നാനോ ശില്‍പ വിസ്മയം തീര്‍ത്ത് ഗണേഷ് സുബ്രമണ്യം

0

മൂന്ന് രൂപയ്ക്ക് സ്വര്‍ണ്ണം കിട്ടുമോ? അഥവാ കിട്ടിയാല്‍ തന്നെ അതുകൊണ്ട് എന്തു ചെയ്യാനാകും. എന്നാലിതാ മൂന്ന് രൂപയ്ക്ക് ലഭിക്കുന്ന അളവ് സ്വര്‍ണ്ണം ഉപയോഗിച്ച് ശില്‍പ്പം നിര്‍മ്മിക്കുകയാണ് പൂജപ്പുര സ്വദേശി ഗണേശ് സുബ്രഹ്മണ്യം. ലെന്‍സ് ഉപയോഗിച്ചാല്‍ മാത്രമേ ഇവ വ്യക്തമായി കാണാന്‍ കഴിയുകയുള്ളൂ. ശില്‍പ്പങ്ങള്‍ക്ക് മുകളില്‍ തന്നെ കാഴ്ചക്കാര്‍ക്ക് വ്യക്തമായി കാണുന്നതിന് ഫോക്കസ് ചെയ്ത ലെന്‍സും ഘടിപ്പിച്ചിട്ടുണ്ട്.

3.75 മില്ലീമീറ്റര്‍ ഉയരവും 3 മില്ലീമീറ്റര്‍ വീതിയും 24 മില്ലി ഗ്രാം ഭാരവുമുള്ള ഗണപതി, 2 മില്ലീമീറ്റര്‍ ഉയരവും 3 മില്ലീമീറ്റര്‍ വീതിയും 24 മില്ലീഗ്രാം ഭാരവുമുള്ള അനന്തശയനം, 5.10 മില്ലീമീറ്റര്‍ ഉയരവും 4.50 മില്ലീമീറ്റര്‍ വീതിയും 27 മില്ലാഗ്രാം ഭാരവുമുള്ള നടരാജവിഗ്രഹം, 5 മില്ലീമീറ്റര്‍ ഉയരവും 40 മില്ലീഗ്രാം ഭാരവുമുള്ള താജ്മഹല്‍ തുടങ്ങി 21 ശില്‍പ്പങ്ങളാണ് ശേഖരത്തിലുള്ളത്. തോണിയും തോണിക്കാരനുമാണ് ഗണേശ് ആദ്യമായി നിര്‍മ്മിച്ച ശില്‍പ്പം. ഒരു മാസം മുതല്‍ ആറുമാസങ്ങള്‍ വരെ ശില്പ നിര്‍മ്മാണത്തിനു വേണ്ടി വരാറുണ്ടെന്ന് ഗണേശ് പറഞ്ഞു.

ആകെ 24 ശില്‍പ്പങ്ങളാണ് ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളത്. അതില്‍ ഒരെണ്ണം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് പാരിതോഷികമായി നല്‍കി. മോതിരം നിര്‍മ്മിച്ച് മോതിരത്തിനുള്ളില്‍ ശില്‍പ്പവും ലെന്‍സ് ഘടിപ്പിച്ചാണ് നല്‍കിയത്. തുടര്‍ന്ന് നടന്‍ മോഹന്‍ലാലിന്റെ ആവശ്യപ്രകാരം ഒരു നടരാജവിഗ്രഹം അദ്ദേഹത്തിനു നല്‍കി. തുടര്‍ന്ന് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിന് ഒരു പീരങ്കിയുടെ ശില്പം നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്നും ഗണേശ് പറഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം ഭാരതീയരെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ച മഹാന് ഏറ്റവും ചെറിയ സ്വര്‍ണ ശില്‍പ്പമൊരുക്കി വ്യത്യസ്തമായൊരു ആദരം നല്‍കാനും ഗണേശ് മറന്നില്ല.

പരമ്പരാഗതമായി സ്വര്‍ണ്ണപ്പണിക്കാരാണ് ഗണേശിന്റെ കുടുംബം. വ്യത്യസ്ഥമായ രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഗണേശിനെ ഏറ്റവും ചെറിയ ശില്പ നിര്‍മ്മാണത്തിലെത്തിച്ചത്. ഗണേശ് നിര്‍മ്മിച്ചതില്‍ ഏറ്റവും പ്രത്യേകതയുള്ളത് സൂചി ദ്വാരത്തിലൂടെ കടത്തി പൂട്ടാവുന്ന ലമ്പര്‍ ലോക്കാണ്. ഇതില്‍ എല്ലാ നമ്പറുകളും ആലേഖനം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ നമ്പര്‍ ലോക്ക് എന്ന നിലയില്‍ ഗിന്നസ് ബുക്കിന്റെ പരിഗണനയിലാണ് ഈ നമ്പര്‍ലോക്ക്.

ഹിന്ദു മുസ്ലീ ക്രിസ്തീയ ഐക്യത്തിന്റെ പ്രതീകമായി ഗണേശ് നിര്‍മ്മിച്ച ശില്‍പ്പത്തിന് ഒരു മില്ലിഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂവെന്നതും പ്രത്യേകതയാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നും തിരുവിതാംകൂര്‍ പവന്‍ നല്‍കി ഗണേശിനെ ആദരിച്ചിട്ടുണ്ട്.