കനകക്കുന്നില്‍ അപൂര്‍വ ഫോട്ടോകളുടെ പ്രദര്‍ശനം

കനകക്കുന്നില്‍ അപൂര്‍വ ഫോട്ടോകളുടെ പ്രദര്‍ശനം

Sunday April 30, 2017,

2 min Read

വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടാന്‍ ചരിത്രം കൂടുതല്‍ കരുത്ത് പകരുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഐക്യകേരള ചരിത്രത്തിലെ അപൂര്‍വ നിമിഷങ്ങള്‍ ഒപ്പിയെടുത്ത അമൂല്യ ഫോട്ടോകളുടെ പ്രദര്‍ശനം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ അറിവ് ചിത്രങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനാകും. കേരളത്തിലെ ഇന്നത്തെ സാമൂഹിക ചിത്രത്തിന് അടിത്തറ പാകിയത് ഇ.എം.എസ്. സര്‍ക്കാരാണ്. 

image


അത് പുതിയ തലമുറയെ പഠിപ്പിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ കേരളത്തിലെ ആദ്യ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി ഇ.എം.എസ്. ഗവര്‍ണര്‍ ഡോ. ബുര്‍ഗുള രാമകൃഷ്ണ റാവു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് പ്രദര്‍ശനത്തിലുള്ള ആദ്യ ചിത്രം. മന്ത്രി സഭാംഗങ്ങളായ ടി.വി. തോമസ്, കെ.സി. ജോര്‍ജ്, കെ.പി. ഗോപാലന്‍, ടി.എ. മജീദ്, പി.കെ. ചാത്തന്‍, ജോസഫ് മുണ്ടശ്ശേരി, കെ.ആര്‍. ഗൗരി, വി.ആര്‍. കൃഷ്ണയ്യര്‍, ഡോ. എ.ആര്‍. മേനോന്‍ എന്നിവര്‍ മുഖ്യമന്ത്രി ഇ.എം.എസിനോടൊപ്പമിരിക്കുന്ന ചിത്രം, ഇ.എം.എസിന്റെയും എ.കെ.ജിയുടെയും സ്വകാര്യ സംഭാഷണത്തിന്റെ ചിത്രം, ധനമന്ത്രി സി. അച്യുതമേനോന്‍ ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന ചിത്രം, കേരളപ്പിറവിക്കുശേഷം നടന്ന ആദ്യ സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി ഇ.എം.എസ് സംബന്ധിക്കുന്ന ചിത്രം, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന ചിത്രം തുടങ്ങിയ അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളില്‍ കാണാം. 1940ലെ സെക്രട്ടേറിയറ്റിന്റെ ചിത്രം ഏറെ കൗതുകകരമായ ചിത്രമാണ്. ഐക്യകേരളത്തിനുമുന്നോടിയായി കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ തിരുവിതാംകൂര്‍ മഹാരാജാവും കൊച്ചി മഹാരാജാവും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന അത്യപൂര്‍വ ചിത്രവും 1959 ജൂലൈ 31ന് ആദ്യ മന്ത്രി സഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഇ.എം.എസ്. സെക്രട്ടേറിയറ്റ് ജീവനക്കാരോട് വിടവാങ്ങുന്ന ചിത്രവും ഇ.എംഎസിന്റെ കുടുംബ ചിത്രങ്ങളും, രണ്ടാം ഇ.എം.എസ് മന്ത്രിസഭാ രൂപീകരണത്തിനുശേഷം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ സ്വീകരണവും പട്ടം താണുപിള്ളയുടെ നേതൃത്തിലുള്ള രണ്ടാമത്തെ മന്ത്രി സഭാംഗങ്ങളുടെ ചിത്രവും കൂടാതെ അറുപതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തെ ചരിത്ര സമ്പന്നമാക്കുന്നു. ആദ്യ കേരള മന്ത്രി സഭയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ചതാണ് പ്രദര്‍ശനം. മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പളളി, ഇ.എം.സിന്റെ മകള്‍ ഇ.എം.രാധ, എന്നിവര്‍ പ്രദര്‍ശനം കാണാനെത്തി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ കെ. സുരേഷ്‌കുമാര്‍, എസ്.ആര്‍. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദര്‍ശനം 26 വരെ കനകക്കുന്നില്‍ നടക്കും.