ഹോണ്‍ വിമുക്ത ദിനം: വാഹന പ്രചരണ യാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗോഫ് ചെയ്യും

ഹോണ്‍ വിമുക്ത ദിനം: വാഹന പ്രചരണ യാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗോഫ് ചെയ്യും

Friday April 28, 2017,

2 min Read

അന്തര്‍ദേശീയ ശബ്ദ മലിനീകരണ അവബോധ ദിവസമായ ഏപ്രില്‍ 26 ഹോണ്‍ വിമുക്ത ദിനത്തിന് (NO HORN DAY) മുന്നോടിയായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വാഹന പ്രചരണ യാത്ര സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏപ്രില്‍ 22-ാം തീയതി ശനിയാഴ്ച രാവിലെ 7.30ന് വെള്ളയമ്പലം മാനവീയം വീഥിയില്‍ വച്ച് ഫ്‌ളാഗോഫ് ചെയ്യും. അമിത ശബ്ദം ഉണ്ടാക്കുന്ന വിവിധ പ്രശ്‌നങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധം വളര്‍ത്താനായാണ് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ വാഹന പ്രചരണ യാത്ര സംഘടിപ്പിക്കുന്നത്.

image


എല്‍.എന്‍.സി.പി.ഇ., ഇന്‍ഡസ് സൈക്കിള്‍ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടുകൂടി നടത്തുന്ന സൈക്കിള്‍ റാലി മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഫ്‌ളാഗോഫ് ചെയ്യും. സരസ്വതീ വിദ്യാലയം, സര്‍വോദയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും ഈ സൈക്കിള്‍ റാലിയില്‍ പങ്കെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് അമിത ശബ്ദത്തിനെതിരെ ബോധവത്ക്കരണം നടത്തും. നോ ഹോണ്‍ ഡേ പോസ്റ്ററുകളുടെ പ്രകാശനം മുന്‍ എം.എല്‍.എ. വി. ശിവന്‍കുട്ടി നിര്‍വഹിക്കും. എ.ഡി.ജി.പി. ബി. സന്ധ്യ ഐ.പി.എസ്. ചടങ്ങില്‍ പങ്കെടുക്കും.

കേരള സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഏപ്രില്‍ 26ന് ഹോണ്‍ വിമുക്ത ദിനം ആചരിക്കുന്നത്. അന്നേദിവസം എല്ലാ വാഹനങ്ങളും ഹോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹോണ്‍ വിമുക്ത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര ശബ്ദ മലിനീകരണ അവബോധ ദിവസമായ ഏപ്രില്‍ 26-ാം തീയതി വൈകുന്നേരം 5.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഭകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ ആഘോഷങ്ങളില്‍ വളരെക്കുറച്ച് ശബ്ദങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായുള്ള അവാര്‍ഡുകളും ഇതോടൊപ്പം വിതരണം ചെയ്യും.

ശബ്ദമലിനീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ മനസിലാക്കി അമിത ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന ഉച്ചഭാഷിണികള്‍, ആരാധനാലയങ്ങളിലെ അമിത ശബ്ദങ്ങള്‍, അനിയന്ത്രിതമായ ഹോണ്‍ മുഴക്കല്‍, മൊബൈല്‍ ഇയര്‍ഫോണിന്റെ ശബ്ദം കൂട്ടിയുള്ള ഉപയോഗം എന്നിവ പരമാവധി ഒഴിവാക്കി ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാകണമെന്ന് ദേശീയ സുരക്ഷിത ശബ്ദ പരിപാടിയുടെ ഐ.എം.എ. ദേശീയ കോ-ഓര്‍ഡിനേറ്ററും തിരുവനന്തപുരം ഐ.എം.എ.യുടെ പ്രസിഡന്റുമായ ഡോ. ജോണ്‍ പണിക്കരും സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണനും അഭ്യര്‍ത്ഥിച്ചു.