വിധിയെ തോല്‍പ്പിച്ച് 23 കാരന്‍ തുടങ്ങിയത് 50 കോടിയുടെ കമ്പനി

0

അവന്‍ ജനിച്ചപ്പോള്‍ നാട്ടുകാര്‍ അവനെ ഞെക്കി കൊല്ലാനാണ് മാതാപിതാക്കളോട് പറഞ്ഞത്. പിന്നീട് ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന വേദനകളെക്കാള്‍ നല്ലത് അതാണെന്ന് ചിലര്‍ പറഞ്ഞു. കണ്ണില്ലാതെ ജനിച്ചവന്‍ ഉപയോഗ ശൂന്യനാണെന്ന് ചിലര്‍ പറഞ്ഞു. അന്ധനായി ജനിക്കുന്നത് പാപമാണെന്ന് മറ്റ് ചിലര്‍.

ഇന്ന് 23 വര്‍ഷത്തിന് ശേഷം ശ്രീകാന്ത് ബൊല്ല ഉയരങ്ങളില്‍ എത്തിയിരിക്കുന്നു. 'ലോകം എന്നെ നോക്കി നിനക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്ന് പറയുകയാണെങ്കില്‍ ഞാന്‍ ലോകത്തോട് പറയും എനിക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല.' എന്ന് ആത്മവിശ്വാസത്തോടെ ശ്രീകാന്ത് പറയും.

ഹൈദരാബാദിലെ 'ബൊല്ലന്റ് ഇന്‍ഡസസ്ട്രി'യുടെ സി ഇ ഒ ആണ് ശ്രീകാന്ത്. വിദ്യാഭ്യാസമില്ലാത്ത ശാരീരികമായി വൈകല്യമുള്ളവര്‍ക്ക് ജോലി നല്‍കുന്ന ഒരു കമ്പനിയാണിത്. 50 കോടി രൂപയാണ് ഇതിന്റെ മൂലധനം. താന്‍ ഏറ്റവും വലിയ ഭാഗ്യവാനാണെന്ന് ശ്രീകാന്ത് പറയുന്നു. ഒരു കോടീശ്വരന്‍ ആയതുകൊണ്ടല്ല. ഒരു വര്‍ഷം 20000 രൂപ മാത്രം സമ്പാദിച്ചിരുന്ന തന്റെ മാതാപിതാക്കള്‍ ആരുടേയും വാക്ക് കേള്‍ക്കാതെ അവനെ നല്ല രീതിയില്‍ വളര്‍ത്തി. 'എനിക്ക് അറിയാവുന്നതില്‍ വച്ച് ഏറ്റവും വലിയ ആള്‍ക്കാര്‍ അവരാണ്.' ശ്രീകാന്ത് പറയുന്നു.

വിജയവീഥി

ഇങ്ങനെയുള്ള കഥകള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കും. ഒരുപാട് വെല്ലുവിളികള്‍ ഉയര്‍ന്നുവരും. എന്നാലും നാം സ്വപ്നം കാണും, കഠിനാധ്വാനം ചെയ്യും. സമൂഹം നമുക്ക് മുന്നില്‍ വയ്ക്കുന്ന അതിരുകളെ ചിലരെങ്കിലും മറികടന്ന് പോകാറുണ്ട്.

അന്ധനായി ജനിക്കുക എന്നത് കഥയുടെ ഒരുഭാഗം മാത്രമാണ്. അദ്ദേഹം ദരിദ്രനും ആയിരുന്നു എന്നത് മറ്റൊരു വശം. നമ്മുടെ സമൂഹത്തില്‍ ഇത് എങ്ങനെ ബാധിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. സ്‌കൂളില്‍ അവനെ ഏറ്റവും പിന്നിലുള്ള ബഞ്ചില്‍ ഇരുത്തി. അവനെ കളിക്കാന്‍ സമ്മതിച്ചിരുന്നില്ല. പത്താം ക്ലാസിന് ശേഷം ശ്രീകാന്ത് സയന്‍സ് വിഷയം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അവന്റെ കാഴ്ച വൈകല്യം കാരണം അതും നിഷേധിച്ചു. അവന്‍ നിരന്തരം പോരാടി. അങ്ങനെ യു എസില എം ഐ ടിയില്‍ ചേരുന്ന ലോകത്തിലെ ആദ്യ അന്ധ വിദ്യാര്‍ഥിയായി അവന്‍ മാറി.

