കൂട്ടായ ജോലിയില്‍ കാശുണ്ടാക്കാം, കുടുംബവും നോക്കാം: ഷീറോസിന്റെ വാഗ്ദാനം

കൂട്ടായ ജോലിയില്‍ കാശുണ്ടാക്കാം, കുടുംബവും നോക്കാം: ഷീറോസിന്റെ വാഗ്ദാനം

Friday November 06, 2015,

3 min Read

പ്രൊഫഷണലുകളായ വനിതകള്‍ക്ക് അവരുടെ കരിയറിലെ 'മിഡ് കരിയര്‍' എന്ന് കരിയര്‍ കണ്‍സള്‍ട്ടന്റ് വിളിക്കുന്ന 'രണ്ടാം പാദം ' ചില്ലറ സംഘര്‍ഷങ്ങളും വെല്ലുവിളികളുമൊക്കെ നിറഞ്ഞതാണ്.

image


വെല്ലുവിളികളെന്ന് ഉദ്ദേശിച്ചത് മറ്റൊന്നുമല്ല. നാലോ അഞ്ചോ വര്‍ഷങ്ങള്‍ നീണ്ട പ്രൊഫഷണല്‍ കോഴ്‌സ് പഠനത്തിനുശേഷം ടെസ്റ്റും അഭിമുഖവും പോലെയുള്ള കടമ്പകള്‍ കടന്ന് ആശിച്ചു മോഹിച്ചൊരു ജോലി കിട്ടിയെന്നിരിക്കട്ടെ. കരിയറിലെ ആദ്യ രണ്ടുവര്‍ഷം പ്രൊബെഷന്‍ അല്ലെങ്കില്‍ ട്രെയിനിംഗ് കാലാവധി ആയിരിക്കും. അതായത്, ആ സ്ഥാപനത്തില്‍ നമ്മളെ നിരീക്ഷിക്കാന്‍ നമ്മള്‍ പോലും അറിയാതെ പലരുമുണ്ടാകും. അറിയാതെ സംഭവിക്കുന്ന തെറ്റുകള്‍ പോലും നമ്മുടെ ജോലിസ്ഥിരതയെ ബാധിക്കാം. എന്തൊക്കെപ്പറഞ്ഞാലും , ഈ കാലഘട്ടം അത്ര സുഖകരമല്ല. ഇതൊക്കെ സഹിച്ച് ജോലിസ്ഥിരതയും ഉറപ്പിച്ച് തുടര്‍ന്നു വരുന്ന ഒന്നു രണ്ടു വര്‍ഷങ്ങള്‍ നന്നായി ജോലി ചെയ്തു മാനേജ്‌മെന്റിന്റെ ഗുഡ് ബുക്കില്‍ കയറിപ്പറ്റുന്നു. ഇതിനിടെ, ജോലി സ്ഥിരമായപ്പോള്‍ത്തന്നെ മാതാപിതാക്കള്‍ കൊണ്ടുപിടിച്ച കല്യാണാലോചനയൊക്കെ നടത്തി കൊള്ളാവുന്ന ഒരു പ്രൊഫഷണലിനെത്തന്നെ മകള്‍ക്കായി കണ്ടുവെച്ചിട്ടുണ്ടാകും . വൈകാതെ കല്യാണവും നടക്കും. അതായത്, ജോലിയൊക്കെ ഒന്നാസ്വദിച്ച്, ആദ്യത്തെ പ്രമോഷന്‍ കര്‍ട്ടനു പിന്നില്‍ വിളികാത്ത് നില്‍ക്കുമ്പോള്‍ ആയിരിക്കും വിവാഹം . പിന്നെ, സ്വാഭാവികമായും കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. ചിലപ്പോഴെങ്കിലും അത് ജോലിയെ ബാധിച്ചു തുടങ്ങിയാല്‍ അവിടെ തുടങ്ങുകയായി നമ്മള്‍ ആദ്യം പറഞ്ഞ 'സംഘര്‍ഷവും വെല്ലുവിളിയും'. കുടുംബജീവിതവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായാല്‍പ്പിന്നെ അവര്‍ക്കുമുമ്പില്‍ നാല് വഴികളേ അവശേഷിക്കുന്നുള്ളൂ . ഒന്നുകില്‍, ദിവസവും ഓഫീസിലെത്തി ചെയ്തിരുന്ന ജോലി വീട്ടിലിരുന്നു ചെയ്യാവുന്നരീതിയില്‍ 'വര്‍ക്ക് ഫ്രം ഹോം ' തിരഞ്ഞെടുക്കുക. അതല്ലെങ്കില്‍, പാര്‍ട്ട് ടൈം ജോലിയിലേക്ക് മാറുക. അതുമല്ലെങ്കില്‍, കുറച്ചു വര്‍ഷത്തേക്ക് അവധിയെടുത്ത് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുക. ഇതിനൊന്നും കഴിയുന്നില്ലെങ്കില്‍പ്പിന്നെ ഒരേയൊരു മാര്‍ഗ്ഗം ജോലിയുപേക്ഷിക്കുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍, നമ്മുടെ വനിതാ പ്രൊഫഷണലുകളില്‍ പലരും തിരഞ്ഞെടുക്കുന്നത് ജോലി എന്നന്നേക്കുമായി ഉപേക്ഷിക്കുക എന്ന അവസാനവഴിയാണ് . അവര്‍ക്ക് ഭാവിയില്‍ ലഭിച്ചേക്കാമായിരുന്ന തിളക്കമാര്‍ന്ന കരിയറും സ്ഥാപനത്തിന് ഒരു മികച്ച പ്രൊഫഷണലിനേയും ഒരുപോലെ നഷ്ട്ടപ്പെടുത്തുന്ന ഒരു തീരുമാനമായിക്കും അത് .

