വനിതാ സംരംഭകരായ ഓരോരുത്തരും പുതിയ പാതകള്‍ക്ക് വഴികാട്ടിയാവണം. പരമ്പരാഗത ആചാരങ്ങളുടെ പേരില്‍ സ്വയം തളച്ചിടരുത്– ലിസ സ്രായോ

വനിതാ സംരംഭകരായ ഓരോരുത്തരും പുതിയ പാതകള്‍ക്ക് വഴികാട്ടിയാവണം. പരമ്പരാഗത ആചാരങ്ങളുടെ പേരില്‍ സ്വയം തളച്ചിടരുത്– ലിസ സ്രായോ

Friday April 22, 2016,

5 min Read


മദ്യവ്യവസായം സ്ത്രീകള്‍ക്ക് അനുയോജ്യമായ മേഖലയല്ല എന്നുള്ള പ്രാചീന ചിന്താരീതികളെ മാറ്റിമറിച്ച വനിതയാണ് ലിസ. ഫസ്റ്റ് ബ്രാന്‍ഡ്ഡ് ബിവറേജസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ലിസ മദ്യവ്യവസായത്തിലെ നിയമങ്ങളെ പൊളിച്ചെഴുതി. 2010 ഓഗസ്റ്റിലാണ് ലിസ തന്റെ കമ്പനി തുടങ്ങിയത്. രാജ്യാന്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.

ഇന്ത്യന്‍ മദ്യവ്യവസായ രംഗത്തേക്ക് കടന്നുവന്ന തുടക്കത്തില്‍തന്നെ മദ്യത്തിന്റെ ഗുണനിലവാരവും വിലയും തമ്മില്‍ പൊരുത്തക്കേടുള്ളതായി ലിസ മനസ്സിലാക്കി. ഇന്ത്യയില്‍ ഉന്നത ഗുണനിലവാരമുള്ള മദ്യം ഉപയോഗിക്കപ്പെടുന്നില്ലെന്നു മനസിലാക്കി. ഇതാണ് ഇന്ത്യന്‍ മദ്യവ്യവസായ രംഗത്തേക്ക് കടന്നുവരാന്‍ ലിസയെ പ്രേരിപ്പിച്ചത്. വിലയ്‌ക്കൊത്ത ഗുണനിലവാരമുള്ള മദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.

പഞ്ചാബി സ്വദേശിയായ ലിസ ജനിച്ചതും വളര്‍ന്നതും യുകെയിലാണ്. ലണ്ടനിലായിരുന്നു താമസം. അപ്പോഴും സ്ഥിരമായി ഇന്ത്യയില്‍ വരാറുണ്ടായിരുന്നു. ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ ഈ യാത്രകള്‍ സഹായിച്ചു.

2003 ല്‍ വിവാഹം കഴിഞ്ഞശേഷം താമസം ഇന്ത്യയിലേക്ക് മാറ്റി. ഇസബെല്ല, മാര്‍കസ് എന്നീ രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കി. അമ്മയായിക്കഴിഞ്ഞപ്പോള്‍ ഒരുപാട് സമയം വെറുതെ ലഭിക്കുന്നതായി തോന്നി. ഈ സമയത്താണ് സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചത്.

കുട്ടിയായിരുന്ന സമയത്ത് ഒരു മറൈന്‍ ബയോളജിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വലുതായപ്പോള്‍ ബയോളജിയോടുള്ള താല്‍പര്യം നഷ്ടമായി. പിന്നീട് മാധ്യമരംഗത്തേക്ക് ചുവടുമാറ്റി. യുകെയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ വയാകോം, വിവെന്തി യൂണിവേഴ്‌സല്‍, ന്യൂസ് കോര്‍പറേഷന്‍ എന്നിവയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു.

image


ബിര്‍മിങ്ഹാമിലെ ആസ്റ്റോണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും മാനേജീരിയല്‍ അഡ്മിനിസ്‌ട്രേഷന്‍ സ്റ്റഡീസില്‍ ബിരുദം നേടിയ വ്യക്തിയാണ് ലിസ. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ലിസയും മദ്യവ്യവസായ രംഗത്തേക്ക് എത്തിയത്. 15 വര്‍ഷങ്ങള്‍ക്കുമുന്‍പ് യുകെയില്‍ അച്ഛന്‍ തുടങ്ങിയ ഡബിള്‍ ടച്ച് എന്ന ബീര്‍ ബ്രാന്‍ഡ് കമ്പനിയാണ് ലിസയ്ക്കു പ്രചോദനമായത്.

