അശരണര്‍ക്കായി 'പോര്‍ടീ'

0

ഓരോ വീടുകളിലുമുണ്ട് വേദനയും ത്യാഗവും കഷ്ടപ്പാടുകളുമെല്ലാം അനുഭവിക്കുന്നവര്‍. ഇത്തരത്തിലുള്ള നിരവധി വീടുകളാണ് നമ്മുടെ നാട്ടിലുള്ളത്. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍, പ്രത്യേകിച്ച് ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്ന വീടുികളില്‍ കുടുംബത്തില്‍ ഒരാള്‍ക്ക് എന്തെങ്കിലും രോഗം പിടിപെട്ടാല്‍ ഇവര്‍ക്ക് പരിചരിക്കാന്‍ സമയം കിട്ടണമെന്നില്ല. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നും ഇതുതന്നെയാണ്. സാധാരണഗതിയില്‍ കുടുംബത്തിലെ ഏതെങ്കിലും ഒരാള്‍ തന്നെ രോഗിയുടെ മുഴുവന്‍ ശുശ്രൂഷകളും ഏറ്റെടുക്കുകയോ അല്ലെങ്കില്‍ ഒരു ഹോം നഴ്‌സിനെ ചുമതലപ്പെടുത്തുകയോ ആണ് ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ഇവര്‍ക്ക് മികച്ച പരിചരണം നല്‍കുക സാധ്യമാകാറില്ല.

തങ്ങളുടെ കുടുംബത്തിലെ ഒരംഗം ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞപ്പോഴാണ് കെ ഗണേഷും മീനാഗണേഷും ശരിക്കും ഇതേക്കുറിച്ച് മനസിലാക്കിയത്. രണ്ട് പേരും തങ്ങളുടെ ട്യൂട്ടര്‍ വിസ്ത എന്ന സംരംഭം വിജയം കണ്ട ശേഷം മറ്റെന്തെങ്കിലും സംരംഭം തുടങ്ങാന്‍ ആലോചിക്കുന്ന സമയമായിരുന്നു അത്.

അവശരേയും രോഗികളെയും ശുശ്രൂഷിക്കുന്നതിന് സഹായിക്കുന്ന ഒരു സംരംഭത്തിന് സമൂഹത്തില്‍ ഏറെ ആവശ്യകതയുണ്ടെന്ന് ഇരുവരും തിരിച്ചറിഞ്ഞു. കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട പരിരക്ഷ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് 2013ല്‍ പോര്‍ട്ടി രൂപീകരിച്ചതെന്ന് മീന പറയുന്നു.

2013ല്‍ ബംഗലൂരുവില്‍ ഒരു ചെറിയ ഓഫീസിലാണ് പോര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത്. ബംഗലൂരുവിലും ഡല്‍ഹിയിലുമായി അമ്പതില്‍ താഴെ ഉപഭോക്താക്കള്‍ മാത്രമാണ് ആദ്യം പോര്‍ട്ടിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പോര്‍ട്ടിയില്‍ 3500ഓളം പേര്‍ അംഗങ്ങളാണ്. ഇന്ത്യയിലും മലേഷ്യയിലും പോര്‍ട്ടിയുടെ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ട്. ഓരോ മാസവും ശരാശരി 60000 പേര്‍ക്കാണ് പോര്‍ട്ടി പരിചരണം നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ 200 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. വീടുകളില്‍ പരിചരണം നല്‍കുന്നതില്‍ 151 ശതമാനം വര്‍ധനവുമുണ്ടായി. സംരക്ഷിക്കുന്ന രോഗികള്‍ 307 ശതമാനമായി വര്‍ധിച്ചു. ക്ലിനീഷ്യന്‍സിന്റെ എണ്ണം 255 ശതമാനത്തില്‍നിന്ന് 2300 ആയി വര്‍ധിച്ചു. ആക്‌സല്‍ പാര്‍ട്‌നേഴ്‌സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ക്വാല്‍കോം വെന്‍ച്വേഴ്‌സ് ആന്‍ഡ് വെന്‍ച്വര്‍ ഈസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് പോര്‍ട്ടിക്ക് ഫണ്ടിംഗ് ലഭിക്കുന്നുണ്ട്.

തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനം എണ്ണിത്തിട്ടപ്പെടുത്താവുന്നതിനും അപ്പുറത്താണെന്ന് മീന പറയുന്നു. പോര്‍ട്ടിയുടെ സേവനങ്ങള്‍ ലഭ്യമാകുന്നതിന് മുമ്പ് എന്തെങ്കിലും രോഗം പിടിപെടുന്നവര്‍ക്ക് നിരവധി ഡോക്ടര്‍മാരെ കാണേണ്ടിവരുമായിരുന്നു. മാത്രമല്ല ഓരോരുത്തര്‍ക്കും അവരുടെ പ്രായത്തിനനുസരിച്ചുള്ള സംരക്ഷണം കിട്ടേണ്ടതുണ്ട്. ഇതെല്ലാം ലഭ്യമാക്കുകയാണ് പോര്‍ട്ടി. ഒരു കുടുംബത്തിന്റെ തന്നെ മുഴുവന്‍ ആരോഗ്യ സംരക്ഷണവും പോര്‍ട്ടി ഏറ്റെടുക്കുകയാണ്. രോഗികളെ വീടുകളില്‍ചെന്നുകണ്ട് അവര്‍ക്ക് ആവശ്യമായ ലാബ് ടെസ്റ്റുകള്‍ നടത്തി ആവശ്യമെങ്കില്‍ അവ ഡോക്ടറെ കാണിച്ച് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയാണ് പോര്‍ട്ടി.

റിമോര്‍ട്ട് ഡയഗ്‌നോസ്റ്റിക്‌സ് പോലുള്ള പുതിയ സാങ്കേതികവിദ്യകളും തങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പോര്‍ട്ടിയിലെ ക്ലിനിക്കുമാര്‍ രോഗികളെ സന്ദര്‍ശിച്ചാല്‍ അവര്‍ രോഗിയെക്കുറിച്ചുള്ള വിശദമായ ഡേറ്റ തയ്യാറാക്കി സ്മാര്‍ട് ഫോണ്‍വഴി ഇ എം ആര്‍ സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യും. ഇ എം ആര്‍ വഴി തന്നെ രോഗിയുടെ അവസ്ഥ പരിശോധിച്ച് ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കുകയുമെല്ലാം ചെയ്യും.

ഇവരുടെ വിശദ വിവരങ്ങള്‍ തയ്യാറാക്കി വെക്കുന്നത് പിന്നീട് ഇവരെ പരിശോധിക്കുമ്പോള്‍ ഇവര്‍ക്ക് മുമ്പുണ്ടായിരുന്ന രോഗങ്ങളെരക്കുറിച്ചും ഏതെങ്കിലും മരുന്നുകള്‍ കൊടുക്കുന്നത് അലര്‍ജിയുണ്ടാക്കുമോ എന്നുമെല്ലാം അറിയാന്‍ സഹായിക്കും.

രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാരില്‍നിന്ന് തന്നെ ഉപദേശം ചോദിച്ച ശേഷമായിരിക്കും ക്ലിനിക്കുമാരുടെ പരിചരണം. മാത്രമല്ല പോര്‍ട്ടിക്ക് പല വിദഗ്ധ ഡോക്ടര്‍മാരുമായും അടുപ്പമുണ്ട്. വീടുകളിലെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയായിരുന്നു പോര്‍ട്ടി നേരിട്ട പ്രധാന വെല്ലുവിളി. ഏത് മേഖലയിലായാലും ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കുക ഏറെ ദുഷ്‌കരമാണ്. മാത്രമല്ല അത് ഗുണനിലവാരമുള്ള സേവനം ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കണമെന്നതും പ്രധാനമാണ് മീന പറയുന്നു.

പോര്‍ട്ടിയുടെ സേവനങ്ങളെക്കുറിച്ച് പത്രങ്ങളിലും റേഡിയോയിലും ഔട്ട് ഡോര്‍ ക്യാമ്പയിനുകള്‍ വഴിയും പ്രചരണം നടത്തുന്നതിന് പുറമെ അപാര്‍ട്‌മെന്റുകളിലും കോംപ്ലക്‌സുകളിലും കോര്‍പറേറ്റ് ഓഫീസുകളിലുമെല്ലാം ക്യാമ്പയിന്‍ നടത്തുന്നുണ്ട്.

