കാഴ്ചവൈകല്യമുള്ളവര്‍ക്ക് 14 വയസുകാരന്റെ വിലമതിക്കാനാകാത്ത സമ്മാനം

0

ഒരു 14 വയസ്സുകാരന്‍ സ്വന്തമായി ഒരു കമ്പനി നടത്തുന്നു എന്നു കേട്ടാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുമോ? അതെ നിങ്ങള്‍ക്ക് അത് വിശ്വസിക്കേണ്ടി വരും കാരണം അത് സത്യമാണ്. സ്‌കൂളിലെ സയന്‍സ് ഫെയര്‍ പ്രോജക്ടിന് വേണ്ടിയാണ് ശുഭം ബാനര്‍ജി ഒരു ബ്രെയ്‌ലി പ്രിന്റര്‍ ഡിസൈന്‍ തയ്യാറാക്കിയത്. അന്ന് അവന് വെറും 12 വയസായിരുന്നു പ്രായം. ഇന്ന് അവന്റെ 14ാം വയസ്സില്‍ അവന്‍ പതിവായി സ്‌ക്കൂളില്‍ പോകുന്ന ഒരു കുട്ടിയല്ല. കാരണം തന്റെ ബിസിനസിന്റെ വളര്‍ച്ചയ്ക്കായി കഠിനമായി പ്രയത്‌നിക്കുകയും വെന്‍ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍, എഞ്ചിനിയര്‍മാര്‍ എന്നിവരുമായുളള ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള തിരക്കിലുമാണവന്‍. 'ബ്രെയിഗോ ലാബ്‌സ്' എന്നാണ് കമ്പനിയുടെ പേര്. ഇത് കാലിഫോര്‍ണിയയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റല്‍ കോര്‍പ്പ് പോലും ഈ കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നു!

തന്റെ സ്‌ക്കൂള്‍ പ്രോജക്ടില്‍ എന്താണ് ചെയ്യുക എന്ന് ആലോചിച്ചിരിക്കുകയായിരുന്നു ശുഭം. അവന്‍ അച്ഛനമ്മമാരോട് ഒരു ചോദ്യം ചോദിച്ചു അന്ധരായ ആളുകള്‍ എങ്ങനെയാണ് വായിക്കുന്നത്? 'ഗൂഗിളില്‍ നോക്കൂ', അവര്‍ അവനോട് പറഞ്ഞു. ഒരുപാട് ഓണ്‍ലൈന്‍ അന്വേഷണങ്ങള്‍ക്ക് ശേഷം കുറച്ചു കാര്യങ്ങള്‍ അവന്‍ മനസ്സിലാക്കി. ഒരു ബ്രെയ്‌ലി പ്രിന്ററിന്റെ വില 2000 ഡോളറാണ്. 'ഇങ്ങനെ ഒരു ഉപകരണത്തിന് വില ഇല്ലാതിരുന്നെങ്കില്‍ എന്നു ഞാന്‍ ഒരു നിമിഷം ഓര്‍ത്തു. വളരെ ലളിതമായ രീതിയില്‍ ഇത് നിര്‍മ്മിക്കാന്‍ എനിക്ക് സാധിക്കും.', ഡെയ്‌ലി മെയ്‌ലിനു നല്‍കിയ അഭിമുഖത്തില്‍ ശുഭം പറഞ്ഞു.

ലീഗോ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് ചിലവു കുറഞ്ഞ ബ്രെയ്‌ലി പ്രിന്ററുകള്‍ നിര്‍മ്മിക്കുന്നത്. 350 ഡോളര്‍ മാത്രം ചിലവു വരുന്ന ഒരു ഭാരം കുറഞ്ഞ ഡെസ്‌ക്ക് ടോപ്പ് പ്രിന്റര്‍ നിര്‍മ്മിക്കാനും ശുഭം ഉദ്ദേശിക്കുന്നു. ഈ പദ്ധതിക്കായി 5 എഞ്ചിനിയര്‍മാരെ നിയമിച്ചിട്ടുണ്ട്. പ്രിന്റ് ചെയ്യുന്നതിനു മുമ്പ് ഇലക്‌ട്രോണിക് അക്ഷരങ്ങളെ ബ്രെയ്‌ലി രൂപത്തിലാക്കുന്ന ഒരു ഡെസ്‌ക്ക് ടോപ്പ് പ്രിന്റര്‍ അവന്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഒരു കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണില്‍ നിന്നോ മഷിക്കു പകരം ഉയര്‍ന്ന ഡോട്ടുകള്‍ ഉപയോഗിച്ച് പേപ്പറില്‍ പ്രിന്റ് ചെയ്യാവുന്നതാണ്. കാഴ്ച്ചശക്തി ഇല്ലാത്തവര്‍ക്കു വേണ്ടി നിലവിലുള്ള പഠന രീതികള്‍ക്ക് മാറ്റം വരുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഈ 14കാരന്‍. 'സ്‌ക്കൂള്‍ കഴിഞ്ഞുള്ള എല്ലാ തൊട്ടടുത്ത ദിവസങ്ങളിലും ഞങ്ങള്‍ നിക്ഷേപകരെ കാണാനായി പോകാറുണ്ട്.' ദി ഗാര്‍ഡിയനോട് ശുഭം പറയുന്നു.