ഈയൊരു നഷ്ടം പരിഹരിച്ച് സ്ത്രീകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2014 ജനുവരിയില്‍ സൈറേ ചഹാല്‍ തുടങ്ങിയ സംരംഭമാണ് ഷിറോസ് ഡോട്ട് ഇന്‍. ഇത് സത്യത്തില്‍ പ്രൊഫഷണലുകളായ വനിതകളുടെ ഒരു കമ്മ്യൂണിറ്റി ആണ്. വീട്ടിലിരുന്നു ജോലി ചെയ്തു വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന തൊഴിലവസരങ്ങളും ഇതിലുണ്ട് . പരസ്പരം ബുദ്ധിമുട്ട് ആകാതെതന്നെ ജോലിയും കുടുംബജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു മികച്ച അവസരമാണ് ഇതിലൂടെ വനിതകള്‍ക്ക് ഷിറോസ്.ഇന്‍ നല്‍കുന്നത് .

വൈവിധ്യങ്ങളെക്കുറിച്ചുള്ള സംസാരം വൈവിധ്യങ്ങളെക്കുറിച്ചുള്ള പ്രവര്‍ത്തിയാക്കി മാറ്റുകയാണ് ഷി റോസ്.ഇന്‍ ന്റെ ലക്ഷ്യമെന്നു വ്യക്തമാക്കിയ സാേ ,തങ്ങള്‍ ഇതിനോടകം ആരഭിച്ചു വിജയിപ്പിച്ച ഷിറോസ് പ്രോഗ്രാം , ഷിറോസ് റിപ്പോര്‍ട്ട് , ഷി റോസ് കമ്മ്യൂണിറ്റി എന്നിവയ്ക്ക് പുറമേ ജോലിചെയ്യുന്ന സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഷി റോസ് ഉച്ചകോടിയും ഉടന്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞു. ഷിറോസ്.ഇന്‍ ലൂടെ ഏകദേശം പതിനായിരത്തിലധികം ആളുകള്‍ ഇതിനോടകം അവര്‍ക്ക് സൗകര്യപ്രദമായ തൊഴില്‍ കണ്ടെത്തിയെന്നും ഇവരില്‍ പലരും ഒരിക്കല്‍ കുടുംബത്തിനായി ജോലിയുപേക്ഷിച്ചു പോയവരും സംരംഭകരും ഫ്രീലാന്‍സ് ജോലി ചെയ്യുന്നവരും കോര്‍പ്പ റെ റ്റുകളും ആണെന്നും സാറേ പറഞ്ഞു .

