കഥ പറഞ്ഞ് കാഴ്ച്ചപ്പാട് മാറ്റിയ കഥാലയം

0

കഥകേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് കഥ. ഗീത രാമാനുജന് അച്ഛനെക്കുറിച്ചുള്ള ഓര്‍മകളിലെല്ലാം കഥകളാണ് നിറഞ്ഞ് നിന്നിരുന്നത്. അച്ഛന്‍ തനിക്ക് ചരിത്രം പഠിപ്പിച്ച് തന്നിരുന്നത് നിരവധി കഥകളിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ അച്ഛന്‍ പഠിപ്പിച്ച ചരിത്രഭാഗങ്ങള്‍ ഒന്നും തന്നെ തന്റെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. അത് മായാതെ എന്നും കഥകളായി നിലനില്‍ക്കമെന്ന് ഗീതക്കുറപ്പുണ്ട്. ഈ ഉറപ്പാണ് കുട്ടികളെ കഥകളിലൂടെ പഠിപ്പിക്കാം എന്ന ചിന്ത ഗീതയിലേക്കെത്തിയതിന് പ്രധാന കാരണം. ഏതൊരു സംഭവവും ഒരു കഥയുമായി ബന്ധപ്പെടുത്തി മനസിലാക്കിയാല്‍ അത് മനസില്‍ നിന്നും മായാതെ നില്‍ക്കും. ഇത് കുട്ടികളില്‍ പ്രയോജനപ്പെടുത്തുകയായിരുന്നു ഗീതയുടെ ലക്ഷ്യം.

ഒരു ടീച്ചര്‍ എന്ന നിലയില്‍ കുട്ടികളിലേക്ക് അറിവ് വാരിവലിച്ച് കുത്തിനിറക്കാതെ അവര്‍ക്ക് മനസിലാകുംവിധം വളരെ ലളിതമായും മനസില്‍ തങ്ങി നില്‍ക്കുന്ന രീതിയിലും പറഞ്ഞുകൊടുക്കാനായിരുന്നു ഗീതയുടെ ശ്രമം. ഇതിനായി ഒരു പുതിയ പാഠ്യപദ്ധതി തന്നെ ഗീത രാമാനുജന്‍ ആവിഷ്‌കരിച്ചു. ഇത് കുട്ടികളിലേക്കെത്തിക്കാന്‍ കഥാലയ എന്ന സ്ഥാപനവും ആരംഭിച്ചു. കഥാലയ അക്ഷരാര്‍ഥത്തില്‍ കഥകളുടെ ആലയം തന്നെയായിരുന്നു.

ഏകദേശം 15 വര്‍ഷമായി അധ്യാപകരും എന്‍ ജി ഒ പ്രതിനിധികളും രക്ഷകര്‍ത്താക്കളുടെ സഹകരണത്തോടെ കഥാലയ പ്രവര്‍ത്തിച്ചുവരുന്നു. സമൂഹത്തിന് തന്നെ വലിയ മാറ്റമുണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് സ്ഥാപനം കാഴ്ചവെച്ചിട്ടുള്ളത്.

ടീച്ചറായ ഗീതക്ക് സ്ഥിരമായി പിന്‍തുടര്‍ന്നുപോന്ന പഠന രീതിയിലുളവാക്കിയ മടുപ്പാണ് ഇത്തരമൊരു രീതിയിലേക്ക് മാറാന്‍ കാരണമായത്. കഥക്കു പുറമെ പഠന കളരികളും പരിശീലങ്ങളും ഒക്കെ നല്‍കിയാണ് കഥാലയയില്‍ ക്ലാസ്സുകള്‍ നടത്തുന്നത്. കഥകള്‍ക്ക് പറയാനുള്ളത് മുഴുവന്‍ വസ്തുതകളാണ്. ഇവ കഥകളിലൂടെ എളുപ്പത്തില്‍ കുട്ടികളില്‍ എത്തുന്നു. കഥകള്‍ ശ്രോതാക്കളെ ആദ്യം ഉണര്‍ത്തുന്നു. അടുത്തത് എന്തെന്നുള്ള ആകാംക്ഷയും ശ്രോതാക്കളില്‍ ഉണ്ടാക്കുന്നു. കഥകളില്‍ ഒരു തുടക്കവും ഒരു അവസാനവും ഉണ്ട്. ആരംഭം മുതല്‍ കേള്‍ക്കുന്നവര്‍ക്ക് അതിന്റെ അവസാന ഭാഗം കേള്‍ക്കണമെന്ന നിര്‍ബന്ധം ഉണ്ടാകും. എന്നാല്‍ സാധാരണ പഠന രീതിയില്‍ തുടക്കത്തിനും ഒടുക്കത്തിനും പ്രസക്തിയില്ല. അതുകൊണ്ടു തന്നെ അത് അവസാനം വരെ കേള്‍ക്കാനുള്ള ആകാംക്ഷയും ശ്രോതാക്കളില്‍ ഉണ്ടാകണമെന്നില്ല.

