പരിശ്രമത്തിന്റെ നാലു വര്‍ഷങ്ങള്‍; ഒടുവില്‍ വിജയത്തിന്റെ പടവില്‍ ചവിട്ടി മനോജ് തിവാരി

പരിശ്രമത്തിന്റെ നാലു വര്‍ഷങ്ങള്‍; ഒടുവില്‍ വിജയത്തിന്റെ പടവില്‍ ചവിട്ടി മനോജ് തിവാരി

Saturday March 12, 2016,

3 min Read

ഒരു പഴമൊഴിയുണ്ട്, ആയിരം മോശം ദിവസങ്ങള്‍ക്കു ശേഷം നിങ്ങളെത്തേടി ഒരു നല്ല ദിനം എത്തുമെന്ന്. അതുപോലെ പരിശ്രമങ്ങള്‍ക്കും ദു:ഖാനുഭവങ്ങള്‍ക്കും ശേഷം ലക്ഷ്യത്തിലെത്തുമ്പോള്‍ നിങ്ങളുടെ ക്ഷീണമെല്ലാം പമ്പകടക്കുമെന്നതും ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ നല്ല ദിനത്തില്‍ ആ ലക്ഷ്യത്തിലെത്തിച്ചേരണമെങ്കില്‍ തളരാതെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം ഉള്ളിലുണ്ടാകണം. പൊട്ടിച്ചിതറി കൈവിട്ടു പോകുമെന്നു കരുതുന്ന സ്ഥിതിയില്‍ നിന്ന് കാര്യങ്ങള്‍ തന്റെ കൈപ്പിടിക്കുള്ളില്‍ കൊണ്ടു വരാനുള്ള കഴിവാണ് ഒരാളെ വലിയ നിലയിലേക്ക് എത്തിക്കുന്നത്. ആകാശത്തോളം ഉയര്‍ന്നാലും കടന്നു വന്ന വഴിത്താരകള്‍ മറക്കാതെ മണ്ണില്‍ ചവിട്ടി നില്‍ക്കാനുള്ള മനസാണ് വളര്‍ച്ചെയെക്കാളും ഒരാളെ വലുതാക്കുന്നത്. മേല്‍പ്പറഞ്ഞ ഗുണങ്ങളുടെ ആകെത്തുകയാണ് മനോജ് തിവാരിയെന്ന ബഹുമുഖപ്രതിഭക്കുള്ളത്. അതുല്യ നടന്‍, പ്രശസ്ത ഗായകന്‍, സംഗീതത്തിന്റെ കാമ്പ് അറിയുന്ന സംഗീത സംവിധായകന്‍ എന്നീ മേഖലകളിലെല്ലാം ഈ 43കാരന്‍ തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ദില്ലിയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നെത്തിയ മനോജിന് ഇത് ഇന്നത്തെ നേട്ടത്തിലെത്തുന്നത് എളുപ്പമായിരുന്നില്ല. പ്രതിസന്ധികളോട് മല്ലിട്ട് മുന്നോട്ട് പോകാന്‍ നിശ്ചയിച്ചുറപ്പിച്ച മനസിനെ പരാജയപ്പെടുത്താനാകില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. വിജയത്തിലേക്കുള്ള തന്റെ പ്രയാണത്തിനെക്കുറിച്ച് മനോജ് തിവാരി യുവര്‍സ്‌റ്റോറിയുമായി തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. ബീഹാറിലെ കൈമൂര്‍ ജില്ലയില്‍ താമസിക്കുന്ന മനോജ് തിവാരി കുട്ടിക്കാലത്ത് ഗ്രാമത്തിലെ മറ്റു കുട്ടികളെപ്പോലെ എല്ലാ ദിവസവും നാല് കിലോമീറ്റര്‍ നടന്നാണ് സ്‌കൂളിലെത്തിയിരുന്നത്. മുറിപ്പാന്റും ബനിയനുമായി സ്‌കൂളിലേക്കുള്ള യാത്ര ഇന്നും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നു.

image


ഈ സ്ഥലത്തു നിന്നും ആ പഴയ സാഹചര്യത്തില്‍ നിന്നും ഇന്ന് ഇവിടെ വരെ എത്തിയത് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഇത് ദൈവത്തിന്റെ ദാനമായാണ് ഇപ്പോള്‍ തോന്നുന്നത്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു മനോജിന്റെ അച്ഛന്‍. നന്നേ ചെറുപ്പത്തില്‍ അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തമെല്ലാം അമ്മ ഒറ്റക്ക് ഏറ്റെടുത്താണ് നടത്തിയത്. മനോജിന്റെ മാതാപിതാക്കളുടെ സ്ഥാനത്ത് അമ്മ മാത്രമായിരുന്നു. അമ്മയുടെ കാര്യം പറഞ്ഞപ്പോള്‍ മനോജിന്റെ കണ്ണുകള്‍ നിറഞ്ഞു വന്നു. ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് അമ്മയുടെ കാരുണ്യം കൊണ്ടു മാത്രമാണ്. സ്വന്തം ജീവിതം എനിക്കായി ഉഴിഞ്ഞു വെച്ച അമ്മ ഇന്നും എന്നെ സഹായിക്കാനായാണ് പ്രയത്‌നിക്കുന്നത്. അമ്മ ദു:ഖിച്ചിരുക്കുേേമ്പാഴാണ് ഞാന്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത്. ഞാന്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് അമ്മ ആഹ്ലാദവതിയായിരിക്കുമ്പോഴും. അതു കൊണ്ടു തന്നെ അമ്മയുടെ ആഗ്രങ്ങള്‍ക്കായി എന്നും ഞാന്‍ ഒപ്പമുണ്ടാകും. മനോജ് മനസു കൊണ്ട് ഉറപ്പു പറയുന്നു.