ഇന്ത്യയില്‍ എത്തിയപ്പോള്‍ രാജ്യാന്തരനിലവാരത്തിലുള്ള വ്യത്യസ്തമായ മദ്യ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിനു വളരെ ബുദ്ധിമുട്ടാണെന്നു മനസിലാക്കി. ഇന്ത്യന്‍ വിപണിയിലെ സാധ്യതകളും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഈ വിപണിയില്‍നിന്നും നല്ല ലാഭം നേടാന്‍ കഴിയുമെന്നും മനസിലാക്കി. രാജ്യാന്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള പാതയാണ് ഫസ്റ്റ് ബ്രാന്‍ഡ്‌സ് ബിവറേജസ് എന്ന സ്ഥാപനമെന്നു ലിസ പറയുന്നു.

ഗ്രാന്റണ്‍ വിസ്‌കി എന്ന ഉല്‍പ്പന്നം ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് 2010 ഓഗസ്റ്റിലാണ് ഫസ്റ്റ് ബ്രാന്‍ഡ്‌സ് ബിവറേജസ് ഇന്ത്യയില്‍ കടന്നുവന്നത്. ഇന്നു അവാര്‍ഡ് നേടിയ കമ്പനിയാണ് ഫസ്റ്റ് ബ്രാന്‍ഡ്‌സ് ബിവറേജസ്. മാത്രമല്ല, ഇന്ത്യയിലെ മദ്യ കമ്പനികളില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനവും. ഇന്നു കമ്പനിക്ക് സ്വന്തമായി നാലു മികച്ച ഉല്‍പ്പന്നങ്ങളാണുള്ളത്. ഒരു വിസ്‌കി ബ്രാന്‍ഡ്, മൂന്നു റോയല്‍സ്, ഒരു ഡീലക്‌സ് വിസ്‌കി ബ്രാന്‍ഡ് ആയ ഗ്രാന്റണ്‍. അടുത്തിടെ ഗ്രാന്റണിനു ഇന്‍ഡ്‌സ്പിരിറ്റ് 2014 അവാര്‍ഡ് ലഭിച്ചു.

ബിസിനസ് ചെയ്യാനായി ജനിച്ചവള്‍ എന്നാണെന്റെ വിശ്വാസം. പുരുഷന്മാര്‍ക്കു മാത്രം മേധാവിത്വമുള്ള ഈ രംഗത്ത് സ്ത്രീക്കു വിജയം നേടാന്‍ കഴിയില്ല എന്നുള്ള വെല്ലുവിളികളെ നേരിടാന്‍ എനിക്ക് ഇഷ്ടമാണെന്നും ലിസ പറയുന്നു.

ഫസ്റ്റ് ബ്രാന്‍ഡ്‌സ് ബിവറേജസിന്റെ ഓരോ ഘട്ടത്തിലും ലിസ കൂടെ നിന്നിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലും, വില്‍പനയിലും, മാര്‍ക്കറ്റിങ്ങിലും, ഉല്‍പ്പന്ന രൂപീകരണത്തിലും, പാക്കിങ്ങിലും തുടങ്ങി എല്ലാ ഘട്ടങ്ങളിലും ലിസയുടെ മേല്‍നോട്ടമുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി ദേശീയതലത്തിലും രാജ്യാന്തരതലത്തിലും ഉപദേഷ്ടാക്കളുടെ ഒരു ബോര്‍ഡ്തന്നെ ലിസയ്‌ക്കൊപ്പമുണ്ട്.