പോര്‍ട്ടിക്ക് വേണ്ടി ശക്തമായ ഒരു ടീം ഉണ്ടാക്കിയെടുക്കുക എന്നതും പ്രധാനപ്പെട്ടതായിരുന്നു. പല മേഖലയില്‍നിന്നുള്ളവരാണ് പോര്‍ട്ടിയില്‍ അംഗങ്ങളായുള്ളത്. ചിലര്‍ ബിസിനസ് സ്‌കൂളില്‍നിന്നും മറ്റ് ചിലര്‍ എന്‍ജിനീയറിംഗ് ക്യാമ്പസില്‍നിന്നും വന്നവരാണ്. ഗ്രാമത്തില്‍നിന്നും ചെറിയ നഗരങ്ങളില്‍നിന്നുമെല്ലാം നഴ്‌സിംഗില്‍ താല്‍പര്യമുള്ള യുവാക്കളെ പോര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യാറുണ്ട്. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വഴിയാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.

പോര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രോഗിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുക എന്ന പ്രധാന്യംകൂടി നല്‍കുന്നുണ്ട്.

അത്യാവശ്യ സമയങ്ങളിലാണ് മിക്കവരും പോര്‍ട്ടിയെ തേടിയെത്തുന്നത്. രോഗികളെ പരിചരിക്കുക മാത്രമല്ല അവരെ സ്വന്തമെന്ന് കരുതുക കൂടിയാണ് പോര്‍ട്ടി ചെയ്യുന്നതെന്ന് മീന പറയുന്നു. മിക്കവരും തങ്ങളുടെ സാഹചര്യംകൊണ്ട് പോര്‍ട്ടിയുടെ സേവനം ആവശ്യപ്പെട്ടെത്തുന്നവരാണ്. പാന്‍ഡുരംഗ പായിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും തന്നെ ഉദാഹരണമായെടുക്കാം. രണ്ട് പേരുടേയും മക്കള്‍ വിദേശത്താണ്. തങ്ങള്‍ ഒറ്റപ്പെട്ട് പോയതിന്റെ വിഷമും ഇരുവരെയും സദാ അലട്ടിയിരുന്നു. എന്നാല്‍ അവര്‍ പോര്‍ട്ടിയെ സമീപിച്ചശേഷം കാര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പോര്‍ട്ടിയില്‍നിന്നുള്ള നഴ്‌സ് ഇരുവരുടെയും കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുകയും കൃത്യസമയങ്ങളില്‍ മരുന്നുകള്‍ നല്‍കുകയും കുറച്ച് സമയം അവരോടൊപ്പം സന്തോഷ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് ചെലവഴിക്കുകയുമെല്ലാം ചെയ്യുന്നു. ബംഗലൂരുവിലെ മല്ലേശ്വരം സ്വദേശിയായ പാണ്ഡുരംഗക്ക് 80 വയസുണ്ട്.

തങ്ങളുടെ ചുറ്റമുള്ളവര്‍ക്ക് ഹോം കെയറിനെക്കുറിച്ച് മനസിലാക്കി കൊടുക്കാനാണ് പോര്‍ട്ടിയുടെ ലക്ഷ്യം. ഇന്ത്യയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ട്. ഇന്ത്യയില്‍ പ്രായാധിഖ്യ മരണങ്ങളില്‍ 51 ശതമാനം ക്യാന്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിസ് എന്നിവ കാരണം ഉണ്ടാകുന്നുവെന്ന് ഗ്ലോബല്‍ ഏജ് വാച്ച് പറയുന്നു. ഗ്ലോബല്‍ ഏജ് വാച്ചിന്റെ കണക്കുകളനുസരിച്ച് 2050ഓടെ 60 വയസ് കഴിയുന്ന എല്ലാവര്‍ക്കും ഹോം കെയര്‍ ആവശ്യമായി വരും. കുടുബത്തില്‍ കൂടുതല്‍ പേര്‍ ജോലിയിലേക്ക് ഇറങ്ങുന്നതിനാല്‍ പോര്‍ട്ടി പോലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ ആവശ്യമായി വരും. ഇന്ത്യ ഹോം ഹെല്‍ത്ത് കെയര്‍, അപ്പോളോയുടെ യുണീഖ് ഹോം കെയര്‍, ഹീലേഴ്‌സ് ആന്‍ഡ് ഹോം ആന്‍ഡ് നൈറ്റിങ്‌ഗേള്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.