image


ചെറിയ ക്ലാസുകളില്‍ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നതു കൊണ്ട് പഠനത്തിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍ മുതിര്‍ന്ന ക്ലാസുകളിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ ദുഷ്‌കരമായി. 1992ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. അപ്പോഴും ബുദ്ധിമുട്ടുകള്‍ തന്നെ അലട്ടിക്കൊണ്ടിരുന്നു. വീട്ടില്‍ കൃഷിയില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് അമ്മ എന്റെ ഫീസിനായുള്ള പണം അയച്ചിരുന്നത്. എന്നാല്‍ ചിലപ്പോള്‍ കൃഷി മോശമാകുന്ന സമയത്ത് അമ്മക്ക് പണം അയക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തരത്തില്‍ കയറ്റിറക്കങ്ങളിലൂടെ ഒരു വിധം എന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കി. പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ജോലിക്കായുളള അലച്ചില്‍ തുടങ്ങി. എന്നാല്‍ ജോലിയുടെ വാതില്‍ എങ്ങും തുറന്നില്ല. അപ്പോഴാണ് തനിക്ക് പാട്ടു പാടാന്‍ കഴിവുണ്ടെന്ന കാര്യം മനോജ് തിരിച്ചറിയുന്നത്. ആയിടക്ക് ഒരു പരിപാടിയില്‍ പാടിയതിന് 1400 രൂപ കിട്ടി. അക്കാലത്ത് അത്രയും കാശ് കയ്യില്‍ കിട്ടിയപ്പോള്‍ എന്തു കൊണ്ട് തനിക്ക് ഒരു ഗായകനായി മാറിക്കൂടാ എന്ന ചിന്ത മനസിലേക്ക് കടന്നു വന്നു. അച്ഛന്റെ സംഗീത പാരമ്പര്യം നിലനിര്‍ത്താന്‍ ഉറപ്പിച്ച മനോജ് ഡല്‍ഹിയിലേക്ക് വണ്ടി കയറി. ചെറിയ ഒരു മുറിയില്‍ താമസിച്ച് എല്ലാ ദിവസവും തന്റെ പാട്ട് മറ്റുള്ളവരെ കേള്‍പ്പിക്കാനായി മനോജ് പോകുമായിരുന്നു. പലയിടത്തു നിന്നും അവഗണനയായിരുന്നു ഫലം. ചില ഓഫീസുകളില്‍ നിന്ന് ഇറക്കി വിട്ടിട്ടു പോലുമുണ്ട്. എന്നാല്‍ പോലും മനോജിന്റെ മനസ് പരാജയം സമ്മതിക്കാന്‍ ഒരുക്കമായിരുന്നില്ല. ഒരു ദിവസം എനിക്കുള്ളതാണെന്ന തിരിച്ചറിവില്‍ മനോജ് ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു. സി സീരീസിന്റെ ഉടമ ഗുല്‍ഷന്‍ കുമാറിനെ കണ്ടു. അദ്ദേഹം തന്റെ പാട്ടു കേട്ടു. അദ്ദേഹം പുറത്തിറക്കിയ തന്റെ പാട്ട് സൂപ്പര്‍ ഹിറ്റായി മാറി. അവിടുന്നങ്ങോട്ട് തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറി. പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ നാലു വര്‍ഷങ്ങളാണ് തന്റെ ജീവിതം കരുപ്പിടിപ്പിച്ചതെന്ന് മനോജ് വ്യക്തമാക്കുന്നു.

image


സ്വപ്നങ്ങള്‍ മരിച്ചു പോകുന്നതാണ് ഏറ്റവും അപകടകരം എന്ന പഞ്ചാബി കവി അവ്താര്‍ സിംഗ് പാഷയുടെ വാക്കുകള്‍ തനിക്ക് ഒരു വഴികാട്ടിയാണ്. ജീവിതത്തില്‍ തനിക്ക് മൂന്ന് സ്വപ്നങ്ങളാണുണ്ടായിരുന്നത്. തന്റെ പാട്ട് വലിയ വീട്ടിലെ ഒരു പെണ്‍കുട്ടി തന്റെ പാട്ട് കേട്ട് ഇഷ്ടപ്പെടുക എന്നതും അമിതാബ് ബച്ചനെ കണ്ട് അഭിഷേകിനെ പരിചയപ്പെടണമെന്നുമായിരുന്നു ആ ആഗ്രഹങ്ങള്‍ രണ്ടും സഫലമായി. അമിതാബ് ബച്ചനിലൂടെ യാഷ് രാജ് ഫിലിംസുമായി സഹകരിക്കാനായി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ കാണണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം ഇതു വരെ അതിനു സാധിച്ചില്ല. തന്റെ മാതൃഭാഷയായ ഭോജ്പുരിയെ ഒരു ഭാഷയായി ഏവരും അംഗീകരിക്കുക എന്നതിനുള്ള ശ്രമത്തിലാണ് ഇന്ന് മനോജ്. ഭോജ്പുരി തന്റെ മാതാവിന് സമമായി കണ്ട് അതിനുള്ള ശ്രമത്തിലാണ് മനോജ്. 22-24 കോടി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷക്കായി പ്രധാനമന്ത്രി മുന്‍കയ്യെടുക്കണമെന്നാണ് മനോജിന്റെ ആവശ്യം. ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ഥമായി കലര്‍പ്പില്ലാതെ പൂര്‍ണ ആത്മസമര്‍പ്പണത്തോടെ ചെയ്താല്‍ വിജയം ഉറപ്പാണെന്നാണ് മനോജ് നല്‍കുന്ന പാഠം.