ഗ്രാമീണജനതക്ക് അനുഗ്രഹമായി ജനത ചുല്‍ഹ പുകയില്ലാ അടുപ്പുകള്‍

1

ഗ്രാമത്തിലൂടെയുള്ള ഒരു യാത്രയില്‍ വാര്‍ധക്യത്തിന്റെ വിഷമതകള്‍ സഹിച്ച്‌ കരിയും പുകയും ശ്വസിച്ച് ഒരു വൃദ്ധന്‍അടുപ്പില്‍ തീയൂതുന്ന കാഴ്ചയാണ് പുകയില്ലാത്ത ജന്‍ത ചുല്‍ഹ സ്‌മോക് ലെസ്സ് സ്റ്റൗവിന്റെ ജനനത്തിന് മഹേന്ദ്ര പ്രതാപ് ജയ്‌സ് വാളിന് പ്രചോദനമായത്. രാജ്യത്ത് 90 ശതമാനം സ്ത്രീകളും പുകയും കരിയുമുള്ള അടുപ്പുകളുടെ ബുദ്ധിമുട്ട് നേരിടുന്നതായി മനസിലാക്കിയതോടെ മഹേന്ദ്ര പ്രതാപ് ഈ വിഷയത്തക്കുറിച്ച് കൂടുതലായി ചിന്തിച്ചു. ഇത്തരം അടുപ്പുകള്‍ സ്ത്രീകളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കാഴ്ച ശക്തി മങ്ങുന്നതിനും കാരണമാകുന്നുവെന്നുകൂടി മനസിലാക്കിയതോടെ ഇതിനൊരു പോംവഴി കണ്ടെത്തുകയായി ലക്ഷ്യം. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം 1.3 മില്ല്യണ്‍ ആളുകള്‍ വീടിനുള്ളില്‍ നിന്നുള്ള മലിനീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നുണ്ട്. ചിലയിനം വിറകുകള്‍, ചാണക വരളികള്‍, അശാസ്ത്രീയമായി നിര്‍മിച്ചിട്ടുള്ള അടുപ്പുകള്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെ വിഷപ്പുകയും സ്ത്രീകള്‍ ശ്വസിക്കേണ്ടി വരുന്നുണ്ട്.

ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമെയാണ് സ്ത്രീകളുടെ സമയവും അധ്വാനവും ഇതിനുവേണ്ടി പാഴാകുന്നത്. 2013ലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ എന്‍ ജി സ്റ്റാറ്റിറ്റിക്‌സ് പ്രകാരം 800 മില്ല്യണിലധികം ആളുകളും ഇപ്പോഴും പരമ്പരാഗത രീതികള്‍ തന്നെയാണ് ആഹാരം പാകം ചെയ്യാന്‍ ഉപയോഗിച്ച് വരുന്നത്. ഇതില്‍ വിറക്, മരക്കരി, ചാണകവരളി എന്നിവയെല്ലാം ഉള്‍പ്പെടുന്നു. മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റൗ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ വരുമാനത്തിന്റെ 30 ശതമാനമാണ് നഷ്ടമാകുന്നത്.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് അരവിന്ദ് സാഗര്‍ ജയ്‌സ്വാളും അദ്ദേഹത്തിന്റെ മകന്‍ സൗരഭ് സാഗര്‍ ജയ്‌സ്‌വാളും ചേര്‍ന്ന് നാവ് ദുര്‍ഗാ മെറ്റല്‍ ഇന്‍ഡ്‌സ്ട്രീസിന് തുടക്കം കുറിച്ചത്. ജന്‍ത ചുല്‍ഹ സ്‌മോക് ലെസ്സ് സ്റ്റൗ എന്ന ആശയത്തിനുടമ സൗരഭിന്റെ ഭാര്യാ പിതാവായ മഹേന്ദ്ര പ്രതാപ് ജയ്‌സ് വാള്‍ ആണ്.