ഇപ്പോഴും ശിശുവായ ഒരു കമ്പനിയാണിത്. എന്നാല്‍ പെട്ടെന്നുതന്നെ വളരുന്നുണ്ട്. ഫസ്റ്റ് ബ്രാന്‍ഡ്‌സിന്റെ ഈ നാലാം വര്‍ഷത്തില്‍ വടക്കേ ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, അസം, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തെക്കേ ഇന്ത്യയിലെ ഗോവ, പോണ്ടിച്ചേരി തുടങ്ങി 5000 ഇടങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

ഇന്നു ഫസ്റ്റ് ബ്രാന്‍ഡ്‌സ് ബിവറേജസിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ലൊരു പേര് ഇന്ത്യന്‍ വിപണിയിലുണ്ട്. ഗ്രാന്റണ്‍ വിസ്‌കിയാണ് ഞങ്ങളുടെ ഏറ്റവും പ്രധാന ഉല്‍പ്പന്നം. ഡല്‍ഹി, രാജസ്ഥാന്‍, ത്രിപുര, മേഘാലയ തുടങ്ങി പതുക്കെ വടക്കേ ഇന്ത്യ മുഴുവനും വ്യാപിക്കുകയാണ് ഭാവിയിലെ പദ്ധതി. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളിലും സ്ഥാപനം തുടങ്ങാന്‍ ലക്ഷ്യമിടുന്നു. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 100 കോടി നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. മാത്രമല്ല ഭാവിയില്‍ ഇന്ത്യയിലെ 5 മുന്‍നിര മദ്യക്കമ്പനികളില്‍ ഒന്നാവുക എന്ന ലക്ഷ്യവുമുണ്ട്– ലിസ വ്യക്തമാക്കി.

 ജന്മനാ വ്യവസായിയാണ് ഞാന്‍, ചെയ്യുന്നതെന്താണോ അതു ഞാന്‍ ഇഷ്ടപ്പെടുന്നു

ഫസ്റ്റ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളെ വിപണി സ്വീകരിച്ചുകഴിഞ്ഞുവെന്നത് സത്യമാണ്. തുടരെ തുടരെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ എത്തുന്നത് ഇതിനു തെളിവാണ്. ഇതാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ഈ രംഗത്തെ വെല്ലുവിളികളും വ്യവസായത്തിന്റെ വ്യത്യസ്ത സ്വഭാവവും ഊര്‍ജസ്വലരായ ടീമും എനിക്ക് പ്രചോദനം നല്‍കുന്നു.

സ്റ്റീവ് ജോബ്‌സ് എനിക്ക് വളരെയധികം പ്രചോദനം നല്‍കിയ വ്യക്തിയാണ്. ഈ ലോകത്ത് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എപ്പോഴും അമിതാവേശമുള്ളവരായിരിക്കും. ഫസ്റ്റ് ബ്രാന്‍ഡ്‌സ് തുടങ്ങാനും ഇന്നു കാണുന്നിടത്ത് കൊണ്ടെത്തിക്കാനും സാധിച്ചത് എന്റെ ഈ മന്ത്രമാണ്.

കുട്ടിക്കാലത്ത് എന്നെ എപ്പോഴും ഒരു ആണ്‍കുട്ടിയെപ്പോലെയാണ് വീട്ടില്‍ പരിഗണിച്ചിരുന്നത്. ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളായിരുന്നു. വീട്ടിലെ കാര്യമായാലും മറ്റെന്തായാലും ഓരോന്നും ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം എന്നെയാണ് ഏല്‍പ്പിച്ചത്. ഇതാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. എന്റെ അച്ഛനാണ് എന്റെ ബലത്തിന്റെ ഉറവിടം.

