ഡോറയും പ്രിയതാരങ്ങളും മാജിക് പ്ലാനറ്റില്‍ ആര്‍ത്തുല്ലസിച്ചു; ദൃശ്യോത്സവമായി റിഥം ഓഫ് വണ്ടേഴ്‌സ്

ഡോറയും പ്രിയതാരങ്ങളും മാജിക് പ്ലാനറ്റില്‍ ആര്‍ത്തുല്ലസിച്ചു; ദൃശ്യോത്സവമായി റിഥം ഓഫ് വണ്ടേഴ്‌സ്

Monday February 22, 2016,

1 min Read


കൊച്ചുകൂട്ടുകാരുടെ പ്രിയ മിത്രം ഡോറ മാജിക് പ്ലാനറ്റിലൂടെ അതാ പ്രയാണം നടത്തുന്നു! കുഞ്ഞിക്കണ്ണുകള്‍ വിസ്മയത്താല്‍ തിളങ്ങി. മുതിര്‍ന്നവര്‍ കൈയടിച്ചു. ടെലിവിഷനില്‍ മാത്രം കണ്ടുപരിചയിച്ച കാര്‍ട്ടൂണ്‍ കൂട്ടുകാരായ ഡോറയും മിന്നിയും യെല്ലോ ഡോളും മിക്കി മൗസും മാജിക് പ്ലാനറ്റിന്റെ വീഥിയിലങ്ങനെ ആര്‍ത്തുല്ലസിച്ച് നടക്കുന്നു. അവര്‍ കുട്ടിക്കൂട്ടുകാരെ കൈകാട്ടി വിളിച്ചു. ചിലരെ അടുത്തുവിളിച്ച് ഷേയ്ക്ക് ഹാന്റ് നല്‍കി. ചിലര്‍ പേടിച്ചു മാറി നിന്നപ്പോള്‍ മാജിക് പ്ലാനറ്റിന്റെ ഭാഗ്യചിഹ്നം ഹാരി എന്ന കുട്ടിപ്പയ്യന്‍ സ്‌നേഹപൂര്‍വം ഇവരെ പരിചയപ്പെടുത്തി.

image


ഇവരോടൊപ്പം നീണ്ട നിരയില്‍ പിന്നെയും വര്‍ണവിസ്മയങ്ങള്‍ കെട്ടിയാടി ഒട്ടേറെ താരങ്ങള്‍. പ്ലാനറ്റിലെ മുഴുവന്‍ ഇന്ദ്രജാലക്കാര്‍ക്കൊപ്പം ഭാരതത്തിന്റെ വേഷവൈവിധ്യത്തിന്റെ പരിച്ഛേദമായെത്തിയ പ്ലാനറ്റിലെ ജീവനക്കാരും കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റും കുറുവടി പ്രയോഗവും കേരള കലകളുടെ പ്രതീകമായി മോഹിനിയാട്ടവും തെയ്യവും കൂടിയായപ്പോള്‍ പരേഡ് വൈവിധ്യങ്ങളുടെ സമ്മേളനമായി. അക്ഷരാര്‍ത്ഥത്തില്‍ മാജിക് പ്ലാനറ്റില്‍ ഇന്നലെയെത്തിയ കാണികള്‍ക്കിത് ഒരു ദൃശ്യോത്സവം തന്നെയായിരുന്നു.

മാജിക് പ്ലാനറ്റിന്റെ പ്രതിദിന സായാഹ്ന പരിപാടിയായ റിഥം ഓഫ് വണ്ടേഴ്‌സിലെ വിശേഷങ്ങളാണിവയൊക്കെ. മാജിക് പ്ലാനറ്റിലെ ജീവനക്കാരും ഇന്ദ്രജാലകലാകാരന്മാരും അണി നിരക്കുന്ന മാജിക്കല്‍ പരേഡായ റിഥം ഓഫ് വണ്ടേഴ്‌സിന് ഇന്നലെ സമാരംഭമായി. പ്രശസ്ത സംവിധായകനായ മേജര്‍ രവി ഹാരിക്ക് വര്‍ണ ബലൂണുകള്‍ കൈമാറി പരേഡിന് തുടക്കം കുറിച്ചു. പ്ലാനറ്റിന്റെ പരിപാടിയിലെ അടുക്കും ചിട്ടയുമായി നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയായാണ് ഈയൊരു പരേഡ്. വിസ്മയങ്ങളുടെ ലോകം കാണാനെത്തിയ സന്ദര്‍ശകര്‍ക്ക് ഹൃദയം കൊണ്ട് ഓരോരുത്തരും നന്ദി പറയുകയാണ് ഈ പരേഡിലൂടെ സാധ്യമാക്കിയിരിക്കുന്നതെന്നും റിഥം ഓഫ് വണ്ടേഴ്‌സ് ഉദ്ഘാടനം ചെയ്തു കൊണ്ട് മേജര്‍ രവി പറഞ്ഞു. ചടങ്ങില്‍ മാന്ത്രിക സാന്നിദ്ധ്യമായി ഗോപിനാഥ് മുതുകാടും അണിചേര്‍ന്നു.

image


മാജിക് പ്ലാനറ്റിലെ വിഭവങ്ങളില്‍ ഏറ്റവും അവസാനത്തെ ഇനമായാണ് മാജിക്കല്‍ പരേഡ് സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാദിവസവും വൈകുന്നേരം 4.45നാണ് പരേഡ് യാത്ര തിരിക്കുന്നത്. കൊട്ടാരമാതൃകയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നിന്നുകൊണ്ട് മാജിക് പ്ലാനറ്റിന്റെ ഭാഗ്യചിഹ്നമായ ഹാരി എന്ന കുട്ടിപ്പയ്യനാണ് പരേഡ് നയിക്കുന്നത്. സംഗീതത്തിന്റെ അകമ്പടിയോടെ പ്രത്യേക താളത്തില്‍ നൃത്തം ചെയ്ത് പ്ലാനറ്റ് സന്ദര്‍ശകര്‍ക്ക് നന്ദി സൂചകമായി അഭിവാദ്യങ്ങള്‍ നേര്‍ന്നുകൊണ്ടാണ് പരേഡ് യാത്രതിരിക്കുന്നത്.