കേവലം തൊഴില്‍ നല്‍കുക എന്നതിലുപരി വനിതാ പ്രൊഫഷണ ലുകള്‍ക്കായി തൊഴില്‍ മേളകളും പ്രത്യേക ശില്‍പ്പശാലകളും പരിശീലനങ്ങളും ഒക്കെ ഷിറോസ് സംഘടിപ്പിക്കുന്നുണ്ട് .

മൂന്നുലക്ഷത്തോളം വനിതകള്‍ ഇന്നിതിന്റെ ഭാഗമായുണ്ട്. അവരില്‍നിന്നും മികച്ച പ്രതികരണമാണ് ആദ്യം മുതല്‍ ലഭിച്ചിരുന്നത്. എന്നാല്‍, കൂടുതല്‍ വനിതകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതോടെ പ്രതികരണവും കൂടുതല്‍ മെച്ചപ്പെട്ടു. ആളുകള്‍ പറഞ്ഞറിഞ്ഞും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആണ് വനിതകള്‍ക്കിടയില്‍ ഷിറോസ്.ഇന്‍ നു പേരായതും സ്വീകാര്യത ലഭിച്ചതും .

ബിരുദധാരികളായ വനിതകളെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ മുന്നിലാണെങ്കിലും അതിനനുസരിച്ച് ശക്തമായ ഒരു വനിതാ തൊഴില്‍ സേന നമുക്കില്ല . ഇവിടെയാണ് ഷിറോസ്.ഇന്‍ ന്റെ പ്രസക്തി .ഏകദേശം പകുതിയോളം വനിതകള്‍ കരിയറിന്റെ പകുതിയെത്തുന്നതിനു മുമ്പുതന്നെ ജോലി മതിയാക്കിപ്പോകുന്നു. ഇതോടെ അവരുടെ സാമ്പത്തിക സ്വാശ്രയത്വം ഇല്ലാതാവുകയും രാജ്യത്തിനു മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വലിയ ഇടിവുണ്ടാവുകയും ചെയ്യുന്നു .

'ക്ലിയര്‍ ടാക്‌സ് എന്നാ സ്ഥാപനം അവരുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചപ്പോള്‍ പരിചയസമ്പന്നരായ വനിതാ സി.എ ബിരുദധാരികളെ കണ്ടെത്തിയത് ഷിറോസ്.ഇന്‍ ലൂടെയാണ് . അതുപോലെ , ആയിരത്തിലധികം സ്ഥാപനങ്ങള്‍ തങ്ങള്‍ക്കു ആവശ്യമുള്ള പ്രോഫഷണലുകളെ തേടി ഷിറോസ്. ഇന്‍നെ സമീപിക്കുന്നുണ്ടെന്നും സാറേ പറഞ്ഞു. എന്‍ജിനീയര്‍മാര്‍ , കോഡര്‍മാര്‍ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലകളിലായി ഒരുപാട് ജീവനക്കാരുള്ള ടീം ഷിറോസ്.ഇന്‍ ല്‍ കൂടുതലും വനിതകളാണെങ്കിലും ചുരുക്കം പുരുഷന്മാരും ഉണ്ട്. ഞങ്ങള്‍ പ്രചരിപ്പിക്കുന്നതുതന്നെയാണ് ഞങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതും.'സാറേ പറഞ്ഞു .

'ഒരു ലക്ഷ്യം പിന്തുടരുന്ന മികച്ച ടീം. എല്ലാ ഇന്ത്യന്‍ വനിതകള്‍ക്കും അവരുടെ ആഗ്രഹത്തിന് അനുസൃതമായ തൊഴില്‍ നല്‍കുക. ഇതാണ് ഞങ്ങളുടെ മന്ത്രം 'സാറേ പറഞ്ഞുനിര്‍ത്തി .