വിജയത്തിന്റെ ബാറ്റേന്തി മിതാലി

വിജയത്തിന്റെ ബാറ്റേന്തി മിതാലി

Sunday May 08, 2016,

2 min Read

അച്ഛന്‍ വ്യോമസേനയില്‍ ആയിരുന്നതു കൊണ്ടു തന്നെ കുടുംബത്തിലെ എല്ലാവരും ചിട്ടയുടെ ആള്‍ക്കാരായിരുന്നു. അമ്മയും ചേട്ടനും ചിട്ടകള്‍ പാലിക്കുമ്പോവും ആ വീട്ടിലെ പെണ്‍കുട്ടി മാത്രം അങ്ങനെ ആയിരുന്നില്ല. ചിട്ടകള്‍ക്കനുസരിച്ച് പോകാന്‍ അവളെ തന്റെ സഹജമായ മടിയും ഉറക്കവും സമ്മതിച്ചില്ല. എട്ടരക്ക് സ്‌കൂളിലേക്ക് പോകണമെങ്കില്‍ എട്ടുമണിക്ക് മാത്രം കിടക്ക വിട്ടെഴുന്നേല്‍ക്കുന്ന പ്രകൃതം. വീട്ടില്‍ എല്ലാക്കാര്യത്തിലും ഏറ്റവും പിന്നില്‍. തന്റെ മകളുടെ ഈ ശീലം കണ്ടപ്പോള്‍ അവളുടെ അച്ഛന്‍ ഒരു തീരുമാനമെടുത്തു. മടിയും ഉറക്കവും മാറ്റി അവളെ ഉത്സാഹശീലമുള്ളവളാക്കാന്‍ അവളെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ത്തു. അത് അവളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. ഇന്ന് അവളെ എല്ലാവര്‍ക്കും അറിയാം. മിതാലി രാജ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടന്‍.

image


ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ത്തപ്പോള്‍ അവിടെ പരിശീലിക്കുന്ന ചേട്ടനെ കണ്ട് നെറ്റ് പ്രാക്ടീസും തുടങ്ങി. തുടര്‍ന്ന് മിതാലിക്ക് ക്രിക്കറ്റ് തന്റെ ഇഷ്ട വിനോദമായി മാറുകയായിരുന്നു. എന്നാല്‍ പതിയെ പതിയെ മിതാലി ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവമായി കണ്ടു തുടങ്ങി. വനിതാ ക്രിക്കറ്റില്‍ സ്വന്തമായ ഇടം തീര്‍ത്ത് മൈതാനത്ത് പുതിയ റെക്കോഡുകള്‍ മിതാലി തന്റേതാക്കി. തന്റെ സാന്നിധ്യം കൊണ്ട് വനിതാ ക്രിക്കറ്റിനെ മിതാലി ഇന്ത്യയില്‍ പ്രിയപ്പെട്ടതാക്കി. വനിതാ ടെണ്ടുല്‍ക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന തരത്തില്‍ മിതാലി വളര്‍ന്നതോടെ അച്ഛന്‍ ദൊരൈ രാജിന്റെ സ്വപ്‌നം സത്യമാവുകയായിരുന്നു. 

image


ഇന്ത്യയിലെ മികച്ച വനിതാ ക്രിക്കറ്റര്‍ എന്നതിലുപരി വനിതാ ക്രിക്കറ്റ് ലോകത്തില്‍ ബാറ്റിംഗ് രംഗത്തെ തന്നെ മികച്ച കളിക്കാരി എന്ന നിലയില്‍ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ കുട്ടിക്കാലത്ത് മുതല്‍ തന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്ന മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു എന്നത് തെല്ല് രസകരമായി തന്നെ മിതാലി ഓര്‍ത്തെടുക്കുകയാണ്. ക്രിക്കറ്റ് ബാറ്റ് കയ്യിലെടുക്കുന്നതിന് മുമ്പ് ഭരതനാട്യം എന്ന കലയോട് തനിക്ക് അതിയായ അഭിനിവേശമായിരുന്നു. ലോകമെമ്പാടും വേദികള്‍ തോറും യാത്ര ചെയ്യുന്ന ഒരു വിഖ്യാത ഭരതനാട്യം നര്‍ത്തകിയായി മാറുക എന്നതായിരുന്നു മിതാലിയുടെ ആഗ്രഹം. അതു കൊണ്ടു തന്നെ ക്രിക്കറ്റിനൊപ്പം മിതാലി തന്റെ ഭരതനാട്യം പരിശീലനവും തുടര്‍ന്നു.