ഭര്‍ത്താവും എനിക്ക് കരുത്താണ്. ഫസ്റ്റ് ബ്രാന്‍ഡ്‌സ് തുടങ്ങിയപ്പോള്‍ എനിക്ക് പല മീറ്റിങ്ങുകളിലും പങ്കെടുക്കേണ്ടി വന്നു. അപ്പോഴൊക്കെ എന്റെ സുരക്ഷ ഉറപ്പുവരുത്താനായി അദ്ദേഹം ഒപ്പം വന്നു. കമ്പനിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ തരണം ചെയ്യേണ്ടി വന്നപ്പോഴും അദ്ദേഹം എനിക്ക് പ്രോല്‍സാഹനം നല്‍കി

 മദ്യവ്യവസായ രംഗത്തെ വനിത എന്നത് ഏറ്റവും വലിയ വെല്ലുവിളി

image


ഫസ്റ്റ് ബ്രാന്‍ഡ്‌സ് ബിവറേജസിന്റെ തുടക്കത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടതായി വന്നു. ഈ രംഗത്തേക്ക് കടക്കരുതെന്നു പലരും ഉപദേശിച്ചു. നിക്ഷേപകരെ ലഭിക്കാനും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി വിതരണക്കാരെ ലഭിക്കാനും ബുദ്ധിമുട്ടുകള്‍ ഉണ്ടായി. എന്നാല്‍ എനിക്ക് നല്ല ധൈര്യമുണ്ടായിരുന്നു. കമ്പനി സ്ഥാപിക്കണം എന്ന തീരുമാനവുമായി മുന്നോട്ടുപോയി. എന്റെ കൈയ്യിലെ നിക്ഷേപം ഉപയോഗിച്ച് കമ്പനി തുടങ്ങി.

വര്‍ഷങ്ങള്‍ മുന്നോട്ടുപോകവെ ബിസിനസും മുന്നോട്ടു നല്ല രീതിയില്‍ വളരാന്‍ തുടങ്ങി. ആദ്യമൊക്കെ മറ്റുള്ളവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു മുന്നില്‍ ഫസ്റ്റ് ബ്രാന്‍ഡ്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസമുണ്ടായി. എന്നാല്‍ ഗുണനിലവാരവും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും ഇവയെല്ലാം മറികടക്കാന്‍ സഹായിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിനു രൂപയുടെ വിറ്റുവരവ് ഉണ്ടായി.

നാലാം വര്‍ഷമായ ഇപ്പോള്‍ അവാര്‍ഡുകളും ലഭിച്ചു. ബെസ്റ്റ് സ്റ്റാര്‍ട്ടപ് കമ്പനി, സ്പിരിറ്റ്‌സ് 2014 അവാര്‍ഡ്, ഇന്‍ഡ്‌സ്പിരിറ്റ് 2014 അവാര്‍ഡ്, ഫ്രാഞ്ചൈഴ്‌സ് ഇന്ത്യ 2014 അവാര്‍ഡ്. എട്ടു സംസ്ഥാനങ്ങളിലായി 5000 ശാഖകള്‍ ഇന്നു ഫസ്റ്റ് ബ്രാന്‍ഡ്‌സിനുണ്ട്.

പുരുഷമേധാവിത്വമുള്ള ഈ രംഗത്തെ ഒരു സ്ത്രീ എന്ന നിലയിലും നിരവധി വെല്ലുവിളികളെ ലിസയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വ്യവസായവുമായി പലരുടെയും അടുത്ത് പോയപ്പോള്‍ അവര്‍ എന്നെ പരിഹസിച്ചു. ഈ രംഗത്ത് എനിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നു പറഞ്ഞു. ഞാന്‍ പറയുന്നത് ആരും ഗൗരവമായി എടുത്തില്ല. വിതരണക്കാരുടെ മീറ്റിങ്ങുകളിലും അവര്‍ എന്റെ മാനേജരുമായിട്ടാണ് സംസാരിച്ചത്. കാരണം അദ്ദേഹം ഒരു പുരുഷനായിരുന്നു. ഇതിനാണു ഇന്നു മാറ്റമുണ്ടായത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വ്യവസായത്തില്‍ ഇനിയും നിരവധി മാറ്റങ്ങള്‍ ഉണ്ടാകും.

