കുടിവെള്ളം തുള്ളിപോലും പാഴാക്കരുത്; ക്ഷാമം നേരിടാന്‍ കൂട്ടായ ശ്രമം ആവശ്യമെന്ന് കളക്ടര്‍

കുടിവെള്ളം തുള്ളിപോലും പാഴാക്കരുത്; ക്ഷാമം നേരിടാന്‍ കൂട്ടായ ശ്രമം ആവശ്യമെന്ന് കളക്ടര്‍

Saturday April 29, 2017,

2 min Read

കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഒരു തുള്ളിവെള്ളം പോലും പാഴാ ക്കരുതെന്ന് ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ക്ക് ആവശ്യമായ തോതില്‍ കുടിവെള്ളം എത്തിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്. നഗരപരിധിയില്‍ ഇതിനോടകം 51 കിയോസ്‌കുകള്‍ സ്ഥാപിച്ച് ടാങ്കറുകളില്‍ ജലം ലഭ്യമാക്കുന്നുണ്ട്. അന്‍പത് പുതിയ കിയോസ്‌കുകള്‍കൂടി വരും ദിവസങ്ങളില്‍ സ്ഥാപിച്ച് ജലവിതരണം നടത്തും. ആവശ്യമെങ്കില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ ടാങ്കറുകള്‍ അനുവദിക്കുമെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വരള്‍ച്ചാ അവലോകനയോഗത്തില്‍ കളക്ടര്‍ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണഫലപ്രാപ്തിയിലെത്തിക്കാന്‍ ജനങ്ങളുടെ സഹകരണം വേണമെന്നും കളക്ടര്‍ പറഞ്ഞു.

image


നിലവിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മേയ് 25 വരെ നഗരത്തില്‍ ഇതേ തോതില്‍ ജലം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചു. നെയ്യാര്‍ ഡാമില്‍ നിന്നും ജലം എത്തിക്കുന്ന നടപടി പൂര്‍ത്തിയായാല്‍ ജൂണ്‍ ആദ്യവാരം വരെ ജലം വിതരണം നടത്താന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. അരുവിക്കരയില്‍ നിന്നുള്ള പമ്പിംഗില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം യോഗം വിലയിരുത്തി. ഒന്നിടവിട്ട ദിവസങ്ങളില്‍ പൂര്‍ണമായി പമ്പിംഗ് നടത്തുകയും അടുത്ത ദിവസം പകുതിയാക്കുകയുമാണ് നിലവില്‍ ചെയ്തുവരുന്നത്. കിയോസ്‌കുകളില്‍ രണ്ടുമൂന്ന് സ്ഥലങ്ങളില്‍ മാത്രമാണ് ഇതുവരെ ഒന്നിലധികം തവണ ജലം നിറക്കേണ്ടി വന്നതെന്നും ജലവിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചു.

നെയ്യാര്‍ റിസര്‍വോയറില്‍ 13 എം.എം.സി ജലം ഉണ്ടെന്ന് ജലസേചനവകുപ്പ് അധികൃതര്‍ പറഞ്ഞു. ഏഴ് ദിവസത്തേക്ക് നെയ്യാറിന്റെ ഇരുകര കനാലുകളില്‍ കൂടി ജലം തുറന്നുവിടുന്നതിന് 4.9 എം.എം.സി ജലം വേണ്ടിവരും. അഞ്ച് എം എം സി ജലം അരുവിക്കരയിലേക്ക് എത്തിക്കുന്നതിനും അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിന് മൂന്ന് എം. എം.സി ജലം റിസര്‍വ് ചെയ്തു സൂക്ഷിക്കുന്നതിനും തീരുമാനമായി.

ജില്ലയിലെ 65 നിരീക്ഷണ കിണറുകളുടെ പരിശോധനയില്‍ ജലനിരപ്പ് രണ്ടു മുതല്‍ ആറുമീറ്റര്‍ വരെ താഴ്ന്നതായി ഭൂഗര്‍ഭ ജലവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ അടിയന്തര സാഹചര്യങ്ങളിലൊഴികെ കുഴല്‍കിണറുകള്‍ കുഴിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭൂഗര്‍ഭജല റീചാര്‍ജ്ജിംഗിന് വകുപ്പ് ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ ജലവിഭവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ അനിത പി.പി, സുരേഷ് ചന്ദ്രന്‍, ഭൂഗര്‍ഭജലവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.വി വില്‍സണ്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ഹരിദാസ്, നെയ്യാര്‍ ജലസേചനപദ്ധതി അസി. എന്‍ജിനീയര്‍ അജയ്കുമാര്‍, ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.