റിസർവ്വ് ബാങ്ക് വാക്കുപാലിച്ചില്ല തോമസ് ഐസക്

റിസർവ്വ് ബാങ്ക് വാക്കുപാലിച്ചില്ല തോമസ് ഐസക്

Wednesday January 11, 2017,

2 min Read

സർക്കാർ അനുവദിച്ച ശമ്പളത്തിൽനിന്നു കേന്ദ്രം അനുവദിച്ച 24000 രൂപവീതം പിൻവലിക്കാൻ ആവശ്യമായ കറൻസിപോലും ഉറപ്പാക്കുന്നതിൽ റിസർവ്വ് ബാങ്ക് ഈ മാസവും പരാജയപ്പെട്ടു. ആദ്യദിവസം ട്രഷറികൾ ആവശ്യപ്പെട്ട 270.5 കോടി രൂപയിൽ 177 കോടി രൂപ മാത്രമാണു ട്രഷറികൾക്കു ലഭിച്ചത്. നൂറുകോടിയോളം രൂപയുടെ കുറവുണ്ടായിരുന്നെങ്കിലും ട്രഷറികളിലെ നീക്കിയിരിപ്പും വരവുകളും ഉപയോഗപ്പെടുത്തി 206.4 കോടി രൂപ പെൻഷനും ശമ്പളവുമായി വിതരണം ചെയ്തു.

image


ട്രഷറികളിലൂടെ മാത്രം 113.4 കോടി രൂപ ജീവനക്കാരുടെ പെൻഷനായി വിതരണം ചെയ്തു. ഇതിനു പുറമെ, 36.69 കോടി രൂപയ്ക്കുള്ള ക്ഷേമപ്പെൻഷനുകളും വിതരണം ചെയ്തു. ആവശ്യത്തിനു കറൻസി ലഭ്യമാക്കാതിരുന്ന ട്രഷറികളിൽ മറ്റു ട്രഷറികളുമായി ബന്ധപ്പെട്ട ബാങ്കുകളിൽനിന്ന് ട്രഷറി ഡയറക്ടറേറ്റ് ഇടപെട്ടു കറൻസി എത്തിച്ചു. ട്രഷറികളിലെ കാര്യക്ഷമമായ സംഘാടനമാണ് കറൻസിക്ഷാമം രൂക്ഷമായിരുന്നിട്ടും ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. എന്നാൽ, ആവശ്യത്തിനു കറൻസി ലഭ്യമാക്കാഞ്ഞതിനാൽ ബാങ്കുകൾക്കും ശമ്പളവിതരണത്തിനു ബുദ്ധിമുട്ടുണ്ടായി.

ആദ്യത്തെ പത്തു പ്രവൃത്തിദിവസത്തേക്ക് ശമ്പളം, പെൻഷൻ ആവശ്യത്തിനു വേണ്ട 1391 കോടിരൂപയിൽ 600 കോടിയേ ബാങ്കുകൾക്കും ട്രഷറികൾക്കുമായി നൽകാനാവൂ എന്നാണു ഡിസംബർ 28നു റിസർവ്വ് ബാങ്ക് ഡിജിഎം സർക്കാരിനോടു പറഞ്ഞിരുന്നത്. എന്നാൽ ആദ്യപ്രവൃത്തിദിവസത്തിനുമുമ്പ് ലഭ്യമാക്കിയത് 400 കോടി രൂപമാത്രമാണ്. ഇതിൽ പകുതിയോളം ട്രഷറിക്കു ലഭ്യമാക്കാൻ ബാങ്കുകൾ ബാദ്ധ്യസ്ഥമായിരുന്നെങ്കിലും 177 കോടി രൂപയാണ് ആദ്യദിവസം നൽകിയത്. വയനാട്ടിലെ ദ്വാരക സബ് ട്രഷറിയിൽ ഒരു പൈസയും നൽകിയില്ല.