തങ്ങളുടെ ഉത്പന്നം സ്ത്രീകള്‍ക്ക് അടുക്കളയില്‍ സംരക്ഷണവും സമയലാഭവും മികച്ച ആരോഗ്യവും പ്രദാനം ചെയ്തതിനോടൊപ്പം വരുമാനം മിച്ചപിടിക്കാനും സഹായിച്ചുവെന്നതായിരുന്നു ആദ്യഘട്ടത്തില്‍ കൂടുതല്‍ പ്രചോദനം നല്‍കിയത്. മാത്രമല്ല കുറഞ്ഞ ചെലവില്‍ വിപണിയില്‍ ഇവ ലഭ്യമാക്കാനായതും മികച്ച പ്രതികരണം സൃഷ്ടിക്കാനായി. 500 രൂപക്കാണ് സ്റ്റൗ വില്പന നടത്തിയത്. ഗ്യാസ് സ്റ്റൗവിന് സമാനമായി തന്നെ ഇത് പ്രവര്‍ത്തിക്കുമെന്നുള്ളത് ഒരു മികച്ച ഗുണമായി പലരും കണക്കാക്കി. അതായത് നീല നിറത്തിലുള്ള ഫ്‌ളെയിം ഉത്പാദിപ്പിക്കുന്ന സ്റ്റൗ പ്രവര്‍ത്തിപ്പിച്ച് അഞ്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കത്തുമെന്നതും ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ഉമി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ട് മറ്റ് പരമ്പരാഗത അടുപ്പുകളേക്കാള്‍ വീടിനുള്ളിലെ മലിനീകരണം കുറക്കുന്നതിലും ഇത് ഫലം കണ്ടു. പ്രകൃതി ദത്തമായ ഉപകരണമാണെങ്കിലും ആധുനിക രീതിയിലുള്ള സംവിധാനത്തിന് തുല്യമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതായിരുന്നു വിപണി പിടിച്ചടക്കാന്‍ കാരണമായത്.

നിലവില്‍ ഉമി ഉപയോഗിച്ച് പുകയില്ലാത്ത അടുപ്പ് നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരേ ഒരു കമ്പനി മാത്രമാണ് നാവ് ദുര്‍ഗ. ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംരംഭം പ്രതീക്ഷിച്ചതാനേക്കാള്‍ വിജയം കാണാന്‍ തുടങ്ങിയപ്പോള്‍ മഹേന്ദ്ര പ്രതാപ് ജയ്‌സ് വാളിന്റെ മകന്‍ വിഭോര്‍ ജയ്‌സ് വാള്‍ കൂടി എക്‌സിക്യൂട്ടീവ് ഡയറക്ടറായി നാവ് ദുര്‍ഗയില്‍ പങ്കുചേര്‍ന്നു. ഹ്യൂമന്‍ റിസോഴ്‌സില്‍ എം ബി എ ഉണ്ടായിരുന്ന വിഭോര്‍ സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചിട്ടാണ് അച്ഛനൊപ്പം ചേര്‍ന്നത്.

വിഭാറിന്റെ വരവോടെ സംരംഭം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനായി. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമുണ്ടായിരുന്ന ഇന്‍ഡസ്ട്രീസിന്റെ ശാഖകള്‍ എട്ട് സംസ്ഥാനങ്ങലിലേക്ക് കൂടി വളന്നു. നിലവില്‍ ബീഹാര്‍, ഉത്തരാഖണ്ഡ്, ഒഡീഷസ ഛത്തീസ്ഗഡ്, കര്‍ണാടക, ആസാം, മേഖാലയ എന്നിവിടങ്ങളിലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 30,000 വീടുകളിലും 1,80,000 പേര്‍ക്ക് നേരിട്ടും ഉത്പന്നം എത്തിക്കാന്‍ നാവ് ദുര്‍ഗക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നും പുക മലീനീകരണം ഉണ്ടാക്കുന്നില്ല എന്നു മാത്രമല്ല, സ്റ്റൗവില്‍ നിന്നും പുറത്തള്ളപ്പെടുന്ന ചാരം മണ്ണിന് ഫലഭൂയിഷ്ടി ഉണ്ടാക്കുന്നതുമാണെന്നത് കര്‍ഷകര്‍ക്ക് പ്രയോജനമായി. അവരിത് വളമായി ഉപയോഗിക്കാനും ആരംഭിച്ചു. സ്റ്റൗ വന്നതോടെ പ്രതിവര്‍ഷം 60000 ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ പുറംതള്ളല്‍ ഒഴിവാക്കാമെന്നും 20 മരത്തിന്റെ വിറകിന് തുല്യമായ ഊര്‍ജ്ജം ലഭ്യമാക്കാമെന്നും 730 മണിക്കൂര്‍ പാചകത്തില്‍ ലാഭിക്കാനാകുമെന്നുമാണ് കണക്കുകള്‍.

2016 ആകുമ്പോഴേക്കും രണ്ട്‌ ലക്ഷത്തോളം സ്റ്റൗ ഇന്ത്യയിലുടനീളം വിതരണം ചെയ്യുകയാണ് ലക്ഷ്യം. കാര്‍ഷികാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന മറ്റ് അടുപ്പുകളുടെ നിര്‍മാണവും നാവ് ദുര്‍ഗ പരീക്ഷിക്കുന്നുണ്ട്. ആവശ്യക്കാരുടെ ഉപയോഗത്തിനനുയോജ്യമായ വലുപ്പത്തില്‍ നിര്‍മിച്ച് നല്‍കാനും പദ്ധതിയിടുന്നുണ്ട്.