എസ്.എ.ടി.യില്‍ ജനമൈത്രി പോലീസ് സഹായ കേന്ദ്രം  

0

എസ്.എ.ടി. ആശുപത്രിയില്‍ മെഡിക്കല്‍ കോളേജ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാരംഭിച്ച ജനമൈത്രി സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

എസ്.എ.ടി. ആശുപത്രിയിലെ സുരക്ഷാ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി പോലീസും മെഡിക്കല്‍ കോളേജും സഹകരിച്ചാണ് ഈ സഹായ കേന്ദ്രം സജ്ജമാക്കിയത്. ഇവിടെ വരുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും സഹായകരമാകും വിധമാണ് ജനമൈത്രി സഹായ കേന്ദ്രം പ്രവര്‍ത്തിക്കുക. വനിതാ പോലീസ് അടക്കമുള്ള പോലീസുകാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.

ആശുപത്രിയിലെത്തുന്ന രോഗികളുടെ സംശയം ദൂരീകരിക്കുക, അവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, ചുക്കുകാപ്പി നല്‍കുക, സൗജന്യ ഭക്ഷണവും താമസവും കിട്ടുന്ന സ്ഥലങ്ങള്‍ അറിയിക്കുക എന്നിവയാണ് ഈ സേവന കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നത്.

സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, അസി. കമ്മീഷണര്‍ പ്രമോദ് കുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് സി.ഐ. ബിനകുമാര്‍, എസ്.എ.ടി. സൂപ്രണ്ട് ഡോ. വി.ആര്‍.നന്ദിനി, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. സന്തോഷ് കുമാര്‍, എ.ആര്‍.എം.ഒ. ഡോ. അജിത് കുമാര്‍ ജി., റിട്ട. പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ ലംബോധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.