ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും

ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും

Thursday August 31, 2017,

1 min Read

കേരളമാകെ ഓണം ആഘോഷിക്കുമ്പോള്‍ കാടിന്റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനിക്കുകയാണ് സര്‍ക്കാര്‍. 1,55,471 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായമായ സ്ത്രീപുരുഷന്‍മാരായ 51,476 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യും. 17.17 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 26 ന് വൈകിട്ട് നാലിന് ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നടക്കും. 

image


പട്ടികജാതി/പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ ഓണക്കിറ്റ് വിതരണവും, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഓണക്കോടി വിതരണവും നടത്തും. എസ് രാജേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷനാവും. ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാകേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട മന്ത്രി, എംഎല്‍എമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിതരണോദ്ഘാടനം നടക്കും. ഒന്‍പത് സാധനങ്ങള്‍ ഉള്ള 849 രൂപയുടെ ഓണക്കിറ്റാണ് നല്‍കുന്നത്. സ്ത്രീകള്‍ക്ക് 815 രൂപയുടെയും പുരുഷന്‍മാര്‍ക്ക് 670 രൂപയുടെയും ഓണക്കോടി നല്‍കും. 15 കിലോ അരി, ചെറുപയര്‍ (500 ഗ്രാം), പഞ്ചസാര (500 ഗ്രാം), മുളകുപൊടി (200 ഗ്രാം), ശര്‍ക്കര (500 ഗ്രാം), വെളിച്ചെണ്ണ (1 കി.ഗ്രാം), ഉപ്പ് പൊടി (1 കിലോ ഗ്രാം), പരിപ്പ് (250 ഗ്രാം), ചായപ്പൊടി (200 ഗ്രാം) എന്നിവയാണ് ഓണക്കിറ്റ്. 13.19 കോടി രൂപ ഇതിനായി അനുവദിച്ചു. ഓണക്കിറ്റ് സിവില്‍ സപ്ലൈസില്‍ നിന്നും ഓണക്കോടി ഹാന്റെക്‌സില്‍ നിന്നുമാണ് വാങ്ങിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഓണക്കോടി നല്‍കുന്നതിനുള്ള തുക അനുവദിച്ചിട്ടുള്ളത്. ഓണക്കിറ്റ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത്. ആഗസ്റ്റ് 30ന് വിതരണം പൂര്‍ത്തിയാക്കും.