സ്മാര്‍ട് അങ്കണവാടികളുമായി അഗ്രിണി കുതിക്കുന്നു ഗൗരവിനൊപ്പം

സ്മാര്‍ട് അങ്കണവാടികളുമായി അഗ്രിണി കുതിക്കുന്നു ഗൗരവിനൊപ്പം

Tuesday December 15, 2015,

2 min Read

ഇന്ത്യയിലെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്താണ് അങ്കണവാടികള്‍. ക്രഷുകളും കിന്റര്‍ഗാര്‍ഡനുകളും വരുംമുമ്പെ നമ്മുടെ കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ച ഇടം. എന്നാല്‍ ഇന്ന് ഇവിടെയെത്തുന്നത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യഭക്ഷണം പ്രതീക്ഷിച്ചെത്തുന്ന ദരിദ്രരുടെ മക്കള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ വേണ്ടത്ര ശ്രദ്ധ നല്‍കി കുഞ്ഞുങ്ങളെ മിടുക്കരാക്കാന്‍ ആരും ശ്രമിക്കുന്നുമില്ല. പലയിടങ്ങളിലും പരിശീലനമില്ലാത്ത അധ്യാപകരും ചിട്ടയല്ലാത്ത വിദ്യാഭ്യാസ രീതിയും അങ്കണവാടികളുടെ പരാജയമാണ്. 

image


സ്വകാര്യ പ്രീപ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളും അങ്കണവാടിയിലെ കുട്ടികളും തമ്മിലുള്ള അന്തരവും ഏറെയാണ്. സര്‍ക്കാരിന്റെ കാര്യമായ ഇടപെടലും വരാതായതോടെ അങ്കണവാടികളുടെ ശോച്യാവസ്ഥ പഴയപടിതന്നെ. ഇതു മനസിലാക്കിയതാണ് മധ്യപ്രദേശുകാരനായ യുവ എന്‍ജിനിയര്‍ ഗൗരവ് ജൈസ്വാളിന്റെ വിപ്ലവകരമായ തുടക്കത്തിന് കാരണം. പൊതു വിദ്യാഭ്യാസത്തിലെ നിലവാരം ഉയര്‍ത്തുക എന്ന കാര്യം പഠനകാലത്തു തന്നെ ഗൗരവിന്റെ മനസില്‍ ഉറച്ചിരുന്നു. അത് എങ്ങനെ വേണമെന്ന് മനസിലാക്കിയത് പഠനശേഷമാണെന്ന് ഗൗരവ് പറയുന്നു. അടിസ്ഥാനം ശക്തിപ്പെടുത്തുക എന്ന ആശയമാണ് അങ്കണവാടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തനിക്ക് പ്രേരണയായതെന്ന് അദ്ദേഹം പറയുന്നു.

image


ബുദ്ധി വളര്‍ന്നു തുടങ്ങുന്ന പ്രായത്തില്‍ പഠനരീതിയെക്കുറിച്ച് മനസിലാക്കായാല്‍ തന്നെ വിദ്യാഭ്യാസത്തിന്റെ പകുതിഭഗം വിജയിച്ചുവെന്നാണ് ഗൗരവിന്റെ പക്ഷം. നിര്‍ഭാഗ്യവശാല്‍ ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവാരമുള്ള വിദ്യ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. അങ്കണവാടികളില്‍ നടത്തിയ പഠനത്തില്‍ അവയുടെ അധ്യാപനരീതി തന്നെ മാറ്റേണ്ടതുണ്ടെന്ന് മനസിലായി. അതിനായാണ് മധ്യപ്രദേശിന്റെ തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് അഗ്രിണി എന്ന പേരില്‍ എന്‍ജിഒ സ്ഥാപിച്ച് വഴികാട്ടാന്‍ ഗൗരവ് തീരുമാനിച്ചത്. 

image


ആദ്യഘട്ടത്തില്‍ അധ്യാപകര്‍ക്കുള്ള പരിശീലനമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ അധ്യാപകരെയും രക്ഷിതാക്കളെയും ഇക്കാര്യം മനസിലാക്കിയെടുക്കുക എന്നത് വളരെ ശ്രമകരമായിരുന്നുവെന്ന് ഗൗരവ് പറയുന്നു. തങ്ങളോടുള്ള പരിചയക്കുറവും വിശ്വാസമില്ലായ്മയുമായിരുന്നു പ്രധാന പ്രശ്‌നം. ക്രമേണ അതുമാറ്റിയെടുക്കാനായി. ആദ്യം 20 അങ്കണവാടികളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. അതൊടൊപ്പം സ്ഥാപനങ്ങളിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിച്ചു. ഇതോടെ രക്ഷിതാക്കളും പിന്തുണയുമായി എത്തി. ഗൗരവും കൂട്ടുകാരും അഗ്രിണിയും അവരുടെ മനസില്‍ ഇടംപിടിച്ചു.


മള്‍ട്ടിമീഡിയ ടെക്‌നിക്കുകള്‍ ഉപയോഗിച്ചുള്ള ടോയ് ലൈബ്രറി ഉള്‍പ്പെടെ അങ്കണവാടികള്‍ സ്മാര്‍ട് ആയപ്പോള്‍ കുട്ടികളും ഒഴുകിയെത്തി. തങ്ങള്‍ക്ക് അപ്രാപ്യമായ മികച്ച വിദ്യാഭ്യാസം മക്കള്‍ക്ക ലഭ്യമാക്കാന്‍ എല്ലാ പിന്തുണയുമായി ഗ്രാമവാസികളും ഒപ്പംകൂടി. നാലു വര്‍ഷം പിന്നിടുമ്പോള്‍ അഗ്രിണി വെളിച്ചം പകര്‍ന്നത് 6000ത്തോളം കുരുന്നുകളുടെ ജീവിതത്തിലാണ്. നീവ് എന്ന പേരിട്ട് സര്‍ക്കാരിം അഗ്രിണിയുടെ ശ്രമങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഇതും മുന്നോട്ട് പോകാന്‍ കരുത്തായെന്ന് ഗൗരവ് പറയുന്നു. നഴ്‌സറി ടീച്ചേഴ്‌സിനുള്ള ട്രെയ്‌നിങ് പ്രോഗ്രാം ആരംഭിക്കുകയാണ് അഗ്രിണി ഇനി ചെയ്യുന്നത്. കൂടാതെ മധ്യപ്രദേശില്‍ പരീക്ഷിച്ച് വിജയിച്ച മാതൃക രാജ്യത്തിന്റെ പല സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും ഗൗരവിനും കൂട്ടുകാര്‍ക്കുമുണ്ട്. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് വേണ്ടത്ര പരിഗണന നല്‍കണം എന്നതാണ് ഗൗരവിന് പറയാനുള്ളത്. തന്റെ പ്രവര്‍ത്തനം രാജ്യത്തെ ഒന്നാകെ മാറ്റാന്‍ സാധിച്ചില്ലെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാനായതിന്റെ സംതൃപ്തിയിലാണ് ഗൗരവ് ജൈസ്വാള്‍.