ഒരു സ്ത്രീ എന്ന നിലയില്‍ ജീവിതം പ്രയാസമാണോ അല്ലയോ എന്നു ചോദിച്ചാല്‍ ലിസയുടെ മറുപടി ഇങ്ങനം: ഞാന്‍ ഒരിക്കലും ഈ രീതിയില്‍ ചിന്തിച്ചിട്ടില്ല. 21–ാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ നിരവധിയാണ്. എനിക്ക് എന്നില്‍ തന്നെ മാറ്റം വരുത്താന്‍ കഴിയുമെങ്കില്‍ ഈ ലോകം എന്നെ ചുറ്റി വരും. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോവുകയാണ് പ്രധാനം. ജോലിക്കായി സമയം മാറ്റിവയ്ക്കുമ്പോഴും കുടുംബത്തിനൊപ്പം ചെലവഴിക്കാനുള്ള സമയവും മാറ്റിവയ്ക്കാറുണ്ട്.

ഒരിക്കലും പരമ്പരാഗത ആചാരങ്ങളുടെ പേരില്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. നിങ്ങളുടെ ശക്തിയെ തിരിച്ചറിഞ്ഞ് ബിസിനസില്‍ ശ്രദ്ധ വയ്ക്കുക. ഞാന്‍ വെല്ലുവിളികളെ ഏറ്റെടുത്ത് നിരന്തരം അതില്‍ നിന്നും പാഠം പഠിക്കാറുണ്ട്. എനിക്ക് ഇനിയും ഉയരത്തില്‍ എത്തണമെന്ന് ആഗ്രഹമുണ്ട്. അതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാഷനോടെ ജീവിക്കുക. എപ്പോഴും ശക്തരായിരിക്കുക. നല്ല കാഴ്ചപ്പാടും, ലക്ഷ്യവും, സ്വയം ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഏതു സ്ത്രീക്കും അവള്‍ ആഗ്രഹിക്കുന്നതെന്തും നേടാനാകും– ഇതാണ് സ്ത്രീകള്‍ക്കുള്ള ലിസയുടെ സന്ദേശം.

ഒരിക്കല്‍ ഞാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഒരു വാചകം വായിച്ചു. 'ഒരു ജനക്കൂട്ടത്തെ പിന്തുടര്‍ന്നുപോകുന്ന ഒരു സ്ത്രീ അവരോടൊപ്പം പോകും. എന്നാല്‍ തനിച്ച് നടക്കുന്ന ഒരു സ്ത്രീ അവള്‍ക്കായി ഒരു സ്ഥാനം കണ്ടെത്തും. മറ്റാരും ഇതിനു മു!ന്‍പ് കണ്ടെത്താത്തതായിരിക്കും അത്'. ഇതാണ് ജീവിതത്തില്‍ ഞാനും പിന്തുടര്‍ന്നത്.

ഫസ്റ്റ് ബ്രാന്‍ഡ്‌സ് എനിക്കെന്റെ കുഞ്ഞിനെപ്പോലെയാണ്. ഞാന്‍ എപ്പോഴും സ്വതന്ത്രരായും ശക്തരായും നില്‍ക്കുന്ന സ്ത്രീകളെ പ്രോല്‍സാഹിപ്പിക്കാറുണ്ട്. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നത് അവരുടെ വളര്‍ച്ചയ്ക്കു സഹായിക്കുമെന്നാണ് എന്റെ വിശ്വാസം.

പെയിന്റിങ് എനിക്ക് വളരെ ഇഷ്ടമാണ്. പെയിന്റിങ് എന്നു പറയുന്നത് ഒരു തരത്തിലുള്ള ധ്യാനം പോലെയാണ് എനിക്ക്. ബോറിസ് വാലിജോ, ജൂലി ബെല്‍ എന്നിവരുടെ ചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. യാത്രകള്‍ നടത്തുന്നതും പാചകത്തില്‍ സ്വയം നടത്തുന്ന പരീക്ഷണങ്ങളും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നെന്നും ലിസ പറയുന്നു.