മത്സ്യോത്സവം; സ്വാഗതസംഘം രൂപീകരിച്ചു

0

സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ സംഘടിപ്പിക്കുന്ന മത്സ്യോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ 10 ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉത്സവം ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് മത്സ്യമേഖലയുമായി ബന്ധപ്പെട്ട സ്ത്രീ സംരംഭകരുടെ കൂട്ടായ്മ, മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സംഗമം, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ 11 ന് മത്സ്യ അദാലത്തും സംഘടിപ്പിക്കും.

അദാലത്തില്‍ ഓണ്‍ലൈനിലും മത്സ്യഭവനുകള്‍ വഴിയും സ്വീകരിച്ച പരാതികളോടൊപ്പം നേരിട്ട് ലഭിക്കുന്ന പരാതികളും പരിഗണിക്കും. ചിറയിന്‍കീഴ്, വിഴിഞ്ഞം മേഖലകള്‍ കേന്ദ്രീകരിച്ച് നാല്, അഞ്ച് തീയതികളില്‍ മത്സ്യോത്സവ വിളംബരജാഥ നടത്തും. ഇതിനോടനുബന്ധിച്ച് ടാഗോള്‍ ഹാളില്‍ നടക്കുന്ന എക്‌സിബിഷനില്‍ വിവിധ വകുപ്പുകളുടെ നാല്‍പ്പതിലധികം സ്റ്റാളുകള്‍ ഉണ്ടായിരിക്കുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.

പരിപാടിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി ചെയര്‍മാനും ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറുമായ ജില്ലാതല സംഘാടകസമിതിയും ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, തീരദേശങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെ എം.എല്‍ എ മാരായ എം വിന്‍സെന്റ്, അഡ്വ. വി ജോയ്, കെ ആന്‍സലന്‍, വി എസ്. ശിവകുമാര്‍ എന്നിവര്‍ രക്ഷാധികാരികളായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു. മേയര്‍ വി കെ പ്രശാന്ത് ചെയര്‍മാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വനീനറുമായ മത്സ്യോത്സവ സ്വാഗതസംഘ കമ്മിറ്റി രൂപീകരണവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

യോഗത്തില്‍ എം വിന്‍സെന്റ് എം എല്‍ എ, ഡെപ്യൂട്ടിമേയര്‍ അഡ്വ. രാഖി രവികുമാര്‍, ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, ഫോര്‍ട്ട് എ സി പി കെ എസ് ഗോപകുമാര്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ വി മനോമോഹനന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം, വിവിധ വകുപ്പുകളുടെയും മത്സ്യത്തൊഴിലാളി യൂണിയനുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.