എഴുത്തുകാരനായ പോളോ കോഹല്‍ഹോ പറയുന്നതുപോല 'വെളിച്ചത്തിന്റെ പോരാളികളായ നാം പ്രതിസന്ധി ഘട്ടങ്ങളില്‍ ക്ഷമയോടെ ഇരിക്കാന്‍ പരിശീലിക്കണം. ലോകം നമ്മള്‍ അറിയാതെ തന്നെ നമ്മുടെ ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണെന്ന് മനസ്സിലാക്കണം.'

ഇന്ന് ശ്രീകാന്തിന് നാല് പ്രൊഡക്ഷന്‍ പ്ലാന്റുകളുണ്ട്. ഹൂബ്ലിയിലും(കര്‍ണ്ണാടക), നിസാമാബാദിലും(തെലങ്കാന) ഓരോന്നും ഹൈദരാബാദില്‍ രണ്ടും 100 ശതമാനം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്ലാന്റ് ആന്ധ്രാ പ്രദേശിലെ വ്യവസായ നഗരമായ സ്രീ സിറ്റിയില്‍ വരാനിരിക്കുന്നു. ഇത് ചെന്നൈയില്‍ നിന്നും 55 കിലോ മീറ്റര്‍ അകലെയാണ്. രണ്ട് വര്‍ഷം മുമ്പാണ് നിക്ഷേപകനായ രവി നന്ത ശ്രീകാന്തിനെ കാണുന്നത്. അവന്റെ കാഴ്ചപ്പാടുകളില്‍ ആകൃഷ്ടനായ അദ്ദേഹം ഈ കമ്പനിയില്‍ നിക്ഷേപം നടത്തുകയും എല്ലാവിധ പിന്തുണയും നല്‍കുകയും ചെയ്തു.

'ഹൈദരാബാദില്‍ ഒരു ഷെഡ്ഡില്‍ ആയിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. അന്ന് 8 തൊഴിലാളികളും 3 മെഷീനും മാത്രമാണ് ഉണ്ടായിരുന്നത്. അവന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ മനസ്സിലാക്കി. സാങ്കേതിക വിദ്യയിലെ അവന്റെ പരിജ്ഞാനം എന്നെ അത്ഭുതപ്പെടുത്തി. ഇത്രയും ചെറിയ പ്രായത്തില്‍ ബിസിനസ്സില്‍ ഉള്ള വ്യക്തമായ കാഴചപ്പാടുകള്‍ എന്നെ അമ്പരപ്പിച്ചു.' രവി പറയുന്നു.

$2 മില്ല്യന്‍ ഡോളര്‍ ഫണ്ട് സ്വരൂപിക്കുകയാണ് അവര്‍. 9 കോടി രൂപയുടെ ഫണ്ട് ഇതുവരെ ലഭിച്ചു കഴിഞ്ഞു. രവിയുടെ ലക്ഷ്യം ഈ കമ്പനിയെ ഐ പി ഒയില്‍ എത്തിക്കുക എന്നതാണ്. ഒരു കമ്പനിയില്‍ 70 ശതമാനം തൊഴിലാളികളും വൈകല്യമുള്ളവര്‍ ആകുമ്പോള്‍ വിജയിക്കുക എന്നത് പ്രയാസമാണ്.

ഒറ്റപ്പെടല്‍ എന്ന ശാപം

'വൈകല്യമുള്ള കുട്ടികല്‍ ജനനം മുതല്‍ തന്നെ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണ്.' കഴിഞ്ഞ മാസം മുബൈയില്‍ INK Talkes സ്റ്റേജില്‍ ഒരു പ്രസംഗത്തിനിടെ ശ്രീകാന്ത് പറഞ്ഞു. 'ഒരാളെ ജീവിക്കാനും മുന്നേറാനും സഹായിക്കുന്ന ഒരു വികാരമാണ് സഹതാപം. ഇത് ഒരാളെ സമ്പന്നനാക്കാന്‍ സഹായിക്കും. പണം കൊണ്ടല്ല സന്തോഷത്തില്‍ നിന്നാണ് സമ്പന്നനാകേണ്ടത്.'

