തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രീപെയ്ഡ് ആംബുലന്‍സ് കൗണ്ടര്‍

0

രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രീപെയ്ഡ് ആംബുലന്‍സ് കൗണ്ടര്‍ തുടങ്ങാന്‍ തീരുമാനം. ഇനി മുതല്‍ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത ആംബുലന്‍സുകള്‍ക്ക് മാത്രമേ ആശുപത്രി കാമ്പസിനുള്ളില്‍ പ്രവേശനം അനുവദിക്കൂ. പോകുന്ന ദൂരത്തിനനുസരിച്ച് തുക യാത്രക്കാരന്‍ കൗണ്ടറില്‍ അടച്ചശേഷമാകും ആംബുലന്‍സ് സര്‍വീസ് നടത്തുക. ഇതുവഴി അമിതനിരക്ക് ഈടാക്കുന്നെന്ന പരാതി ഒഴിവാക്കാനാകും. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പുതിയ സംവിധാനം ഏറെ ആശ്വാസമാകും.മെഡിക്കല്‍ കോളേജ്, എസ്.എ.ടി, ആര്‍.സി.സി, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, ഡെന്റല്‍ കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒറ്റ യൂണിറ്റായി ആംബുലന്‍സ് കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഒരുസമയം അഞ്ച് ആംബുലന്‍സുകള്‍ കൗണ്ടറില്‍ ഉണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

ഒരു വാഹനഉടമക്ക് ഒരു ആംബുലന്‍സ് മാത്രമേ പ്രീപെയ്ഡ് കൗണ്ടര്‍ വഴി ഓടിക്കാന്‍ അനുവാദം നല്‍കുകയുള്ളൂ. കൗണ്ടറില്‍ ഒന്നാമത്തെ മുന്‍ഗണന എച്ച്.ഡി.സി മുഖേനയുള്ള ആംബുലന്‍സുകള്‍ക്കായിരിക്കും. സൗജന്യമായി സേവനം നടത്തുന്ന ആംബുലന്‍സുകള്‍ക്കാണ് രണ്ടാമത്തെ മുന്‍ഗണന. തുടര്‍ന്ന് ടേണ്‍ അനുസരിച്ച് മറ്റ് ആംബുലന്‍സുകള്‍ക്ക് നല്‍കും. ടേണ്‍ അനുസരിച്ച് പോയില്ലെങ്കില്‍ അടുത്ത റൊട്ടേഷന്‍ വന്നാലേ പോകാനാകൂ. സൗജന്യ ആംബുലന്‍സുകള്‍ക്ക് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സൗകര്യമേര്‍പ്പെടുത്തും.

കൗണ്ടറിലേക്കുള്ള ജീവനക്കാരെ എച്ച്.ഡി.എസ് വഴി നിയമിക്കും. ഇവര്‍ക്ക് ശമ്പളം നല്‍കാനായി ആംബുലന്‍സ് ഉടമകളില്‍ നിന്ന് നിശ്ചിത ശതമാനം തുക ഈടാക്കും. എല്ലാ മാസവും യോഗം ചേര്‍ന്ന് കൗണ്ടറിന്റെ പ്രവര്‍ത്തനം വിലയിരുത്താനും സംവിധാനമുണ്ടാകും. ആംബുലന്‍സിനോടൊപ്പമുള്ള അനുബന്ധ സേവനങ്ങളായ മൊബൈല്‍ മോര്‍ച്ചറിയുള്‍പ്പെടെയുള്ളവയ്ക്ക് നിരക്ക് ഏകീകരിക്കുന്ന കാര്യം രണ്ടാംഘട്ടത്തില്‍ ജില്ലാ ഭരണകൂടം തീരുമാനിക്കും.

കൗണ്ടര്‍ വഴി സര്‍വീസ് നടത്താന്‍ താല്‍പര്യമുള്ള ആംബുലന്‍സ് ഉടമകള്‍ ഡിസംബര്‍ 28നും ജനുവരി രണ്ടും ഇടയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. തിരുവനന്തപുരം നഗരസഭാ അതിര്‍ത്തിയില്‍ നവംബര്‍ 30ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ആംബുലന്‍സുകള്‍ക്കാണ് രജിസ്‌ട്രേഷന് അവസരമുള്ളത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ചുള്ള നിലവാരവും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും വാഹനത്തിനുണ്ടാകണം. വാഹനത്തിന്റെ ആര്‍.സി ഉടമക്ക് മാത്രമേ അപേക്ഷിക്കാനാകൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിസമയത്ത് മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ഓഫീസറുമായി ബന്ധപ്പെടണം. (ഫോണ്‍: 0471 2444270 (മെഡി. കോളേജ്). എക്സ്റ്റന്‍ഷന്‍ 8398).പ്രീപെയ്ഡ് സര്‍വീസുകളുടെ നിരക്ക് ആര്‍.ടി.ഒ നിശ്ചയിക്കും. മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനും ദുരുപയോഗവും അമിതനിരക്കും മല്‍സരവും തടയാനുമാണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്.