കൃഷി വകുപ്പിന്റെ 'വിഷുക്കണി' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  

0

വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കര്‍ഷക കൂട്ടായ്മ എന്നിവയുടെ സംയുക്ത സംരംഭത്തോടെ 'വിഷുക്കണി-2017' എന്ന പേരില്‍ നാടന്‍ പഴം-പച്ചക്കറി വിപണന ശൃംഖലകളുടെ സംസ്ഥാനതല ഉദ്ഘാടനം ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. 

ഓണസമൃദ്ധിയുടെ മാതൃകയില്‍ വിഷു-ഈസ്റ്റര്‍ അനുബന്ധിച്ച് ഏപ്രില്‍ 12,13 തീയതികളില്‍ 1090 പച്ചക്കറി വിപണികളാണ് കൃഷി വകുപ്പിന്റെ നതേൃത്വത്തില്‍ സര്‍ക്കാര്‍ ഒരുക്കുന്നത്. നാടന്‍ പച്ചക്കറികള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം നല്‍കിയാണ് കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നത്. ഇവ 30 ശതമാനം വരെ വില കുറച്ചാണ് ഉപഭോക്താക്കളിലെത്തിക്കുന്നത്. ഇതിനു പുറമേ നല്ല കൃഷിമുറകള്‍ പാലിച്ചുകൊണ്ട് കൃഷി ഉദ്യോഗസ്ഥരുടെ നേരിട്ടുളള നിരീക്ഷണത്തില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കപ്പെട്ട ജി.എ.പി. സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ കേരള ഓര്‍ഗാനിക് എന്ന നാമത്തില്‍ കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകള്‍ വഴി ലഭ്യമാക്കും. ജി.എ.പി ഉത്പന്നങ്ങള്‍ 20 ശതമാനം വരെ അധികം വില നല്‍കിയാണ് കര്‍ഷകരില്‍ നിന്നും സംഭരിക്കപ്പെടുന്നത്. 10 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. കൃഷിവകുപ്പ് മുഖേന 886 വിപണികളും, വി.എഫ്.പി.സി.കെയുടെ 106 വിപണികളും ഹോര്‍ട്ടികോര്‍പ്പിന്റെ 98 വിപണികളുമാണ് സംഘടിപ്പിക്കുന്നത്.