വിള ഇന്‍ഷുറന്‍സ് ദിനാചരണം ജൂലൈ ഒന്നിന്

0

ജൂലൈ ഒന്നിന് എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തു ഭരണസമിതികളുടെയും കാര്‍ഷിക വികസന സമിതികളുടെയും നേതൃത്വത്തിലായിരിക്കും ദിനാചരണം. പുനരാവിഷ്‌കരിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതി മൂലം നഷ്ടപരിഹാര തുകയില്‍ ഇരട്ടി മുതല്‍ പതിമൂന്ന് ഇരട്ടി വരെയുളള വര്‍ദ്ധനവാണ് വിവിധ വിളകള്‍ക്ക് ഉണ്ടായിട്ടുളളത്. 

പ്രീമിയം നിരക്ക് സംസ്ഥാനത്തെ പ്രധാനപ്പെട്ട വിളകളായ നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവയുടെ കാര്യത്തില്‍ 1995 ല്‍ നിലവിലുണ്ടായിരുന്ന അതേ നിരക്ക് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. പുതുക്കിയവിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തിലെ മുഴുവന്‍ കര്‍ഷകരെയും അംഗങ്ങളാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് ദിനാചരണം നടത്തുന്നത്. കൃഷി വകുപ്പ് നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ നിര്‍ബന്ധമായും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിരിക്കണം. വരള്‍ച്ച, വെളളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യജീവി ആക്രമണം എന്നിവ കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിള ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരും. വിളകള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ രണ്ടാഴ്ചയ്ക്കകം നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. പൂര്‍ണനാശത്തിനാണ് നഷ്ടപരിഹാരം നല്‍കുക. കൃഷിഭവനിലാണ് വിള ഇന്‍ഷുറന്‍സ് ചെയ്യുതിനുളള അപേക്ഷ നല്‍കേണ്ടത്