അച്ഛനും മകളും ചേര്‍ന്ന് തുടങ്ങിയ ബ്രാന്‍ഡഡ് സ്‌പോര്‍ട്‌സ് ചപ്പല്‍സ്..

0


ലളിത് കിഷോറിനെപ്പോലെ മറ്റാര്‍ക്കും തന്നെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വെയര്‍ വ്യവസായത്തെക്കുറിച്ച് അത്രകണ്ട് അറിയില്ല. രാജ്യാന്തര സ്‌പോര്‍ട്‌സ് ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡുകളായ നികേ, ലോട്ടോ തുടങ്ങിയവയെ ഇന്ത്യയില്‍ അവതരിപ്പിച്ചത് അദ്ദേഹമാണ്. സ്‌പോര്‍ട്‌സ്!വെയര്‍ വ്യവസായ രംഗത്ത് 25 വര്‍ഷത്തെ അനുഭവ പരിചയം അദ്ദേഹത്തിനുണ്ട്. നികേലിന്റെ സാധനങ്ങള്‍ വില്‍ക്കാന്‍ ഇന്ത്യയില്‍ അനുമതി ലഭിച്ച വില്‍പ്പനക്കാരന്‍ എന്ന നിലയിലായിരുന്നു വ്യവസായ രംഗത്തെ ലളിതിന്റെ തുടക്കം. അവിടെനിന്നും അദ്ദേഹം സിഎഫ്ഒ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് വരെയെത്തി. ലോട്ടോയുടെ ഉടമസ്ഥതയിലുള്ള സ്‌പോര്‍ട്‌സ് ലൈഫ്‌സ്‌റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (SLPL) മാനേജിങ് ഡയറക്ടര്‍ കൂടിയാണ് ഇന്നു ലളിത്.

2011 ലാണ് ലളിതും അദ്ദേഹത്തിന്റെ മകളായ ആയുഷി കിഷോറും ചേര്‍ന്ന് ഗ്ലോബലൈറ്റ് ആശയം പ്രാവര്‍ത്തികമാക്കിയത്. ഡല്‍ഹിയിലെ ശ്രീരാം കോളജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടി പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍ ആയുഷി. ഇന്ത്യയില്‍ പേരെടുത്തു പറയത്തക്ക സ്‌പോര്‍ട്‌സ് ചെരുപ്പുകളുടെ ബ്രാന്‍ഡുകള്‍ ഒന്നുമില്ലെന്നു മനസ്സിലാക്കിയതോടെയാണ് പുതിയൊരു ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ ഇരുവരും തയാറായത്. ഉണ്ടായിരുന്ന ഏതാനും പ്രശസ്തമായ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. വളരെ കുറച്ച് ഇടത്തരം ബ്രാന്‍ഡുകള്‍ മാത്രമാണ് ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയില്‍ സാധനങ്ങള്‍ നല്‍കിയിരുന്നത്.

വിപണിയിലെ സാധ്യതകള്‍ മനസ്സിലാക്കിയ അച്ഛനും മകളും ഗ്ലോബലൈറ്റ് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. ഗ്ലോബലൈറ്റ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചു. ഗ്ലോബലൈറ്റിന്റെ ചെരുപ്പുകള്‍ക്ക് 499 മുതല്‍ 999 രൂപ വരെയാണ് വില. നിര്‍മാണ സ്ഥലത്തുനിന്നും നേരിട്ട് വിപണിയിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന ഒരേയൊരു ബ്രാന്‍ഡാണ് ഗ്ലോബലൈറ്റ്. അതിനാലാണ് ഗ്ലോബലൈറ്റ് ചെരുപ്പുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് വിലക്കുറവില്‍ ലഭിക്കുന്നത്. ഇന്നു ഈ കമ്പനി ദിനംപ്രതി 7000 ജോഡി ചെരുപ്പുകള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നുണ്ട്.