ശ്രീകാന്ത് കുട്ടിയായിരിക്കുമ്പോള്‍ കര്‍ഷകനായ അച്ഛന്‍ പാടത്തും പറമ്പിലും കൊണ്ടുപോകുമായിരുന്നു. എന്നാല്‍ ശ്രീകാന്തിന് ഒന്നും ചെയ്ത് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് അവനെ പഠിപ്പിക്കാന്‍ അച്ഛന്‍ തീരുമാനിച്ചു. 5 കിലോമീറ്റര്‍ അകലെയായിരുന്നു സ്‌കൂള്‍. നടന്നാണ് അവന്‍ സ്‌കൂളില്‍ പോയിരുന്നത്. 2 വര്‍ഷം ഇത് തുടര്‍ന്നു.

'ആരും എന്നെ ശ്രദ്ധിച്ചില്ല ഞാന്‍ ഏറ്റവും പിന്നിലുള്ള ബഞ്ചില്‍ ഇരിക്കുവായിരുന്നു. അവിടെ ഉള്ളതില്‍ വച്ച് ഏറ്റവും ദരിദ്രന്‍ ഞാനാണെന്ന് എനിക്ക് തോന്നി. പണത്തിന്റെ കുറവ് കൊണ്ടല്ല, ഏകാന്തത ആയിരുന്നു അതിന് കാരണം.'

കുട്ടിക്ക് ഒന്നും പഠിക്കാന്‍ കഴിയുന്നില്ല എന്ന മനസ്സിലാക്കിയ അച്ഛന്‍ അവനെ ഹൈദരാബാദിലെ ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ത്തു. അവിടെ നിന്നും അവന്‍ ചെസ്സ്, ക്രിക്കറ്റ് എന്നിവ പഠിച്ചു. അവന്‍ ക്ലാസില്‍ ഒന്നാമനായി മാറി. അന്തരിച്ച മുന്‍ രാഷ്ടപതി എ പി ജെ അബ്ദുല്‍ കലാമിന്റെ കൂടെ ലീഡ് ഇന്ത്യാ പ്രോജക്ടില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.

അന്ധ്രാ പ്രദേശിലെ സ്റ്റേറ്റ് ബള്‍ഡില്‍ നിന്ന് പത്താം ക്ലാസ്സില്‍ 90 ശതമാനം മാര്‍ക്കോടെ ശ്രീകാന്ത് വിജയിച്ചു. എന്നാല്‍ പതിനൊന്നാം ക്ലാസ്സില്‍ സയന്‍സ് തിരഞ്ഞെടുക്കാന്‍ അവര്‍ സമ്മതിച്ചില്ല. അങ്ങനെ അതിന് വേണ്ടി പോരാടാന്‍ അവര്‍ തീരുമാനിച്ചു. 'ഞാന്‍ ആറ് മാസം ഇതിന് വേണ്ടി പോരാടി. പിന്നീട് സ്വന്തം ഉത്തരവാദിത്തത്തില്‍ സയന്‍സ് എടുത്ത് പഠിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.'

ശ്രീകാന്ത് പാഠ്പുസ്തകങ്ങള്‍ എല്ലാം ഓഡിയോ ബുക്കാക്കി മാറ്റിയെടുത്തു. രാവും പകലും പഠിച്ച് 98 ശതമാനം മാര്‍ക്കോടെ 12ാം ക്ലാസ് പരീക്ഷ വിജയിച്ചു.

ധീരതക്ക് തുണയായി ഭാഗ്യം

ശ്രീകാന്ത് ഐ ഐ ടി, ബി ഐ ടി എസ് തുടങ്ങിയ പല മുന്‍നിര കോളേജുകളിലും അപേക്ഷ നല്‍കി. എന്നാല്‍ ആരും ഹാള്‍ടിക്കറ്റ് നല്‍കിയില്ല. അതിന് പകരം എനിക്ക് ഒരു കത്ത് ലഭിച്ചു. 'നിങ്ങല്‍ അന്ധനായതുകൊണ്ട് മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.' ഐ ഐ ടിക്ക് എന്നെ വേണ്ടെങ്കില്‍ എനിക്കും ഐ ഐ ടി വേണ്ട. എത്രകാലം ഒരാള്‍ക്ക് പോരാട്ടം നടത്താന്‍ കഴിയും?

