ആയിരങ്ങൾക്ക് ആശ്വാസമായി സേവന സ്പർശം  

0

ചേർത്തല താലൂക്കിലുള്ളവർക്കായി നടത്തിയ ജില്ലാ കളക്ടറുടെ പൊതുജനപരാതി പരിഹാര പരിപാടി 'സേവനസ്പർശം' ആയിരങ്ങൾക്ക് ആശ്വാസം പകർന്നു. 2100 അപേക്ഷകളാണ് പൊതുജനപരാതി പരിഹാര പരിപാടിയിൽ ലഭിച്ചത്. 600 അപേക്ഷ തീർപ്പാക്കി. ചികിത്സാ ധനസഹായത്തിനും ബി.പി.എൽ. ആകാനും വീടും സ്ഥലവും ലഭിക്കാനുമുള്ള അപേക്ഷകളാണ് അധികവും ലഭിച്ചത്. രാവിലെ എട്ടിന് രജിസ്‌ട്രേഷൻ ആരംഭിച്ചപ്പോൾ തന്നെപരാതിക്കാരുടെ നീണ്ടനിര രൂപം കൊണ്ടിരുന്നു. റവന്യൂ, സർവേ, പട്ടയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തുടങ്ങിയവുമായി ബന്ധപ്പെട്ട പരാതികളായിരുന്നു അധികവും.

 വിവിധ പഞ്ചായത്ത്, നഗരസഭതല ഉദ്യോഗസ്ഥർ എന്നിവർ രാവിലെ തന്നെ സന്നിഹിതരായി. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ സ്വീകരിക്കാൻ അഞ്ചു പേരടങ്ങിയ കൗണ്ടർ സജ്ജമാക്കിയിരുന്നു. പരാതികൾ സ്വീകരിച്ച് ഓൺലൈനായി രേഖപ്പെടുത്തിയശേഷം പരാതിയുമായി ജില്ലാ കളക്ടറെ നേരിട്ട് സമീപിക്കാൻ സംവിധാനമൊരുക്കി. തീർപ്പാകാത്ത അപേക്ഷകൾ അതത് വകുപ്പുകൾക്ക് കൈമാറി. തുടർന്ന് വകുപ്പുതല ഉദ്യോഗസ്ഥർ പരാതികളിൽ എടുത്ത തീരുമാനം നിശ്ചിത ദിവസത്തിനകം ജില്ലാ കളക്ടറെ അറിയിക്കണം. സേവനസ്പർശം വെബ്‌സൈറ്റിൽ തൽസമയ വിവരം അറിയാനും സംവിധാനമുണ്ട്. നടപടികൾ തീരുന്നതോടെ ഓരോ പദ്ധതിയും വെബ്‌സൈറ്റിൽ തന്നെ പരിഹരിച്ചതായി രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിൽനിന്ന് 42 പേർക്ക് ധനസഹായം കൈമാറി. ആറു പേർക്ക് പട്ടയം നൽകി. പോക്കുവരവ്, ഭൂമിയേറ്റെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് 95 കേസുകൾ തീർപ്പാക്കി. സർവേ സംബന്ധിച്ച 60 പരാതികൾ ലഭിച്ചു. ജില്ലാ കളക്ടർ വീണ എൻ. മാധവൻ, എ.ഡി.എം. എം.കെ. കബീർ, ആർ.ഡി.ഒ. മുരളീരൻപിള്ള, ചേർത്തല തഹസിൽദാർ എസ്. വിജയൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വൈകിട്ട് ആറുമണിയോടെയാണ് പരിപാടി സമാപിച്ചത്. അപേക്ഷ നൽകാനെത്തിയവർക്കും ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു. താലൂക്ക് ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘം സ്ഥലത്തുണ്ടായിരുന്നു.