കളിക്കളം വിളിച്ചു; തെരുവിന്റെ മക്കള്‍ക്ക്‌കൈത്താങ്ങായി മാത്യുവിന്റെ മാജിക് ബസ്

കളിക്കളം വിളിച്ചു; തെരുവിന്റെ മക്കള്‍ക്ക്‌കൈത്താങ്ങായി മാത്യുവിന്റെ മാജിക് ബസ്

Saturday October 17, 2015,

2 min Read

കളിച്ചു നടക്കരുതെന്ന് നാം സാധാരണ കുട്ടികളോട് പറയാറുണ്ട്. എന്നാല്‍ മുംബൈയിലെ തെരുവിന്റെ മക്കള്‍ക്ക് ഇന്ന് കളിക്കളം ഒരു കളരിയാണ്, ജീവിതവീക്ഷണം തന്നെ മാറ്റുന്ന പഠനക്കളരി. കായിക വിനോദത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയര്‍ന്ന ഒരുകൂട്ടം കുരുന്നുകളുടെ കഥയാണ് മാജിക് ബസിന് പറയാനുള്ളത്. പേരുപോലെ തന്നെ എല്ലാം ഒരു മാജിക്ക് പോലെയാണെന്ന് ഓര്‍ക്കാനാണ് മാത്യു സ്‌പൈസി എന്ന വലിയ ഹൃദയത്തിന്റെ ഉടമക്കിഷ്ടം. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴികളില്‍ അകപ്പെട്ട തെരുവോരങ്ങളില്‍ ജീവിതം പുകഞ്ഞു തീര്‍ക്കേണ്ട ലക്ഷണക്കണക്കിന് കുരുന്നുകളെയാണ് ഇദ്ദേഹം പ്രകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കുട്ടികള്‍ക്ക് കായിക വിനോദത്തിലൂടെ അറിവ് പകര്‍ന്നു നല്‍കി അവരുടെ സ്വഭാവവും മാനസികാവസ്ഥയും ജീവിത സാഹചര്യങ്ങളും കുടുംബാന്തരീക്ഷവുമെല്ലാം മാറ്റിയെടുക്കന്‍ മാത്യുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സന്‍മനസിനും സാധിച്ചു.

image


കഥയിങ്ങനെ- ഇന്ത്യയുടെ നാഷണല്‍ റഗ്ബി ടീമില്‍ അംഗമായിരുന്നു മാത്യു സ്‌പൈസി. പതിവായി പരിശീലനം നടത്തുന്ന മുംബൈയിലെ ഫാഷന്‍ സ്ട്രീറ്റിന് സമീപത്തെ തെരുവോരങ്ങളില്‍ കഴിയുന്ന കുട്ടികളെ മാത്യു തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു. മാത്യു അവരെ കളിയിലേക്ക് ക്ഷണിച്ചു. ക്രമേണെ കുട്ടികളും മാത്യുവിനൊപ്പം പരിശീലനത്തില്‍ പങ്കുചേരാന്‍ തുടങ്ങി. മാത്യുവാകട്ടെ അവരെ നിരാശപ്പെടുത്തിയില്ല. അവര്‍ക്കുവേണ്ട പ്രോത്സാഹനവും സഹായവുമെല്ലാം നല്‍കി കുട്ടികളെ തന്നോടൊപ്പം ചേര്‍ക്കാനായി പിന്നീടുള്ള ശ്രമങ്ങള്‍. അധികം വൈകാതെ തന്നെ കുട്ടികളില്‍ മാറ്റം കണ്ടുതുടങ്ങി. കുട്ടികള്‍ ഓരോരുത്തരും തങ്ങളോടൊപ്പമുള്ള മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും കളിയില്‍ പരസ്പരം സഹായിക്കുന്നതും അവരുടെ മാനസിക വളര്‍ച്ചയിലും പ്രവര്‍ത്തികളിലും കാര്യമായ മാറ്റം ഉണ്ടാകുന്നതും മാത്യുവിന് ശുഭ സൂചനകള്‍ നല്‍കി. പിന്നീടുള്ള പത്ത് വര്‍ഷങ്ങള്‍ക്കുശേഷം 1999ല്‍ മാജിക് ബസ് എന്ന സംഘടന തന്നെ വികസിപ്പിച്ചെടുക്കാന്‍ മാത്യുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി.

image


കളിക്കു പുറമെ വിദ്യാഭ്യാസവും ആരോഗ്യ കാര്യങ്ങളുമെല്ലാം ക്രമേണെ കുട്ടികള്‍ മനസിലാക്കാന്‍ തുടങ്ങി. കളിയിലൂടെ കുട്ടികളെ പഠിപ്പിക്കാന്‍ മാത്യുവിനായി എന്നു തന്നെ പറയാം. പിന്നീട് പ്രാദേശികാടിസ്ഥാനത്തില്‍ താല്‍പര്യമുള്ള യുവാക്കളെ പങ്കെടുപ്പിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം എന്നീ കാര്യങ്ങളില്‍ പരിശീലനം നല്‍കി. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നെത്താന്‍ അവസരം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളെയും പരിപാടിയുടെ ഭാഗവാക്കാക്കാന്‍ മാത്യുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി. ഇതിനായി കുട്ടികള്‍ക്കൊപ്പം അവരുടെ മാതാപിതാക്കള്‍ക്കായും ബോധവല്‍കരണ പരിപാടികളും ക്യാമ്പെയിനുകളുമെല്ലാം സംഘടിപ്പിക്കുകയാണ് മാത്യു നേതൃത്വം നല്‍കുന്ന മാജിക് ബസ് ചെയ്തത്.

കുട്ടികള്‍ വളര്‍ന്ന് വലുതായതോടെ അവരെ സ്വന്തം നിലയില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുകയും മറ്റുള്ളവരോടൊപ്പം ജോലി തേടാനും എല്ലാ മേഖലകളിലും പങ്കെടുക്കാനും അവരെ പ്രാപ്തരാക്കി എന്ന ആത്മസംതൃപ്തിയിലാണ് മാജിക് ബസ്. മാജിക് ബസിലെ അംഗങ്ങളുടെ എണ്ണം കൂടിയതോടെ ഇവരുടെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളുണ്ടാക്കി അതിനനുസരിച്ച് പരിശീലനവും പഠനവും നല്‍കി.

image


ഇനി മാജിക് ബസിന്റെ ഇന്നത്തെ അവസ്ഥ നോക്കാം. 2,50,000 കുട്ടികള്‍ ഇന്ന് മാജിക് ബസില്‍ അംഗങ്ങളാണ്. ഇതിന് പുറമെ 19 സംസ്ഥാനങ്ങളിലായി 8000ഓളം യുവാക്കളും ഇതിന്റെ ഭാഗഭക്കായിട്ടുണ്ട്. മാത്യുവിന് തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ പിന്തുണ ലഭിച്ചത് ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനമായ കോക്‌സ് ആന്‍ഡ് കിംഗ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ്. പിന്നീട് ക്ലിയര്‍ ട്രിപ്പില്‍നിന്നും പിന്തുണ ലഭിച്ചു. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി സ്‌പോര്‍ട്‌സിനെ മാറ്റിയെടുക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് മാത്യു സ്‌പൈസി.