കേരള ട്രാവല്‍മാര്‍ട്ട് ഒന്‍പതാം എഡിഷന്‍ കാത്ത് വ്യവസായ ലോകം

കേരള ട്രാവല്‍മാര്‍ട്ട് ഒന്‍പതാം എഡിഷന്‍ കാത്ത് വ്യവസായ ലോകം

Wednesday December 02, 2015,

2 min Read

വിവിധ വ്യവസായ പങ്കാളികള്‍ സമ്മേളിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ടിന്റെ ഒന്‍പതാം എഡിഷന്‍ 2016 സെപ്തംബര്‍ 28 മുതല്‍ 30 വരെ കൊച്ചിയിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഉത്തരവാദിത്ത ടൂറിസത്തിന്റെ പുത്തന്‍ സാധ്യതകള്‍ മേളയില്‍ ചര്‍ച്ചചെയ്യും. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

image


ടൂറിസം വ്യവസായ പങ്കാളികളായ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍, ഹൗസ്‌ബോട്ടുകള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, സാംസ്‌കാരിക കലാകേന്ദ്രങ്ങള്‍ തുടങ്ങിയവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയും ലോകമെമ്പാടുനിന്നുമുള്ള ഉപഭോക്താക്കളുമായി സംവദിക്കാന്‍ അവസരമൊരുക്കുകയുമാണ് ട്രാവല്‍മാര്‍ട്ട് ചെയ്യുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള 1100 ഓളം ഉപഭോക്തൃ പങ്കാളികള്‍ പങ്കെടുക്കുമെന്നു കരുതുന്ന മേളയില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടും.

ദൈവത്തിന്റെ സ്വന്തം നാട് ജനങ്ങളുടെ സ്വന്തം ടൂറിസം എന്ന സന്ദേശവുമായി നടക്കുന്ന വിസിറ്റ് കേരള പ്രചാരണത്തിന് ആക്കം കുട്ടാനും ഉത്തരവാദ ടൂറിസത്തിന് കൂടുതല്‍ മാനങ്ങള്‍ നല്‍കാനും മേള സഹായിക്കും. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി 1100 ബയേഴ്‌സ് മേളക്കെത്തും.

image


ആയുര്‍വേദവും വിനോദോപാധികളുമുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന കേരളത്തെ വിവാഹങ്ങള്‍ക്കും മധുവിധു ചെലവഴിക്കുന്നതിനും ഏറ്റവുമനുയോജ്യമായ സ്ഥലമായി മേളയില്‍ അവതരിപ്പിക്കും. ആഗോള ടൂറിസം വിപണിയിലെ പുതിയ പ്രവണതകള്‍ക്കനുസരിച്ചുള്ള പ്രചാരണത്തിലൂടെ വിപണിയിലെ കേരളത്തിന്റെ പങ്ക് 5,000 കോടി രൂപ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. വരും വര്‍ഷങ്ങളിലെ പങ്കാളിത്തം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയ, ബ്രസീല്‍, ചിലി, ചൈന, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഗള്‍ഫ്, നോര്‍വേ, പോളണ്ട്, സൗത്ത് ആഫ്രിക്ക, സ്വീഡന്‍, യുഎസ്എ എന്നിവിടങ്ങളിലെ പുതിയ വിപണികളില്‍ കേരളട്രാവല്‍മാര്‍ട്ട് ശ്രദ്ധ ചെലുത്തുമെന്നുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.

17 ശതമാനമാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം. ഫ്രാന്‍സും അമേരിക്കയും ജര്‍മനിയുമാണ് തൊട്ടുപിന്നില്‍. അമേരിക്കയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം രണ്ടു വര്‍ഷം കൊണ്ട് സാരമായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. വിമാനയാത്ര ചെലവു കുറഞ്ഞതാക്കാന്‍ സ്വകാര്യ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തും.

സര്‍ക്കാരും വ്യവസായ പങ്കാളികളും കൂട്ടായി നടത്തുന്ന പരിശ്രമത്തിന്റെ ഫലമാണ് കെ ടി എമ്മിന്റെ വിജയമെന്ന് കെ ടി എം പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ്ജ് പറഞ്ഞു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ട്രാവല്‍മാര്‍ട്ട് ഒറ്റ വിനോദസഞ്ചാരകേന്ദ്രത്തിനു മേലുള്ള ഇന്ത്യയിലെ ഏക ടൂറിസം മേളയാണ്. ഈ വര്‍ഷം കൊച്ചി സാമുദ്രിക കണ്‍വെഷന്‍ സെന്ററിലെ 75,000 ചതുരശ്ര അടി സ്ഥലത്ത് സജ്ജീകരിക്കുന്ന ശീതീകരിച്ച പവലിയനില്‍ 268 സ്റ്റാളുകളും ഫുഡ് കോര്‍ട്ടും മാധ്യമങ്ങള്‍ക്കുള്ള മുറിയും മറ്റുസൗകര്യങ്ങളും ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കള്‍ തിരെഞ്ഞെടുക്കുന്ന പ്രദര്‍ശനങ്ങള്‍ മാത്രം സന്ദര്‍ശിച്ച് നേരിട്ട് ടൂറിസം വ്യാപാരികളുമായി മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ചകള്‍ നടത്തുന്ന ഹോസ്റ്റഡ് ബയര്‍ പ്രോഗ്രാം കേരള ട്രാവല്‍ മാര്‍ട്ടിന്റെ സവിശേഷതയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്തൃ പങ്കാളികള്‍ക്ക് താമസവും പ്രാദേശിക ഗതാഗതസൗകര്യവും മേളയ്ക്കു ശേഷം ഫെമിലിയറൈസേഷന്‍ ടൂറും ട്രാവല്‍മാര്‍ട്ട് നല്‍കും.

ജനുവരി 5 മുതല്‍ ഉപഭോക്തൃ പങ്കാളികള്‍ക്ക് കേരള ട്രാവല്‍ മാര്‍ട്ടിലേക്ക് രജിസ്റ്റര്‍ ചെയ്യാം. ഓരോ അപേക്ഷയും പ്രത്യേക സമിതിയുടെ പരിശോധനക്ക് വിധേയമാകും. ടൂറിസം വ്യാപാരികള്‍ക്കുള്ള സെല്ലര്‍ രജിസ്‌ട്രേഷന്‍ 2016 ഫെബ്രുവരിയില്‍ ആരംഭിക്കും.