കര്‍ഷകര്‍ക്കും തെളിനീരിനുമായി ജല്‍ ജാഗ്രതി അഭിയാന്‍

0

നാടിന്റെ സുരക്ഷ യുവാക്കളുടെ കൈകളിലാണെന്ന് തെളിയിച്ച് ജല്‍ ജാഗ്രതി അഭിയാന്‍. ചുട്ടുപൊള്ളുന്ന വരള്‍ച്ചയില്‍ നാട് വരണ്ടുണങ്ങിയപ്പോള്‍ കൂട്ടായ്മയുടെ തെളിനീര്‍ തെളിച്ചാണ് യുവാക്കള്‍ കര്‍ഷകരുടെ കണ്ണീരൊപ്പിയത്. ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2013ലാണ് യുവാക്കളുടെ കൂട്ടായ്മയായ ജല്‍ ജാഗ്രതി അഭിയാന്‍ (ജെ ജെ എ) ആരംഭിച്ചത്. അന്ന് മുതല്‍ വോളന്റിയര്‍മാരും കര്‍ഷകരും ദലജൗര്‍ലഭ്യം പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ ആരംഭിച്ചു. ലാത്തൂര്‍, മറാത്ത് വാഡ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവര്‍ത്തനം.

മൂന്ന് വര്‍ഷംകൊണ്ട് മൂന്ന് സംസ്ഥാനങ്ങളിലായി 17 നദികള്‍ പുനരുജ്ജീവിപ്പിക്കാന്‍ ജെ ജെ എക്ക് സാധിച്ചു. 2016ന്റെ തുടക്കത്തില്‍ വരള്‍ച്ചയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 28,000 ലധികം ഗ്രാമങ്ങള്‍ വരണ്ടുണങ്ങി. 2015ല്‍ രണ്ടായിരത്തിലധികം കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. വരള്‍ച്ചയുടെ തീവ്രത വര്‍ധിച്ചതോടെ ആരോഗ്യ രംഗത്തടക്കം ഗുരുതരമായ പ്രശ്‌നങ്ങളും സംസ്ഥാനത്തിന് നേരിടേണ്ടിവന്നു. വാട്ടര്‍ ടാങ്കുകളില്‍ വെള്ളമെത്തിക്കുന്നതും ആഴ്ചയില്‍ ഒരുദിവസമായി കുറഞ്ഞതോടെ ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് കാരണമായി.

പയറുവര്‍ഗങ്ങള്‍ വിളയുന്നതിന് പ്രസിദ്ധമായ സ്ഥലങ്ങളായിരുന്നു മറാത്ത്‌വാഡയും ലാത്തൂറും. എന്നാല്‍ വര്‍ഷങ്ങളും കഴിയുംതോറും വരള്‍ച്ചയുടെ തീവ്രത വര്‍ധിച്ചതോടെ കരിമ്പ് പോലുള്ള വളരെക്കുറച്ച് ജലംആവശ്യമുള്ള വിളകളിലേക്ക് കര്‍ഷകര്‍ മാറാന്‍ തുടങ്ങി. 2,200മില്ലിമീറ്റര്‍ മഴ മാത്രമാണ് കരിമ്പ് കൃഷിക്ക് വേണ്ടിയിരുന്നത്. മഹാരാഷ്ട്രയില്‍ 600 മുതല്‍ 700 വരെ മില്ലിമീറ്റര്‍ മഴമാത്രമാണ് ലഭിച്ചിരുന്നത്. കൃഷിക്കായി കുഴല്‍ക്കിണറുകള്‍ വഴി ഭൂഗര്‍ഭജലത്തെ ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ പതിയെ പതിയെ ഈ ഉറവയും വറ്റിത്തുടങ്ങിയതാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇതോടെ രാജ്യത്ത് പയറുവര്‍ഗങ്ങള്‍ക്ക് ദൗര്‍ലഭ്യവുമുണ്ടായി.

ആത്മഹത്യകള്‍ വര്‍ധിച്ചതാണ് മുംബൈയിലെ യുവാക്കളെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹാരം കാണാന്‍ അവര്‍ തീരുമാനിച്ചു. അതിനായി ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം തുടങ്ങി. ആരംഭത്തില്‍ ശ്രമം ഫലം കണ്ടില്ലെങ്കിലും തുടര്‍ച്ചയായ പരിശ്രമത്തിലൂടെ നാടിനെ രക്ഷിക്കാന്‍ അവര്‍ക്കായി. പിന്നീട് മറ്റ് ഗ്രാമങ്ങള്‍ക്ക്കൂടി മാതൃകയായി വളരാന്‍ ഈ പദ്ധതിക്ക്‌സാധിച്ചു.

പുനസ്ഥാപിക്കല്‍, പുന:ചംക്രമണം, പുനരുപയോഗം, മിതമായ ഉപയോഗം എന്നിവയിലൂടെയാണ് പദ്ധതി വിജയകരമാക്കാന്‍ സാധിച്ചത്. പഴയകൃഷി രീതികളിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ കര്‍ഷകരോട് ആഹ്വനം ചെയ്തു. ജലം സംരക്ഷിക്കാനും മിതമായ അളവില്‍ ജലമുപയോഗിച്ച് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ പഠിച്ചു. ജലാശയങ്ങള്‍ക്ക് ജീവന്‍ വെപ്പിക്കുകയും മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയും ക്രമേണ ജൈവ കൃഷിരീതികളിലേക്ക് മാറുകയുംചെയ്തതോടെ വരള്‍ച്ചയുടെ പിടിയില്‍ നിന്നും രക്ഷ നേടാന്‍ അവര്‍ക്ക് സാധിച്ചു.

ജെ ജെ എ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ കഴിഞ്ഞ മാസം വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ യുവാക്കള്‍ക്കായി മികച്ച സന്ദേശങ്ങളും കൈമാറി. അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതിനുപകരമായി കര്‍ഷകര്‍ക്കൊപ്പം സമയം ചെലവഴിക്കണം. സമൂഹത്തില്‍ നിന്നും പിന്തുണയും സ്‌നേഹവും ലഭിച്ചാല്‍ ഒരു കര്‍ഷകനും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ല. കൂട്ടായ പ്രവര്‍ത്തനം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരങ്ങലിലെ തിരക്കേറിയ ജീവിത്തതില്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് നാം ചിന്തിക്കാറില്ല. അദ്ദേഹത്തിന്റെ സന്ദേശം പലരുടേയും മനസില്‍ പുതിയ തുടക്കത്തിന് വഴിവെച്ചു. കര്‍ഷകരുടെ ഉന്നമനത്തിനായും സംസ്ഥാനത്തുടനീളം മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും ജെ ജെ എ വോളന്റിയര്‍മാര്‍ മുന്നിട്ടിറങ്ങി. ഭാരതീയ സംസ്‌കൃതിയുടെ വസുദൈവ കുടുംബകം എന്ന സങ്കല്‍പ്പമാണ് ഇവിടെ യാഥാര്‍ഥ്യമാകേണ്ടത്. ഓരോ വ്യക്തിക്കും രാജ്യത്തിന്റെ പുരോഗതിക്കായി ഓരോ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. ഇപ്രകാരം ഒരോരുത്തരും ശ്രമിച്ചാല്‍ വരള്‍ച്ചപോലുള്ള പ്രശ്‌നങ്ങളെ നിഷ്പ്രയാസം നേരിടാം.