'റെസ്‌പോണ്‍സിബിള്‍ മീഡിയ' മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

0

സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ച് പ്രതികരിക്കാനും സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാനും മാധ്യമങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'റെസ്‌പോണ്‍സിബിള്‍ മീഡിയ' മാധ്യമസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ആരോഗ്യകരമായ ഇടപെടലാണ് ഉണ്ടാകേണ്ടത്. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് മാധ്യമങ്ങള്‍ക്കുണ്ടായിരുന്ന പ്രതിബദ്ധത ഇപ്പോഴുണ്ടോ എന്ന് പരിശോധിക്കണം. 

മാധ്യമരംഗത്ത് അപചയം ഉണ്ടായതായി ആ രംഗത്തെ മുതിര്‍ന്നവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങളില്‍ മാധ്യമങ്ങള്‍ സ്വയം പരിശോധന നടത്തണം. കൂടുതല്‍ മാധ്യമങ്ങള്‍ കടന്നുവന്നതോടെ മത്‌സരം ശക്തമായിട്ടുണ്ട്. ഇതോടെ സ്വീകാര്യത പിടിച്ചുപറ്റാന്‍ പല മാര്‍ഗങ്ങള്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഈ പരക്കംപാച്ചിലില്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട പലതും നഷ്ടമാകുന്ന ശാന്തമായി പരിശോധിക്കേണ്ട ഘട്ടമാണിത്. നമ്മുടെ നാട്ടിലെ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ മുഖ്യപങ്ക് മാധ്യമങ്ങള്‍ക്ക് വഹിക്കാനാകും. വിവാദങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാതെ ഇത്തരം ആരോഗ്യകരമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരണം. ഇപ്പോള്‍ വിഷയം പരതുന്ന അവസ്ഥയാണ് മാധ്യമങ്ങള്‍ക്ക്. ഇങ്ങനെ തുടര്‍ന്നാല്‍ മതിയോ എന്നാലോചിക്കണം. സര്‍ക്കാരിന്‍േറയോ അധികൃതരുടേയോ ഭാഗത്തു കുറവുകള്‍ ഉണ്ടായാല്‍ വിമര്‍ശിക്കുന്നത് തെറ്റല്ല. എന്നാല്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ശരിയായ ധര്‍മമാണോ എന്ന് പരിശോധിക്കണം. കോര്‍പറേറ്റ്‌വത്കരണം വന്നതോടെ മാധ്യമരംഗത്ത് മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നിരുന്നാലും സാമൂഹിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. മാധ്യമങ്ങള്‍ വിശ്വാസ്യത നിലനിര്‍ത്തി പോകാനാകണം. സാമൂഹികമാധ്യമരംഗത്തുള്‍പ്പെടെ പലപ്പോഴുംവലിയ വിമര്‍ശനം ഉയര്‍ന്നുവരുന്നത് കാണാതെ പോകരുത്. മാധ്യമങ്ങള്‍ക്ക് കൃത്യമായ മാധ്യമനയം ഉണ്ടാകുകയും അവരത് പ്രസിദ്ധീകരിക്കുകയും വേണം. ദുര്‍ബല വിഭാഗങ്ങളോടും സ്ത്രീപക്ഷത്തോടും പ്രതിപത്തിയുള്ള വ്യക്തതയാര്‍ന്ന നയത്തോടെ മുന്നോട്ടുപോകാനാകണം. പശ്ചാത്തല സൗകര്യവികസനങ്ങളില്‍ ജനങ്ങളില്‍ അനുകൂല സമീപനം സ്വീകരിക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്. നാടിന്റെ മുഖച്ഛായ മറ്റുംവിധമുള്ള നാല് മിഷനുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇക്കാര്യങ്ങളിലെല്ലാം സാമൂഹ്യബാധ്യതയുടെ ഭാഗമായ പിന്തുണ മാധ്യമങ്ങളില്‍ നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ചടങ്ങില്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സത്യത്തെ ഉള്‍ക്കൊള്ളാത്ത മാധ്യമപ്രവര്‍ത്തനത്തെ ആ ഗണത്തില്‍ കണക്കാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂലധനസ്വാധീനമുള്ളതിനാല്‍ പൂര്‍ണമായ അര്‍ഥത്തില്‍ മാധ്യമങ്ങള്‍ക്ക് സത്യത്തോട് അടുത്തുനില്‍ക്കാനാകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തോമസ് ജേക്കബ് (മലയാള മനോരമ), എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (ദേശാഭിമാനി), ഒ. അബ്ദുറഹ്മാന്‍ (മാധ്യമം), ഫാദര്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ (ദീപിക), ആര്‍.എസ്. ബാബു (മീഡിയ അക്കാദമി ചെയര്‍മാന്‍), കെ.പി. മോഹനനന്‍ (ജയ്ഹിന്ദ് ടി.വി), സി. ഗൗരീദാസന്‍ നായര്‍ (ദി ഹിന്ദു), ദീപു രവി (കേരള കൗമുദി), ഉണ്ണി ബാലകൃഷ്ണന്‍ (മാതൃഭൂമി ന്യൂസ്), രാജാജി മാത്യു തോമസ് (ജനയുഗം) എന്നിവര്‍ സംബന്ധിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി സ്വാഗതവും അഡീ. ഡയറക്ടര്‍ പി. വിനോദ് നന്ദിയും പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് കേരള മീഡിയ അക്കാദമി, പ്രസ് ക്ലബ്, മാര്‍ ഇവാനിയോസ് കോളേജ് ജേര്‍ണലിസം വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.