പദ്ധതി ആളുകള്‍ ഇഷ്ടപ്പെട്ടുതുടങ്ങിയതോടെ സ്‌കൂളിന്റെ പ്രാമുഖ്യം വര്‍ധിച്ചു. പലരും ഈ രീതിയില്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ മുന്നോട്ടു വന്നു. തുടര്‍ന്ന് ഗ്രാമീണ മേഖയിലുള്ളവര്‍ക്ക് കൂടി പ്രയോജനപ്രദമായ രീതിയില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം വിപുലമാക്കി. സോഷ്യല്‍ സയന്‍സ്‌, പരിസ്ഥിതി പഠനം. ഭാഷാ പഠനം എന്നിവയെല്ലാം പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളികളിലൂടെയും തമാശകളിലൂടെയും പഠനം സാധ്യമാക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞു.

പരമ്പരാഗത ശൈലികളെ പിന്തുണക്കുന്നതും സംരക്ഷിക്കുന്നതുമായ പഠന രീതി പുതിയ ഡിജിറ്റല്‍ രീതിയിലുള്ള പഠനത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടി. മോഡേണ്‍ ക്ലാസ്സ് റൂമുകളിലെ കുട്ടികള്‍ യാന്ത്രികമായി മാത്രമാണ് പാഠ ഭാഗങ്ങള്‍ പഠിക്കുന്നത്. ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായി ആ ഉത്തരം മാത്രം പറയാനേ അവര്‍ക്ക് കഴിയുന്നുള്ളൂ. അതിനെക്കുറിച്ച് മറ്റൊന്നും സംസാരിക്കാന്‍ കഴിയാറില്ല. പുതിയ തലമുറ അവരുടെ ആശയവിനിമയ പാടവം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയാണുള്ളതെന്ന് ഗീത പറയുന്നു.

ഇത് മനസിലാക്കിയാണ് കവിതാലയ സ്റ്റോറി ടെല്ലിംഗ് അക്കാദമി ആരംഭിച്ചത്. ഈ പഠന രീതി കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് അക്കാദമിയുടെ ലക്ഷ്യം. ഇത് മികച്ച അംഗീകാരമാണ് സമൂഹത്തില്‍ ലഭിച്ചത്. ഏത് സാഹചര്യത്തില്‍ നിന്നും എത്തുന്ന കഥപറച്ചിലില്‍ താത്പര്യം പ്രകടിപ്പിച്ചെത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അത് അധ്യാപകരോ എന്‍ ജി ഒ പ്രതിനിധകളോ കോര്‍പ്പറേറ്റ് ഫ്രൊപഷണലുകളോ ആരായാലും പ്രോത്സാഹിപ്പിക്കും. വിദ്യാഭ്യാസം അല്ല മറിച്ച് മൂല്യ വര്‍ധിത സേവനമായാണ് ഇതിനെ കാണെണ്ടതെന്ന് അക്കാദമി വിലയിരുത്തി. കഥാലയയുടെ രീതികളുമായി പൊരുത്തപ്പെടാന്‍ തയ്യാറാകാത്തവര്‍ മനസിലാക്കേണ്ടത് നിങ്ങള്‍ ആരാണെന്നതോ എവിടെ ജോലി ചെയ്യുന്നു എന്നതോ വിഷയമല്ല, നിങ്ങള്‍ക്ക് ഒരു കഥ നന്നായി പറയാന്‍ കഴിയുമോ എന്നതിനാണ് പ്രാധാന്യം. നമ്മള്‍ പറയുന്ന കഥ കേള്‍ക്കുന്നവര്‍ക്ക് തിരികെ വീട്ടിലേക്ക് നടക്കുമ്പോഴും അവരുടെ ഹൃദയത്തിന്റെ ഒരു കോണില്‍ ആ കഥാ തന്തു അവശേഷിക്കുന്നുണ്ടെങ്കില്‍ അവിടെയാണ് നിങ്ങളുടെ വിജയമെന്ന് ഗീതാ രാമാനുജന്‍ വിശ്വസിക്കുന്നു.