വരള്‍ച്ച നേരിടാന്‍ ജലസംരക്ഷണ ശീലങ്ങള്‍ വളര്‍ത്തണം : മന്ത്രി മാത്യു ടി തോമസ്  

0

വികസനത്തിന്റെ പേരില്‍ കേരളത്തിനുണ്ടായ പുതിയ ശീലങ്ങളാണ് ജല ദൗര്‍ലഭ്യത്തിന്റെ പ്രധാനകാരണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. കേരളസംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, പരിസ്ഥിതി സാക്ഷരതയുടെ ഭാഗമായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജലദിനത്തില്‍ സംഘടിപ്പിച്ച ജലസാക്ഷരതാ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലലഭ്യതയുടെ കാലത്ത് നമുക്കുണ്ടായ ശീലങ്ങള്‍ വരള്‍ച്ച നേരിടുന്ന ഈ കാലത്ത് നാം മാറ്റേണ്ടതുണ്ട്. 115 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് സംസ്ഥാനം ഇന്ന് നേരിടുന്നത്. ഇത് പരിഹരിക്കാന്‍ നാം ഓരേരുത്തരും തന്നെ വിചാരിക്കണം. സര്‍ക്കാര്‍ കുടിവെള്ളമായി നല്‍കുന്ന ജലമാണ് വാഹനങ്ങള്‍ കഴുകുന്നതിനും, തുണികഴുകുന്നതിനും കുളിക്കുന്നതിനും മറ്റും ജനങ്ങള്‍ ഉപയോഗിക്കുന്നത്. ശുദ്ധമായ കുടിവെള്ളം കിട്ടാത്ത, കുടിവെള്ള പദ്ധതികള്‍ ഫലം കാണാത്ത നിരവധി സ്ഥലങ്ങളിലെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് ജലം പാഴാക്കുന്നതെന്ന് എല്ലാവരും ചിന്തിക്കേണ്ടതുണ്ട്. വരള്‍ച്ച നേരിടുന്ന സമയത്ത് ഷവറില്‍ കുളിക്കുന്ന ശീലം ഒഴിവാക്കി ബക്കറ്റും കപ്പും ശീലമാക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ജലലഭിക്കുക എന്നത് മനുഷ്യന്റെ അവകാശമാണ് എന്നാല്‍ അത് പാഴാക്കാനുള്ള അവകാശം നമുക്കില്ല. ഉപയോഗിച്ച ജലം പുന:രുപയോഗിക്കാനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവിലുള്ള ജലസ്രോതസുകളുടെ നവീകരണത്തിനും ശുദ്ധീകരണത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതില്‍ കേരളത്തിലെ ജനങ്ങള്‍ പങ്കാളികളാകണമെന്നും മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി. ജലസാക്ഷരതാ പോസ്റ്റര്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകലയ്ക്ക് നല്‍കി മന്ത്രി പ്രകാശനവും നിര്‍വഹിച്ചു.

ജലസാക്ഷരതയുടെ അര്‍ത്ഥം മനസിലാക്കേണ്ടത് സാക്ഷരരായ ജനങ്ങള്‍ തന്നെയാണെന്ന് പരിപാടിയുടെ അധ്യക്ഷനായ ശ്രീ കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ജലക്ഷാമം എന്നു വിലപിക്കുന്ന നാം ജല സംരക്ഷണത്തിനായി എന്തെങ്കിലും പ്രവര്‍ത്തികല്‍ ചെയ്യുന്നുണ്ടോ എന്നു കൂടി ചിന്തിക്കേണ്ടതാണ്. ഇന്നത്തെ ജലക്ഷാമം ഇതാണെങ്കില്‍ നമ്മുടെ വരും തലമുറയുടെ കാര്യം കൂടി മനസിലാക്കിയിട്ടാകണം ജലം പാഴാക്കേണ്ടതെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല ജലസാക്ഷരതാ പദ്ധതിയുടെ വിശദീകരണം നടത്തി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സീനിയര്‍ പ്രിന്‍സിപ്പാള്‍ ശ്രീ കമലാക്ഷന്‍ കോക്കര്‍ ആശംസയര്‍പ്പിച്ചു. വിദ്യാര്‍ത്ഥി എ എസ് അനാമിക ചൊല്ലിക്കൊടുത്ത ജലസംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. യു റഷീദ് സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് ലേഖനമത്സരവും സമൂഹ ചിത്രരചനയും നടന്നു. പ്രമുഖ ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍, നേമം കൃഷ്ണന്‍നായര്‍, വിദ്യാര്‍ത്ഥികളായ ലക്ഷ്മി, മാളവിക എന്നിവര്‍ പങ്കെടുത്തു.

ജലസാക്ഷരതാ ദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോപ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി കെ മധു ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫര്‍ ശ്രീ സുരേഷ് സൂര്യശ്രീയ്ക്കുള്ള സാക്ഷരതാ മിഷന്റെ ഉപഹാരം മന്ത്രി മാത്യു ടി തോമസ് നല്‍കി.

ജലസുരക്ഷയ്ക്ക് ജലസംരക്ഷണം സെമിനാര്‍ ഹരിത കേരളം വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ അജയകുമാര്‍ വര്‍മ്മ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്ക് സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ ശ്രീ കെ അയ്യപ്പന്‍നായര്‍ നേതൃത്വം നല്‍കി. അസി. ഡയറക്ടര്‍ ഡോ. ജെ വിജയമ്മ സ്വാഗതവും തിരുവനന്തപുരം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ശ്രീ സി കെ പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.