വിവാദങ്ങളില്‍ മുങ്ങി ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍; 'ഫ്രീഡം 251'

0


ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ച റിങ്ങിംങ് ബെല്‍സ് എന്ന കമ്പനി വിവാദങ്ങളില്‍ ഉലയുകയാണ്. വെറും 251 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നതോടെ എക്‌സൈസ് വകുപ്പിന്റെയും ആദായ നികുതി വകുപ്പിന്റെയും നോട്ടപ്പുള്ളിയായി ഈ കമ്പനി മാറിക്കഴിഞ്ഞു. നോയിഡയിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് മനസ്സിലാക്കാനായി ഐ.ടി വകുപ്പ് ചില രേഖകള്‍ കണ്ടെത്തി. ഇതിനായി രജിസ്റ്റാര്‍ ഓഫ് കമ്പനീസില്‍ നിന്നും ചില രേഖകള്‍ എടുത്തിട്ടുണ്ട്.

'അതെ, ആദായ നികുതി വകുപ്പും എക്‌സൈസ് വകുപ്പും സന്ദര്‍ശനം നടത്തിയിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നീ പദ്ധതികളുടെ ഭാഗമായി നേട്ടങ്ങളുടെ നാഴികക്കല്ലിനായി തയ്യാറെടുക്കുകയാണ് ഞങ്ങള്‍. ഞങ്ങളുടെ സുഗമമായ ഭാവിയിലേക്കായി നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എല്ലാവിധ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്,' റിങ്ങിങ് ബെല്‍സിന്റെ പ്രസിഡന്റായ അശോക് ഛദ്ദ പി.ടി.ഐയോട് ഒരു പ്രസ്താവനയില്‍ അറിയിച്ചു.

അടുത്തിടെയാണ് 251 രൂപയുടെ ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട് ഫോണുമായി റിങ്ങിങ് ബെല്‍സ് എത്തിയത്. വലിയ ആവേശത്തോടെയാണ് എല്ലാവരും ഇത് സ്വീകരിച്ചത്. ഇതിനു പിന്നാലെ വിവാദങ്ങലും എത്തി. അഡ്‌കോം എന്ന കമ്പനിയുടെ ഹാന്‍ഡ്‌സെറ്റാണ് അവരുടെ സ്മാര്‍ട്ട് ഫോണിന്റെ മാതൃകയായി അവതരിപ്പിച്ചത്. ഇത് വിവാദങ്ങള്‍ക്ക് വഴി തുറന്നു. എന്നാല്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ മാതൃക മാത്രമാണ് ഇതെന്നും അവരുടെ സ്മാര്‍ട്ട് ഫോണിന്റെ യഥാര്‍ഥ രൂപം ഇതല്ലെന്നും അശോക് ഛദ്ദ വ്യക്തമാക്കി.

'സമയപരിമിതി കാരണമാണ് ഒരു മാതൃക എന്ന നിലയില്‍ ഇത് ഉപയോഗിച്ചത്. ഇന്ത്യയില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഫ്രീഡം 251ന്റെ അന്തിമ രൂപം ഇതുപോലെ തന്നെയായിരിക്കും ഒരു മാറ്റവും ഉണ്ടാകില്ല,' അദ്ദേഹം പറയുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികളും ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനായി ടെലികോം മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ബി.ഐ.എസ് അംഗീകാരമില്ലാതെ 'ഫ്രീഡം 251'ന്റെ വിപണനം നടത്തുന്നതിനെതിരെ ടെലികോം മന്ത്രാലയം റിങ്ങിങ് ബെല്‍സിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ കമ്പനിയുടെ വിശ്വാസ്യത മനസ്സിലാക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിനെ നിയോഗിച്ചു കഴിഞ്ഞു. ആദ്യ ദിവസം തന്നെ 3.70 കോടി രജിസ്‌ട്രേഷനും രണ്ടാം ദിവസം 2.47 കോടി രജിസ്‌ട്രേഷനും ലഭിച്ചതായി കമ്പനി പറയുന്നു.