പിന്നീട് വീട്ടിലിരുന്ന് തനിക്ക് പറ്റിയ ഒരു എഞ്ചിനീയറിങ്ങ് കോളേജ് ഇന്റര്‍നെറ്റില്‍ തിരയാന്‍ തുടങ്ങി. തുടര്‍ന്ന് യു എസിലെ സ്‌കൂളില്‍ അപേക്ഷ നല്‍കി. അവിടുത്തെ 4 മുന്‍നിരയിലുള്ള കോളേജുകളില്‍ അവസരം ലഭിച്ചു. എം ഐ ടി, സ്റ്റാന്‍ഫോര്‍ഡ്, ബെര്‍ക്കിലി, കാര്‍നെജ് മെല്ലോന്‍ എന്നീ സ്ഥാപനങ്ങളില്‍ ശ്രീകാന്ത് എം ഐ ടി തിരഞ്ഞെടുത്തു. അവിടുത്തെ ആദ്യത്തെ അന്ധ വിദ്യാര്‍ഥി എന്ന പ്രത്യാകതയും ശ്രീകാന്തിനുണ്ടായിരുന്നു. ആദ്യമൊക്കെ അവിടത്തെ ജീവിതവുമായി പൊരുത്തപ്പെടാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് എല്ലാം ശരിയായി. ഇതുകഴിഞ്ഞ് എന്ത് ചെയ്യും എന്ന ചിന്തയായി.

'എന്റെ മുന്നില്‍ ഒരുപാട് ചോദ്യങ്ങല്‍ ഉണ്ടായിരുന്നു. എന്തുകൊണ്ട് വൈകല്യമുള്ള കുട്ടിയെ ക്ലാസിന്റെ പിന്നില്‍ നിര്‍ത്തുന്നത്? എന്തുകൊണ്ടാണ് ജനസംഖ്യയില്‍ 10 ശതമാനം വരുന്ന വൈകല്യമുള്ളവരെ സമ്പദ്ഘടനയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്? മറ്റുള്ളവരെപ്പോലെ അവര്‍ക്കും ഒരു ഉപജീവനമാര്‍ഗ്ഗം ലഭിക്കാത്തത് എന്തുകൊണ്ടാണ്?'

അമേരിക്കയിലെ നല്ല അവസരങ്ങല്‍ ഉപേക്ഷിച്ച് അവര്‍ ഇന്ത്യയിലെത്തി. വൈകല്യമുള്ളവര്‍ക്ക് സേവനം നല്‍കാനായി ഒരു സംവിധാനം ഉണ്ടാക്കി. 'ഞങ്ങള്‍ 3000 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നേടിക്കൊടുത്തു. എന്നാല്‍ പിന്നീട് അവരുടെ ജോലിയെക്കുറിച്ച് ചിന്തിച്ചു. അങ്ങനെ ഞാന്‍ ഈ കമ്പനി ഉണ്ടാക്കി. ഇപ്പോള്‍ വൈകല്യമുള്ള 150 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ശ്രീകാന്തിനെ സഹായിക്കാനായി അധ്യാപികയായ സ്വര്‍ണ്ണലത എപ്പോഴും കൂടെയുണ്ട്. 'തന്റെ സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപിക ആയിരുന്നു അവര്‍. അവരാണ് അവിടെയുള്ള തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നത്. അങ്ങനെ അവിടെ നല്ലൊരു കൂട്ടായ്മ അവര്‍ സൃഷ്ടിച്ചു.' രവി പറയുന്നു. 'എനിക്ക് ഏറ്റഴും വലിയ പ്രചോദനമാണ് ശ്രീകാന്ത്. അവര്‍ എന്റെ സുഹൃത്ത് മാത്രമല്ല. ഒരു കാര്യത്തില്‍ മനസ്സ് പൂര്‍ണമായി സമര്‍പ്പിച്ചാല്‍ എന്തും സാധ്യമാകും എന്ന് ദിവസവും അവനെ പഠിപ്പിക്കുന്നു.' രവി കൂട്ടിച്ചേര്‍ത്തു.

അന്ധനായി ജനിച്ച ഈ കുട്ടി ഇന്ന് ഒരുപാട് പേര്‍ക്ക് സന്തോഷത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു. തന്റെ ജീവിതത്തില്‍ നിന്നും പഠിച്ച മൂന്ന് പാഠങ്ങല്‍ ഇവിടെ പങ്കുവെക്കുന്നു. സഹതാപത്തോടെ ആള്‍ക്കാരെ സമ്പന്നരാക്കുക. നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് പേരെ ഉള്‍പ്പെടുത്തി ഏകാന്തത ഇല്ലാതാക്കുക. നന്മ ചെയ്യുക: അത് നിങ്ങളിലേക്ക് തന്നെ തിരികെ എത്തും.