image


എന്നാല്‍ രണ്ടു വള്ളത്തില്‍ കാലു വെച്ചുള്ള ഈ പോക്ക് കണ്ട് മിതാലിയുടെ നൃത്ത ഗുരു ഒരു പ്രധാന ആവശ്യം മുന്നോട്ടു വച്ചു. ജീവിതത്തില്‍ നൃത്തമോ ക്രിക്കറ്റോ ഏതാണ് പ്രധാനമെന്ന് സ്വയം തീരുമാനിക്കണമെന്ന ചോദ്യമായിരുന്നു അത്. ഏറെ ആലോചിച്ച് ക്രിക്കറ്റിനെ തിരഞ്ഞെടുക്കുക എന്നതിനപ്പുറം മിതാലിക്ക് മറ്റു ചിന്തകളില്ലായിരുന്നു. അങ്ങനെ മിതാലി ക്രിക്കറ്റിനായി സ്വയം സമര്‍പ്പിക്കുന്ന കായികതാരമായി മാറുകയായിരുന്നു. 14-ാം വയസില്‍ ഇന്ത്യന്‍ ടീമിന്റെ സ്റ്റാന്റ് ബൈ പ്ലെയര്‍. 16 വയസുള്ളപ്പോള്‍ മിതാലി തന്റെ ആദ്യ അന്താരാഷ്ട്രമത്സരം കളിച്ചു.

image


1999 ജൂണ്‍ 26ന് നടന്ന ഈ മത്സരത്തില്‍ രേഷ്മാ ഗാന്ധിയുമൊപ്പമുള്ള കൂട്ടുകെട്ടില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. മിതാലി 114 റണ്ണും രേഷ്മ 104 റണ്ണും എടുത്ത മത്സരത്തില്‍ ഇന്ത്യ 161 റണ്‍സിന് വിജയിച്ചു. ഈ വിജയത്തിലൂടെ ഇന്ത്യക്ക് മിതാലി എന്ന പുതിയ താരത്തെ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ റെക്കോര്‍ഡുകള്‍ മിതാലി തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത. 2002ല്‍ ടെസ്റ്റ് ക്രിക്കറ്റെന്ന ഫോര്‍മാറ്റില്‍ തുടക്കമിട്ട മിതാലി ആദ്യമത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന നേട്ടം കരഗതമാക്കിയാണ് മിതാലി ഇതിന് മറുപടി നല്‍കിയത്.

image


ക്രിക്കറ്റില്‍ ഇപ്പോഴും പ്രചോദനം തന്റെ പിതാവാണെന്ന് മിതാലി അടിവരയിട്ട് പറയുന്നു. തനിക്ക് എന്തു പ്രശ്‌നങ്ങളുണ്ടെങ്കിലും താന്‍ ആശ്രയിക്കുന്നത് തന്റെ മാതാപിതാക്കളെയാണ്.മിതാലിയുടെ വരവോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. എന്നാല്‍ വിജയത്തിലേക്കുള്ള പാതയില്‍ കുറുക്കു വഴികളില്ലെന്നാണ് മിതാലിയുടെ അനുഭവം. കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയത്തിലേക്ക് എത്താനാവൂ.

image


ഇക്കാര്യത്തില്‍ പുരുഷ ക്രിക്കറ്റര്‍ എന്ന നിലയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനേയാണ് താന്‍ മാതൃകയാക്കാന്‍ ഇഷ്ടപ്പെടുന്നത്. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി വന്ന ഇംഗ്ലണ്ട് ടീമിനെ അവരുടെ നാട്ടില്‍ വച്ച് പരാജയപ്പെടുത്തിയതാണ് ഏറ്റവും സന്തോഷം നല്‍കുന്ന ഓര്‍മ്മയെന്ന് മിതാലി ഓര്‍ത്തെടുക്കുന്നു. ലോക കപ്പ് എന്ന ലക്ഷ്യമാണ് ഇപ്പോള്‍ തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മിതാലി അടിവരയിടുമ്പോള്‍ രാജ്യം ഈ ചെറുപ്പക്കാരിയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്.