വെള്ളപ്പൊക്കം; വള്ളമിറക്കി മാതൃകയായി ഓല

0

ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ബോട്ട് സര്‍വീസ് നടത്തി ഓല ടീം മാതൃകയാകുന്നു. സൈന്യവും എയര്‍ഫോഴ്‌സുമെല്ലാം വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വിവിധ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്കൊപ്പം ഓല പോലുള്ള സംരംഭങ്ങളും മാതൃകയായുകയാണ്. തദ്ദേശീയരായ ചില വള്ളക്കാരെയും മീന്‍പിടുത്തക്കാരെയും സഹകരിപ്പിച്ചുകൊണ്ടാണ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ബോട്ടിംഗ് നടത്തുന്നത്. തമിഴ്‌നാട്ടിലെ ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗം നിര്‍ദേശം നല്‍കുന്ന സ്ഥലങ്ങളിലാണ് ബോട്ട് സര്‍വീസ് നടത്തുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ കുറവുള്ള സ്ഥലങ്ങളില്‍ ബോട്ടുകളില്‍ കുടിവെള്ളവും ഭക്ഷണവുമെല്ലാം എത്തിക്കുകയും സംഘം ചെയ്യുന്നുണ്ട്. രണ്ട് തുഴച്ചില്‍ക്കാരാണ് ഓരോ ബോട്ടുകളിലും ഉണ്ടാകുക. ഒരു തവണ അഞ്ച് മുതല്‍ ഒമ്പത് പേരെ വരെ ഇതില്‍ കയറ്റാനാകും. യാത്ര ചെയ്യുന്നവര്‍ക്ക് നനയാതിരിക്കാന്‍ ഉപയോഗിക്കാന്‍ കുടകളും ബോട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. തദ്ദേശീയരായ മീന്‍പിടുത്തക്കാരും ചെന്നൈ സ്‌പോര്‍ട്‌സ് ഫിഷിംഗ് കമ്പനിയുമെല്ലാം ഒലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായത്തിനായി രംഗത്തുണ്ട്.

അടുത്ത മൂന്ന് ദിവസങ്ങളില്‍കൂടി ബോട്ട് സര്‍വീസ് ലഭ്യമാകും. അതേസമയം നഗരത്തില്‍ വെള്ളക്കെട്ട് തുടരുകയാണെങ്കില്‍ അതിന് ശേഷവും ഇതിന്റെ സേവനം ലഭ്യമാക്കുമെന്ന് ഓല ടീം അംഗങ്ങള്‍ പറയുന്നു. നിരവധി ഡ്രൈവര്‍മാരും തൊഴിലാളികളും ഒലയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇപ്പോഴുള്ളതുപോലെ ഒലയുടെ സേവനം ലഭ്യമാക്കുമെന്ന് ഓലയുടെ തമിഴ്‌നാട് ബിസിനസ് തലവന്‍ രവി തേജ പറയുന്നു. യാത്രക്കാരെ കൊണ്ട് പോകുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാണ്. എന്നാല്‍ കൊണ്ട് പോകുന്നവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

കനത്ത മഴയെ തുടര്‍ന്ന് 71 പേരാണ് ഇതുവരെ തമിഴ്‌നാട്ടില്‍ മരണപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. തംബാരം പോലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും രണ്ടായിരത്തോളം പേര്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്യ എയര്‍ ഫോഴ്‌സ് നിരവധി പേരെ എയല്‍ ലൈന്‍ വഴി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നുണ്ട്. ആര്‍മിയും ബോട്ടിംഗ് ലഭ്യമാക്കിയിട്ടുണ്ട്.

ആദ്യമായല്ല ഒരു പ്രകൃതി ദുരന്തം ഉണ്ടായപ്പോള്‍ ഒരു സംരംഭം സഹായവുമായി രംഗത്തിറങ്ങുന്നത്. നേരത്തെ 2013ല്‍ ഉത്തരാഖണ്ഡില്‍ കൊടുങ്കാറ്റ് ഉണ്ടായപ്പോള്‍ എയര്‍പിക്‌സ് ഡോട്ട് എന്‍ എന്ന സംരംഭം ദുരന്ത ബാധിത പ്രദേശങ്ങളില്‍ സഹായവുമായി എത്തിയിരുന്നു. നേപ്പാളില്‍ ഭൂകമ്പം ഉണ്ടായ സമയത്ത് ഒല പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കിയിരുന്നു. പേയ്റ്റം, ഫ്രീ ചാര്‍ജ്, ഫല്‍പ് കാര്‍ട്ട്, കെറ്റോ, ജോംബെ, ഷോപ് ക്ലൂസ്, ഓക്‌സിജന്‍ എന്നീ സ്ഥാപനങ്ങളും സംഭാവന നല്‍കിയിരുന്നു.