വലിയ ഫലത്തിനായി ചെറിയ മാറ്റങ്ങളില്‍ വിശ്വസിച്ച് സുഷമ ബെര്‍ലിയ

0

 ലിംഗ സമത്വം പൂര്‍ണമായും നേടണമെങ്കില്‍ ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും. എന്നാല്‍ ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ശാക്തികരണം ലഭിക്കുന്നെന്ന് ഉറപ്പാക്കാനായാണ് അപീജേ സത്യാ ഗ്രൂപ്പിന്റെ പ്രസിഡന്റായ സുഷമ ബെര്‍ലിയ ശ്രമിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍സും കെമിക്കലുകളും, റിയല്‍ എസ്‌റ്റേറ്റും, അന്താരാഷ്ട്ര വ്യാപാരവും വിതരണവും, ധനപരമായ നിക്ഷേപങ്ങളും സേവനങ്ങളും, വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ബിസിനസുകള്‍, പ്രകാശനവും മാദ്ധ്യമവും തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് 7,500 കോടി രൂപയുടെ ബിസിനസുകളാണ് അവര്‍ നടത്തുന്നത്.

ജോലി സ്ഥലങ്ങളിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സുഷമ അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നു. കാലനുസൃതമായ ചെറിയ മാറ്റങ്ങള്‍ ഫലങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സുഷമയുടെ അഭിപ്രായം. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കാരണം ചിലപ്പോള്‍ സ്ത്രീകള്‍ക്ക് മുഴുവന്‍ സമയവും ജോലി ചെയ്യാന്‍ സാധിച്ചെന്ന് വരില്ല. അങ്ങനെയുള്ളവര്‍ക്ക് പാര്‍ടൈം ജോലികളോ ഫ്‌ലക്‌സി ജോലി സമയങ്ങളോ നല്‍കി അവര്‍ക്ക് വീട്ടിലിരുന്ന് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കുന്നു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

1995ല്‍ ഡെന്‍മാര്‍ക്കില്‍ലെ കോപ്പന്‍ഹേഗനില്‍ വച്ച് നടന്ന യു.എന്‍ ലോക സാമൂഹിക ഉച്ചകോടിയില്‍ ജോലി സ്ഥലങ്ങളിലെ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കാനായി സുഷമയെ ക്ഷണിച്ചിരുന്നു. അവരുടെ സ്ത്രീകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളാണ് ഈ അവസരം അവര്‍ക്ക് നേടിക്കൊടുത്തത്.

ഭാഗ്യവശാല്‍ ചെറുപ്പകാലം മുതല്‍ ഇന്നോളം തനിക്ക് പെണ്ണാണെന്നതിന്റെ പേരില്‍ വേറുകൃത്യം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് സുഷമ പറഞ്ഞു. ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍ സ്‌കൂള്‍ സമയത്തിന് ശേഷം അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചുകൊണ്ടു പോകാറുണ്ടായിരുന്നു. അങ്ങനെയാണ് താന്‍ ബിസിനസിനെപ്പറ്റി കൂടുതലായി മനസിലാക്കി തുടങ്ങിയത്. അച്ഛനായിരുന്നു തന്റെ ചിന്തകളെ രൂപപ്പെടുത്തിയതില്‍ നിസ്തുലമായ പങ്ക് വഹിച്ചത്. അദ്ദേഹം ഒരു സ്വാതന്ത്യ സമര സേനാനിയായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും മറ്റുള്ളവരെ തന്നാലാകും വിധം സഹായിക്കാനും അച്ഛനാണ് തന്നെ പ്രോത്സാഹിപ്പിച്ചത്. വിദ്യാഭ്യാസത്തിനും പഠനത്തിനും അദ്ദേഹം വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. എല്ലാവര്‍ക്കും സമ്പാദ്യമുണ്ടാക്കുന്ന പ്രക്രിയയാണ് ബിസിനസ് എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു എന്നും സുഷമ ഓര്‍ക്കുന്നു.

ചെറുപ്പത്തില്‍ തന്നെ ഏറെ സ്വാധീനിച്ച ഒരു സംഭവത്തെപ്പറ്റി സുഷമ സംസാരിച്ചു. 1971ലെ യുദ്ധത്തിന്റെ സമയം. ഒരിക്കല്‍ സുഷമയും കുടുംബവും കൊല്‍ക്കത്തയിലൂടെ കാറില്‍ സഞ്ചരിക്കവെ പെട്ടെന്ന് അവരുടെ സമീപത്തായി ബോംബ് സ്‌ഫോടനം ഉണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് മനസിലായില്ല. എല്ലാവരും ഉടന്‍ തന്നെ കാറില്‍ നിന്നും ഇറങ്ങി ഒരു അഭയകേന്ദ്രം തേടാന്‍ തുടങ്ങി. അതേ സമയം തങ്ങളെല്ലാം മരിക്കാന്‍ പോവുകയാണെന്ന് കരുതി കുഞ്ഞ് സുഷമ വല്ലാതെ ഭയന്നു. അപ്പോള്‍ അവളുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. ' നമ്മളെല്ലാവരും ഒരു ദിവസം മരിക്കേണ്ടവരാണ്, എന്നു കരുതി മരണത്തെ പ്രതീക്ഷിച്ച് ആയിരം തവണ മരിക്കേണ്ടതില്ല'.