വെബ്, ആപ്, ടിവി, നേരിട്ടുള്ള വിപണി എന്നിവയിലൂടെയാണ് ഗ്ലോബലൈറ്റിന്റെ 70 ശതമാനവും കച്ചവടം നടക്കുന്നത്. നാലുവര്‍ഷങ്ങള്‍ക്കു മുന്‍പുവരെ 60 ശതമാനം ബിസിനസും പരമ്പരാഗത ഓഫ്!ലൈന്‍ ചാനലുകളിലൂടെയായിരുന്നു. എന്നാല്‍ ഇന്നു 70 ശതമാനം കച്ചവടവും ഓണ്‍ലൈന്‍ വഴിയാണ്. 20 ശതമാനം മറ്റു നൂതന കച്ചവട മാര്‍ഗ്ഗങ്ങളിലൂടെയാണെന്നും ആയുഷി പറയുന്നു.

ടെലിവിഷനുകള്‍ ഇന്ത്യന്‍ വ്യാപാര രംഗത്തിന്റെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നുണ്ട്. 5000 കോടി രൂപയുടെ വരുമാനമാണ് നിലവില്‍ ടെലിവിഷന്‍ ചാനലുകളിലൂടെ ചിലര്‍ നേടിയെടുത്തത്. ടെലിവിഷനിലൂടെയുള്ള വാണിജ്യത്തിലെ 30 ശതമാനവും ചെരുപ്പുകളും ലൈഫ്‌സ്‌റ്റൈല്‍ സാധനങ്ങളുമാണ്. അതിനാല്‍ തന്നെ ഈ രംഗത്ത് ഗ്ലോബലൈറ്റിന് വലിയ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയതായും ആയുഷി പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ 100 കോടിയുടെ വില്‍പ്പനയാണ് ഗ്ലോബലൈറ്റ് നടത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 60 കോടിയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ചെരുപ്പുകള്‍ മുതല്‍ സ്‌പോര്‍ട്‌സ് ചെരുപ്പുകള്‍ വരെ എല്ലാ തരത്തിലുള്ള ചെരുപ്പുകളും ഗ്ലോബലൈറ്റ് നിര്‍മിച്ചു നല്‍കുന്നു.

ഫാക്ടറിയില്‍ 500 തൊഴിലാളികള്‍ ജോലി ചെയ്യുന്നു. രാജ്യാന്തര ട്രെന്‍ഡുകള്‍ക്കും ഫാഷനുകള്‍ക്കും അനുസരിച്ച് സാധനങ്ങളില്‍ മാറ്റം വരുത്തുവാന്‍ നിര്‍ദേശം തരുന്ന ആര്‍ ആന്‍ഡ് ഡി ടീം ചൈനയിലുണ്ട്. ഇന്ത്യയിലെ ഡിസൈന്‍ ടീമിന് ഇവരുടെ നേതൃത്വം ഏറെ സഹായം ചെയ്യുന്നുവെന്നും ആയുഷി പറഞ്ഞു.

ഇന്ത്യയില്‍ പുതുതായൊരു ബ്രാന്‍ഡ് കൊണ്ടുവരിക എന്നത് വെല്ലുവിളിയായിരുന്നു. മെട്രോ നഗരങ്ങളിലും വളര്‍ന്നുവരുന്ന മറ്റു നഗരങ്ങളിലും പുതിയൊരു ബ്രാന്‍ഡ് പുറത്തിറക്കി ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത ഉണ്ടാക്കുക ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിലക്കുറവും മികച്ച ഉല്‍പ്പന്നങ്ങളും വിപണിയില്‍ വിജയം നേടാനാകുമെന്നു ഉറപ്പുണ്ടായിരുന്നതായും ആയുഷി വ്യക്തമാക്കി.

സ്വയം ഉല്‍പ്പാദനം നടത്തി വിപണിയിലിറക്കിയതും നല്ലൊരു ആര്‍ ആന്‍ഡി ഡി ടീമും ഉണ്ടായതും നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്കെത്തിച്ചതും വ്യവസായ രംഗത്ത് ശ്കതമായി വേരുറപ്പിക്കാന്‍ ഗ്ലോബലൈറ്റിനെ സഹായിച്ചു.