അടുത്തദിവസങ്ങളിൽ നൽകാൻ ബാങ്കുകളിൽ എത്ര കറൻസിയുണ്ട് എന്നതു വ്യക്തമല്ല. റിസർവ്വ് ബാങ്ക് അടിയന്തരമായി ബാക്കി കറൻസികൂടി എത്തിച്ചില്ലെങ്കിൽ പ്രതിസന്ധി ഉണ്ടാകാനാണു സാദ്ധ്യത. സർക്കാരിന്റെ ശമ്പളം, പെൻഷൻ വിതരണം ഏഴു പ്രവൃത്തിദിവസങ്ങൾകൊണ്ടു പൂർത്തിയാകുമെങ്കിലും ആദ്യദിവസങ്ങളിൽ 24000 രൂപ പിൻവലിച്ചവർക്ക് രണ്ടാംവട്ടം പിൻവലിക്കാനുള്ള കറൻസി തുടർന്നുള്ള ദിവസങ്ങളിൽ ലഭ്യമാക്കേണ്ടതുമുണ്ട്.

ട്രഷറികളിൽ കോർ ബാങ്കിൽ നടപ്പാക്കിയതിന്റെ തുടർച്ചയായി വേണ്ടിയിരുന്ന സോഫ്റ്റ്‌വെയർ പരിഷ്ക്കരിക്കൽ നടപ്പാക്കിയതിനാൽ ഇന്നലെ ചില ട്രഷറികളിൽ രാവിലെ സാങ്കേതികപ്രശ്നം ഉണ്ടായിരുന്നു. ടിസ് എന്ന സോഫ്റ്റ്‌വെയറിൽനിന്ന് കോർട്ടിസ് എന്ന സോഫ്റ്റ്‌വെയറിലേക്കു മാറിയ 115 ട്രഷറികളിൽ ചിലതിലാണു പ്രശ്നം ഉണ്ടായത്. സോഫ്റ്റ്‌വെയർ മാറ്റത്തിനു ശേഷമുള്ള ആദ്യ ശമ്പളവിതരണം ആയിരുന്നു. രാവിലെ ഇതിന്റെ പ്രവർത്തനം സുഗമമാകാഞ്ഞതിനാൽ ബാങ്കുകളിലേക്ക് പണം ആവശ്യപ്പെട്ട് ഇൻഡന്റ് നൽകാൻ കഴിഞ്ഞില്ല.

എങ്കിലും പെൻഷൻ, ശമ്പളം വിതരണം തടസപ്പെട്ടില്ല. ട്രഷറികളിൽ ഉണ്ടായിരുന്ന നീക്കിയിരിപ്പുപണം ഉപയോഗിച്ച് രാവിലേതന്നെ വിതരണം തുടങ്ങി. ഇതു തീർന്നപ്പോഴേക്ക് സാങ്കേതികത്തകരാറു പരിഹരിച്ചു ബാങ്കുകളിൽനിന്നു പണം ലഭ്യമാക്കി. സംസ്ഥാനത്തുടനീളം ബി.എസ്.എൻ.എൽ. നെറ്റ്‌വർക്ക് മന്ദീഭവിച്ചതും ട്രഷറിപ്രവർത്തനത്തെ ചെറിയതോതിൽ ബാധിച്ചു. അധികൃതരെ ബന്ധപ്പെട്ട് ഇതും വേഗംതന്നെ പരിഹരിച്ചു. പണം എത്താൻ വൈകിയതിനാൽ മല്ലപ്പള്ളി ട്രഷറിയിൽ മാത്രം പ്രവർത്തനം തടസപ്പെട്ടു. അവർക്കു മുഴുവൻ ഇന്നു പണം നൽകുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. നീക്കിയിരുപ്പു പണം ഉപയോഗിച്ച് ഇന്നും രാവിലേതന്നെ വിതരണം ആരംഭിക്കും.

കടപ്പാട്: ജി ആര്‍ കാര്‍ത്തിക