സുഷമയേയും സഹോദരങ്ങളേയും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നതിന് അവരുടെ അച്ഛന്‍ എല്ലായ്‌പ്പോഴും പ്രോത്സാഹനങ്ങള്‍ നല്‍കിയിരുന്നു. തോല്‍വികളെ പേടിക്കരുതെന്ന് അ്‌ദ്ദേഹമാണ് അവരെ പഠിപ്പിച്ചത്. മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കാന്‍, അവരുടെ തല കുനിയാതിരിക്കാന്‍ തന്റെ എല്ലാ മേഖലകളിലും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സുഷമ ശ്രദ്ധിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഒരിക്കല്‍ ഒരു വിഷയത്തിന് സുഷമയുടെ മാര്‍ക്ക് അല്‍പ്പം കുറഞ്ഞു പോയി. തന്റെ റിപ്പോര്‍ട്ട് കാര്‍ഡ് അച്ഛനെ കാണിക്കാന്‍ അന്നവള്‍ക്ക് ഭയമായിരുന്നു. എന്നാല്‍ അക്കാര്യം മനസിലാക്കിയ അവളുടെ അച്ഛന്‍ അവളെ വഴക്കൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, സാരമില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തു. തന്നില്‍ അ്‌ദ്ദേഹം സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

1981ലാണ് സുഷമ വിവാഹിതയാകുന്നത്. വിവാഹശേഷം ഭര്‍ത്താവിന്റെ ഓഫീസില്‍ എത്തിയപ്പോഴാണ് അവിടെ ഒരു സ്ത്രീ പോലും ജോലി ചെയ്യുന്നില്ലെന്ന് സുഷമ മനസിലാക്കിയത്. തന്നെ വിവാഹം ചെയ്തു വിട്ട കുടുംബം സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് എതിരാണെന്ന് പതുക്കെ അവള്‍ മനസിലാക്കി. സുഷമയുടെ ഭര്‍ത്താവ് വിജയും ആദ്യം ഇതേ മനസ്ഥിതി പുലര്‍ത്തിയിരുന്നു. എന്നാല്‍ സുഷമയുടെ അമ്മായിയമ്മ സ്ത്രീകള്‍ ജോലി ചെയ്യണമെന്ന് പക്ഷക്കാരിയായിരുന്നു. വിദ്യാഭ്യാസമുള്ളൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ അവള്‍്ക്ക് മുന്നേറാനുള്ള അവസരങ്ങള്‍ നല്‍കണമെന്നും അല്ലാതെ വീട്ടില്‍ പിടിച്ചിരുത്താന്‍ പാടില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

അവരുടെ കുടുംബത്തില്‍ നിന്നും ആദ്യമായി ജോലിക്ക് പോയ സ്ത്രീ സുഷമയായിരുന്നു. താനാദ്യമായി ബിസിനസ് രംഗത്ത് എത്തിയപ്പോള്‍ കുറച്ച് പ്രയാസങ്ങള്‍ അനുഭവപ്പെട്ടു. ബിസിനസിനെപ്പറ്റിയുള്ള കാര്യങ്ങളെല്ലാം പഠിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. തനിക്കെല്ലാം അറിയാമെന്ന ഭാവവുമായി ഇരിക്കാതെ അറിയാത്ത കാര്യങ്ങള്‍ മറ്റുള്ളവരുമായി ചോദിച്ച് മനസിലാക്കണമെന്ന് താനവിടെ നിന്നും പഠിച്ചതായി സുഷമ വ്യക്തമാക്കി.

വീട്ടിലേയും ഓഫീസിലേയും കാര്യങ്ങള്‍ ഒരേ പോലെ കൊണ്ടുപോകാന്‍ അവര്‍ ഏറെ കഷ്ടപ്പെട്ടു. മീറ്റിംഗുകളുടെ ഇടവേളയിലാണ് സുഷമ തന്റെ മക്കളെ പഠിപ്പിക്കാനുള്ള സമയം കണ്ടെത്തിയത്. പലപ്പോഴും ബോര്‍ഡ് മുറികളില്‍ തന്നെയാണ് കുട്ടികള്‍ അവരുടെ ഹോംവര്‍ക്കുകള്‍ ചെയ്തിരുന്നത്. ജീവിതത്തിന്റെ ഏതൊരു മേഖലയിലായാലും ഇതൊരു എളുപ്പമുള്ള യാത്രയല്ല. ചിലപ്പോള്‍ കഷ്ടപ്പാടുകളും ചിലപ്പോള്‍ പാരിതോഷികങ്ങളും ലഭിക്കാം. എന്നാല്‍ ഇവയൊന്നും എന്നെന്നും നിലനില്‍ക്കില്ല എന്നും സുഷമ പറഞ്ഞു. ചില വിശ്വാസപ്രമാണങ്ങളാണ് സുഷമയെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുക. നിങ്ങളെ തന്നെ ശ്രദ്ധിക്കുക. പണം നിങ്ങളെ നയിക്കാന്‍ ഇടവരുത്തരുത്. ഒരു ഐഡിയ ഉണ്ടാകണം, ബിസിനസ് മോഡലും. പണം പിന്നാലെ വന്നോളും. മോശം സമയം എന്നെന്നും നിലനില്‍ക്കില്ലെന്നും സുഷമ ഓര്‍മ്മപ്പെടുത്തുന്നു.