമായി യുവജന കൂട്ടായ്മ

സഹിഷ്ണുതയുടെ പുതിയ സന്ദേശമായി യുവജന കൂട്ടായ്മ

Monday December 14, 2015,

2 min Read

യുവജനങ്ങളുടെ സര്‍ഗ്ഗശേഷിയും പ്രതിഭയും ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന യുവജനക്ഷേമ വകുപ്പ് യുവജന കൂട്ടായ്മ ഇയര്‍ 2015 സംഘടിപ്പിച്ചത്. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് ഗ്രൗണ്ട്, പി. ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ്, വി. ജെ.ടി ഹാള്‍ എന്നിവിടങ്ങളിലെ വേദികളിലായി കഴിഞ്ഞ ഏഴ് ദിവസമായാണ് പരിപാടി സംഘടിപ്പിച്ചത്. മൂവായിരത്തോളം യുവാക്കളുടെ പങ്കാളിത്തം മേളയിലുടനീളം ഉണ്ടായിരുന്നു. വിവിധ വിഷയങ്ങളിലുളള ശില്പശാലകള്‍, നാടകം, നാടോടിനൃത്തം, മ്യൂസിക് ബാന്റ് എന്നീ മത്സരങ്ങളും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ഗോത്രകലാമേള എന്നിവയാണ് ഈ ദിവസങ്ങളിലായി അരങ്ങേറിയത്. .കഴിഞ്ഞ ആറു ദിവസമായി വിവിധ വിഷയങ്ങളിലുള്ള ശില്പശാലകള്‍ക്കാണ് പി. ഡബ്ലൂ. ഡി റെസ്റ്റ് ഹൗസ് വേദിയായത്. 

image


യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന യുവസംരംഭകത്വ ശില്പശാല, യുവതികള്‍ക്കായുള്ള വനിതാ ശില്പശാല, യുവകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന യുവ കര്‍ഷക ശില്പശാല, യുവ മാധ്യമപ്രവര്‍ത്തകരേയും മാധ്യമ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള യുവ മാധ്യമശില്പശാല, സാഹിത്യകാരന്‍മാര്‍ പ്രതിനിധികളായി പങ്കെടുത്ത സാഹിത്യ ശില്പശാല, യുവ രാഷ്ട്രീയ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള യുവ രാഷ്ട്രീയ നേതൃത്വ പരിശീലന ശില്പശാല എന്നിവയില്‍ നിറഞ്ഞ സദസ്സായിരുന്നു ഉണ്ടായിരുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമരംഗത്തെ പ്രമുഖരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്. ആയിരത്തി അഞ്ഞൂറോളം യുവാക്കളാണ് ശില്പശാലകളില്‍ മാത്രമായി പങ്കെടുത്തത്. തൈക്കാട് പോലീസ് ട്രെയിനിംഗ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യൂത്ത് എക്‌സിബിഷനും യുവസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 102 ഓളം സ്റ്റാളുകളാണ് എക്‌സിബിഷനുവേണ്ടി സജ്ജീകരിച്ചിരുന്നത്. 

image


വിവിധ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തങ്ങള്‍, നിരവധി പ്രസാധകരുടെ പുസ്തക മേള, വി. എസ്. എസ്. സിയുടെ റോക്കറ്റ്, ഉപഗ്രഹമാതൃകകള്‍, കാഴ്ചയില്ലാത്തവര്‍ പഠിക്കാന്‍ ഉപയോഗിക്കുന്ന ബ്രയില്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട് കെയിന്‍ മുതല്‍ സ്മാര്‍ട്ട് ഫോണ്‍ വരെയുള്ള ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്ന കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന്റെ സ്റ്റോള്‍, കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്റ്റാള്‍, ആഭരണ നിര്‍മ്മാണം, തേന്‍, ആയൂര്‍വേദ ഉല്പന്നങ്ങളുടെ പ്രദര്‍ശനം, പരമ്പരാഗത വസ്ത്രങ്ങള്‍, അക്വേറിയം, വിവിധങ്ങളായ കൂണ്‍ വിഭവങ്ങള്‍, കയര്‍ ഉല്പന്നങ്ങള്‍, ആയിരം മുതല്‍ പതിനായിരം വരെ വിലമതിക്കുന്ന പക്ഷികള്‍, പൂച്ചെടികള്‍ എന്നിവ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ദ്രാവിഡ വംശീയ ചികിത്സാരീതി പരിചയപ്പെടുത്തുന്ന സ്റ്റാളില്‍ നീരാവികുളിക്കുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തിയ യുവസംരംഭകത്വ പരിശീലന പരിപാടിയില്‍ പരിശീലനം നേടിയവരുടെ ഇരുപത്തഞ്ചോളം സ്റ്റാളുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. യുവാക്കളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി വിവിധ കലാ മത്സരങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു. ദേശീയ, സംസ്ഥാനതലങ്ങളില്‍ മത്സരിച്ച നാടകങ്ങളും നാടേടിനൃത്ത സംഘവും മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത മ്യൂസിക് ബാന്റുകളുടെ മത്സരവും അരങ്ങേറി. വിജയികളായ ടീമുകളായവര്‍ക്ക് ഇരുപതിനായിരം രൂപ വരെ സമ്മാനം നല്‍കി. മുപ്പത്തിയഞ്ചോളം കലാകാരന്‍ പങ്കെടുത്ത പെയിന്റിംഗ് ശില്പശാല, അന്യം നിന്നു പോകുന്ന ഗോത്രകലകളെ പ്രോത്സാഹിപ്പിക്കുന്ന ഗോത്രായാനം ഗോത്രകലാമേള എന്നിവ കാണികള്‍ക്ക് വേറിട്ട അനുഭവമായി. ഏഴ് ദിവസം നീണ്ട യുവജന കൂട്ടായ്മ വിവിധ ജില്ലകളില്‍ നിന്നുള്ള യുവാക്കളുടെ ചിന്തകളും കലകളും ഒരുമിച്ച യുവസംഗമമായിരുന്നു.